അജിന സന്തോഷ്
കുറേ നാളുകള്‍ക്ക് ശേഷമാണ് അവന്‍ നഗരത്തിരക്കിലേക്ക് എത്തുന്നത്.
ഒരു ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കുക എന്നതായിരുന്നു ഈ യാത്രയ്ക്ക് പിന്നിലുള്ള ഉദ്ദേശം.
ഒരു വലിയ കമ്പനിയുടെ പുതിയ ശാഖയിലേക്കുള്ള ജൂനിയര്‍ അക്കൗണ്ടന്‍റ് പോസ്റ്റിലേക്കുള്ളതായിരുന്നു ആ ഇന്‍റര്‍വ്യൂ.
ബികോമും ടാലിയും മാത്രം യോഗ്യതയുള്ള നാട്ടിന്‍പുറത്തുകാരനായ തനിക്ക് ആ ജോലി കിട്ടില്ല എന്ന് അവിടെയെത്തിയപ്പോള്‍ തന്നെ അവന് മനസ്സിലായി.
ഇന്‍റര്‍വ്യൂ ബോര്‍ഡിനു മുന്‍പില്‍ നിന്ന് കുനിഞ്ഞ ശിരസ്സുമായി ഇറങ്ങിയത് തിളച്ചു പൊന്തുന്ന ഉച്ചവെയിലിലേക്കായിരുന്നു.
അവന് വല്ലാത്ത പരവേശം തോന്നി.
ബാഗില്‍ നിന്ന് അമ്മ രാവിലെ നിര്‍ബന്ധിച്ച് കൊടുത്തു വിട്ട ജീരകവെള്ളത്തിന്‍റെ കുപ്പിയെടുത്ത് വായിലേക്ക് കമിഴ്ത്തി.
‘വിശന്നിട്ട് വയറെരിയുന്നല്ലോ. എന്തെങ്കിലും കഴിക്കാതെ മുന്നോട്ട് പോകാനാവില്ല. ടൗണില്‍ വന്നതല്ലേ ഒരു ബിരിയാണി കഴിക്കാന്‍ കഴിഞ്ഞെങ്കില്‍..’
മനസ്സില്‍ തോന്നിയ കൊതിയോടെ അവന്‍ പോക്കറ്റില്‍ കെെയ്യിട്ടു നോക്കി.
അമ്മയുടെ വിയര്‍പ്പിന്‍റെ മണമുള്ള മുഷിഞ്ഞ കുറച്ച് നോട്ടുകള്‍..
എണ്ണി നോക്കിയപ്പോള്‍ എഴുപത്തഞ്ച് രൂപ.
‘പതിനഞ്ച് രൂപ ബസ്സു കൂലിക്ക് വേണം. പിന്നെയുള്ളത് അറുപത് രൂപ. അതിനെവിടെ ബിരിയാണി കിട്ടാന്‍? ഒരു പകുതി ബിരിയാണി പോലും കിട്ടില്ല. ഉള്ളിലെ മോഹം അടക്കി വെച്ച് നാല്‍പ്പത് രൂപയ്ക്ക് ഊണു കിട്ടുന്ന ഏതെങ്കിലും ഒരു ചെറിയ ഹോട്ടലിലേക്ക് പോവുകയേ വഴിയുള്ളു.’
അവന്‍ ചുട്ടു പഴുത്ത റോഡിലൂടെ കാലുകള്‍ നീട്ടി വെച്ച് മുന്നോട്ട് നടന്നു. വിയര്‍പ്പ് തുള്ളികള്‍ ചാലുകള്‍ തീര്‍ത്ത് അവന്‍റെ ദേഹത്തിലൂടെ താഴോട്ട് ഒഴുകി കൊണ്ടിരുന്നു.
