ചുവന്ന സുന്ദരി

ചുവന്ന സുന്ദരി

ദീപ വിഷ്ണു

മഴതന്ന തെളിച്ചമോ,

സൂര്യകിരണത്തിൻ തിളക്കമോ,

നിന്നന്തരംഗത്തിന്നാഴമോ,

ആദ്യാനുരാഗമോ

നിന്റെ ചുവപ്പിത്ര വശ്യമാക്കീ പൂവേ,

നിന്നെയിന്നേറ്റം പ്രിയദയാക്കീ?

നറുനിലാവിലെ മയക്കത്തിനാലോ പൂവേ,

നിദ്രയിലേ മധുരസ്വപ്നത്താലോ,

നിൻമൃദുകവിളുകൾക്കിന്നിത്ര അരുണിമ,

നിൻസുന്ദരവദനത്തിനിന്നീ ചാരുത?

നിന്നരികേപാറിയശലഭത്തിന്നധരത്തിൻ സ്പർശനമേറ്റുവോ,

അതോ, പൂങ്കരളിലേപ്രണയത്തിൻ ശോണിമയോ?

പ്രേമഭാവംനിറഞ്ഞ നിൻനോട്ടത്തിൽ

പ്രിയശലഭകുമാരനും പുളകിതനായ്;

നിൻമധുകണങ്ങൾ നുകരുന്നതോർത്താവാം,

കള്ളപ്പുഞ്ചിരിയൊന്നവൻചുണ്ടിൽ

മിന്നിമാഞ്ഞൂ;

ഉന്മാദലഹരിയോടവൻ നിന്നിലണഞ്ഞപ്പോൾ,

സുഗന്ധവർഷിണിയായ് അനുരാഗിണി നീ!