താരാനാഥ് ആർ
ഇത്തിരി നീലച്ചായം
പച്ചയും കലർത്തുന്നു.
ഇത്തിരി വെള്ളം ചേർത്തു
പരത്തിപ്പടർത്തുന്നു .
തെക്കെന്നോ കിഴക്കെന്നോ
ബാധകമല്ലാ ,
ചായം സ്വച്ഛമായ് പരക്കുന്നു
വ്യാകരിക്കുക വയ്യ !
കിളിയെ ഞാൻ വരക്കുന്നു
നീയതു പൂവാക്കുന്നു
ഇതൾ ഞാൻ പൂവിൽ ചേർത്താൽ
പർവ്വതമായീടുന്നു
പശ്ചാത്തലത്തിൽ സ്വൽപ്പം
പാറ ഞാൻ വരച്ചെന്നാൽ
കൊമ്പില്ലാതിരിക്കുന്നൊരാനപോൽ
അതു മാറും ..
അങ്ങനെ ഞാനും നീയും തർക്കിച്ചു രസിച്ചാലും,
നീ മരം വരക്കുമ്പോൾ
ഞാൻ മാനം മണക്കുന്നു .
നീ ജലം കുടയുമ്പോൾ
ഞാനതിൽ ലയിക്കുന്നു .
നീ വര നീട്ടി , മാനത്തമ്പിളി വരക്കുമ്പോൾ
ഞാനേതോ നിലാവത്ത്
നഗ്നനായ് വിലസുന്നു.
നിൻ്റെ വേഗത്തിൻ താളം
നിൻ്റെ താളത്തിൻ വേഗം
അക്ഷരമാക്കീടുമ്പോൾ
വാക്കുകൾ ജനിക്കുന്നു ..
നിൻ വരയെല്ലാം വാക്കായ്
തർജ്ജമപ്പെടുത്തുമ്പോൾ
നീ വ്യാസൻ , ഞാൻ ഇടംകൊമ്പറ്റ
വിഘ്നേശ്വരൻ!
ആദിമ പ്രപഞ്ചത്തിൻ നിറം നീ
കൂട്ടുന്നേരം
ബോധമണ്ഡലത്തിൽ ഞാൻ
തപസ്സാരംഭിക്കുന്നു !
യുഗങ്ങൾ കഴിഞ്ഞിട്ടു
ഞാനുണരുമ്പോഴാട്ടെ
സൂര്യനെ വരക്കുന്ന
കുട്ടിയാവുന്നു നീയും .