പിന്നിട്ട വഴികളില്‍ ചെറിയ ഹോട്ടലുകളൊന്നും കണ്ടില്ല. പൊരിവെയിലില്‍ ബോര്‍ഡും പിടിച്ചു നില്‍ക്കുന്നവര്‍ വഴിയാത്രക്കാരെ വലിയ ഹോട്ടലുകളിലേക്ക് കെെമാടി വിളിക്കുന്നത് കണ്ടു. അവരോട് സഹതപിച്ചു കൊണ്ട് വീണ്ടും മുന്നോട്ട് നടന്നു.
പെട്ടെന്ന് ഒരു ബോര്‍ഡ് കണ്ണില്‍ പെട്ടു.
‘ജയില്‍ ബിരിയാണി കൗണ്ടര്‍’
ബിരിയാണി അറുപത് രൂപ.
അവന്‍റെ മനസ്സില്‍ സന്തോഷത്തിരയടിച്ച് കുതിച്ചുപൊങ്ങി.
‘ബിരിയാണി കഴിക്കാനുള്ള മോഹം ഉപേക്ഷിക്കേണ്ടല്ലോ.
കഴിക്കാന്‍ ഏറ്റവും കൊതിയുള്ള ആഹാരമാണ് ബിരിയാണി. അധികം കഴിക്കാനുള്ള അവസരം കിട്ടിയിട്ടില്ല . ഏതെങ്കിലും വീട്ടില്‍ കല്യാണത്തലേന്ന് പോയാലാണ് വല്ലപ്പോഴും കഴിക്കാന്‍ കിട്ടുന്നത്. ഹോട്ടലില്‍ നിന്നു വാങ്ങി കഴിക്കാനുള്ള ആഗ്രഹമുണ്ടാകാറുണ്ടെങ്കിലും ഒറ്റയ്ക്ക് ഭാരം വലിച്ചു കിതയ്ക്കുന്ന അമ്മയെ ഓര്‍ത്ത് എല്ലാം ഉള്ളിലൊതുക്കാറാണ് പതിവ്.
ഇന്നെന്തായാലും കിട്ടിയ അവസരം ഉപയോഗിക്കുക തന്നെ. അധികം വിലയൊന്നുമില്ലല്ലോ. അറുപത് രൂപയല്ലേയുള്ളു.’
അവന്‍ വേഗം കൗണ്ടറിനടുത്തേക്ക് ചെന്നു ബിരിയാണി വാങ്ങി.
‘ഇനി ഇരുന്നു കഴിക്കാന്‍ ഒരിടം വേണം. രാവിലെ അങ്ങോട്ട് പോകുമ്പോള്‍ ഒരു പാര്‍ക്ക് കണ്ടിരുന്നു. അവിടെ പോയിരുന്നു കഴിക്കാം.’
അവന്‍ ബിരിയാണിപ്പൊതിയുമായി പാര്‍ക്കിലേക്ക് നടന്നു.
ഉച്ചനേരമായതുകൊണ്ട് പാര്‍ക്കില്‍ അധികം ആളുകളില്ലായിരുന്നു. കോളേജ് വിദ്യാര്‍ത്ഥികളെന്നു തോന്നിപ്പിക്കുന്ന ഒരു പ്രണയജോഡികള്‍ ഒരു മരച്ചുവട്ടില്‍ മുട്ടിയുരുമ്മി ഇരിപ്പുണ്ടായിരുന്നു.
‘ക്ളാസ് കട്ട് ചെയ്തു വന്നതാവും..’
അവന്‍ ചുണ്ടിലൂറിയ ചിരിയുമായി അടുത്തു കണ്ട സിമന്‍റ് ബെഞ്ചിലിരുന്നു. കുപ്പിയിലെ വെള്ളത്തില്‍ കെെ കഴുകി പൊതി തുറന്നു.
പൊടുന്നനെ പൊതിയില്‍ നിന്ന് കുറച്ച് പുകച്ചുരുളുകള്‍ പുറത്തേക്ക് വന്ന് അവന്‍റെ കാഴ്ച മറച്ചു.
ഒന്നും മനസ്സിലാകാതെ അവന്‍ മിഴിച്ചു നിന്നപ്പോള്‍ ആ പുകച്ചുരുളുകള്‍ അന്തരീക്ഷത്തില്‍ തങ്ങി നിന്ന് ചില രൂപങ്ങളായി മാറി.
പല പ്രായത്തിലുള്ള മനുഷ്യരുടെ രൂപങ്ങള്‍. ആണും പെണ്ണും പിഞ്ചു കുട്ടികളുമടങ്ങുന്ന മനുഷ്യ രൂപങ്ങള്‍ .. അവരെല്ലാവരും വെള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്..
അവര്‍ അവനു ചുറ്റും ഒരു വലയം സൃഷ്ടിച്ചു കൊണ്ട് നില്‍പ്പുറപ്പിച്ചു.
ഭയം കൊണ്ടു വിറച്ച അവന്‍റെ തൊണ്ടയില്‍ ഒരു നിലവിളി കുരുങ്ങി നിന്നു.
ആ രൂപങ്ങള്‍ ചോദ്യ ശരങ്ങള്‍ കൊണ്ട് കൂട്ടത്തോടെ അവനെ ആക്രമിച്ചു.
”ഞങ്ങള്‍ക്ക് ഈ ഗതി വരുത്തിയവരുണ്ടാക്കിയതാണിത്. ഇത് നീ കഴിക്കുമോ..”?
”എന്നെ പിച്ചി ചീന്തി അരും കൊല ചെയ്തവനും ഇതില്‍ പങ്കുണ്ട്. രുചിയോടെ കഴിക്കാനാവുമോ നിനക്കിത്?”
”എന്‍റെ സമ്പാദ്യം മുഴുവന്‍ കൊള്ളയടിച്ച് എന്നെ ആത്മഹത്യയിലേക്ക് നയിച്ചവനും ഇതുണ്ടാക്കുമ്പോള്‍ കൂടെയുണ്ടായിരുന്നു.. വേണോ നിനക്കിത്?”
”ഈ പിഞ്ചു കുഞ്ഞിനെപ്പോലും വെറുതെ വിടാതിരുന്ന കാമപ്പിശാചാണ് ഇതില്‍ ഉപ്പ് ചേര്‍ത്തത്. കഴിക്കണോ നിനക്കിത്?”
കൊച്ചരിപ്പല്ലുകള്‍ കാട്ടി പുഞ്ചിരി തൂകുന്ന ഒരു ഓമനക്കുഞ്ഞിനെ കാണിച്ചു ഒരു രൂപം അതു പറഞ്ഞപ്പോള്‍ അവന്‍ ആ കുഞ്ഞിന്‍റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
‘ ഈശ്വരാ.. അടുത്ത വീട്ടിലെ മീര ചേച്ചിയുടെ വാവമോളല്ലേ അത്. ദുഷ്ട മനസ്സുള്ള ഒരു നികൃഷ്ടജീവി കടിച്ചു കീറിക്കൊന്ന മാലാഖക്കുഞ്ഞ്..’
അവന് കരളു പറിച്ചെറിയുന്ന വേദന തോന്നി.
ചോദ്യശരങ്ങള്‍ കൊണ്ട് മനസ്സ് തലങ്ങും വിലങ്ങും മുറിഞ്ഞപ്പോള്‍ അവന്‍ ബിരിയാണിപ്പൊതി ചുരുട്ടിയെടുത്ത് അവിടുന്ന് എഴുന്നേറ്റ് വെയ്സ്റ്റ് ബിന്‍ ലക്ഷ്യമാക്കി നടന്നു. അപ്പോഴേക്കും അന്തരീക്ഷത്തില്‍ നിരന്നു നിന്ന രൂപങ്ങളൊക്കെ എങ്ങോ മാഞ്ഞു പോയിരുന്നു.. തെല്ലകലെ മാറി ഒരു രൂപം മാത്രം തെളിഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു.
‘പരിചയമുള്ള മുഖമാണല്ലോ..”
അവന്‍ ചിന്തിച്ചപ്പോഴേക്കും ആ രൂപം അടുത്തെത്തി.
”അച്ഛന്‍.”
അവന്‍റെ ചുണ്ടുകള്‍ ഉരുവിട്ടു.
രാഷ്ട്രീയ വെെരാഗ്യത്തിന്‍റെ പേരില്‍ കൊലക്കത്തിക്കിരയായി അകാലത്തില്‍ പൊലിഞ്ഞു പോയ അച്ഛന്‍റെ മുഖം കണ്ടപ്പോള്‍ അവന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
തന്‍റെയും അമ്മയുടെയും ജീവിതം ഇരുട്ടിലാക്കിയ ആ ദുര്‍ദ്ദിനം അവന്‍റെ ഓര്‍മ്മകളിലൂടെ കടന്നു പോയി.
”ശരിയാണ് അച്ഛനെ തീര്‍ത്ത് നിന്നെയും അമ്മയെയും തനിച്ചാക്കിയവനും കൂടി ചേര്‍ന്നാ ഇതുണ്ടാക്കിയത്. പക്ഷേ മോന്‍ ഒന്നോര്‍ക്കണം. ജയില്‍ കിടക്കുന്നവരെല്ലാം കുറ്റവാളികളല്ല. ചിലരുണ്ടാവും.. സാഹചര്യമാവും അവരെക്കൊണ്ട് കുറ്റകൃത്യം ചെയ്യിച്ചത്. അവര്‍ക്കും പശ്ചാത്തപിക്കാന്‍ ഒരവസരം കൊടുക്കണ്ടേ. വിശക്കുന്നവന് സ്വന്തം കെെകള്‍ കൊണ്ടുണ്ടാക്കിയ ഭക്ഷണം നല്‍കി അവരും സമൂഹത്തെ സേവിക്കട്ടേ. മോനിത് കളയരുത് ധെെര്യമായി കഴിച്ച് വിശപ്പടക്കിക്കോളു.”
അച്ഛന്‍റെ ശബ്ദം കേട്ട് അവന്‍ അല്പനേരം ആലോചിച്ചു. പിന്നെ ബിരിയാണി പൊതി വെയ്സ്റ്റ് ബിന്നില്‍ കൊണ്ടിടാതെ തിരിച്ച് വന്ന് സിമന്‍റ് ബെഞ്ചില്‍ വെച്ച് കഴിക്കാനാരംഭിച്ചു. സംതൃപ്തി നിറഞ്ഞ മുഖത്തോടെ അച്ഛന്‍ അവനെത്തന്നെ നോക്കി നില്‍ക്കുകയായിരുന്നു.
കഴിച്ചു കഴിഞ്ഞ് അവശിഷ്ടം വെയ്സ്റ്റ് ബിന്നിലിട്ട് അച്ഛന്‍ നിന്നിടത്ത് നോക്കിയപ്പോള്‍ ഒന്നും കാണാന്‍ കഴിഞ്ഞില്ല..
‘അച്ഛനെ ഒന്നു കൂടി കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍..’
സങ്കടത്തോടെ മനസ്സിലോര്‍ത്ത് അവന്‍ പാര്‍ക്കിനു പുറത്തേക്ക് നടന്നു. ഗേറ്റിനടുത്തേക്ക് എത്തിയപ്പോള്‍ ഒന്നു തിരിഞ്ഞു നോക്കി. അവന്‍ ഉപേക്ഷിച്ച് പോന്ന ബിരിയാണിയുടെ അവശിഷ്ടം മൂടിയില്ലാത്ത ആ വെയ്സ്റ് ബിന്നില്‍ നിന്നും കാക്കകള്‍ കൊത്തിവലിക്കുകയായിരുന്നു അപ്പോള്‍.
അതില്‍ ബലിക്കാക്കകളും ഉണ്ടായിരുന്നു.
‘കുറ്റവാളികളും മനുഷ്യരല്ലേ..’
അവന്‍ മനസ്സില്‍ പറഞ്ഞുകൊണ്ട് നാട്ടിലേക്കുള്ള ബസ്സ് പിടിക്കാനായി ബസ് സ്റ്റാന്‍ഡിലേക്ക് നടന്നു..