ജാലകം

ജാലകം

ഫെമിന ബീഗം

ഇന്നേവരെ
തുറക്കപ്പെട്ടിട്ടില്ലാത്ത ജാലകം.
തുരുമ്പിച്ചടർന്ന
വിജാഗിരികളുമായി
ഉതിർന്നുവീഴാൻ കാത്തുനിൽക്കവേ
ഇന്നലെ
തനിയേ തുറക്കുകയുണ്ടായി.

പതിയെ പതിയെ,
അടരുകൾ ഉതിർന്നു വീഴാതെ,
കാറ്റുപോലുമറിയാതെ.

ഇന്നലെ പൗർണ്ണമി ആയിരുന്നില്ല.
കല്യാണ സൗഗന്ധികങ്ങൾ
പൂത്തിരുന്നുമില്ല.
നിശീഥിനിയുടെ മിഴിപ്പൂക്കളിൽ
താരങ്ങളൊന്നുമേ മിന്നുന്നുമുണ്ടായില്ല.

എന്നിട്ടും…
ഒരിക്കലും തുറക്കപ്പെടേണ്ടതില്ലായിരുന്ന
ആ ജാലകം
എന്തിനാവാം താനേ തുറന്നത്?

വരണ്ട ഇരുളറകളിലേക്ക്
കുളിർതെന്നൽ ഒളിച്ചു കടക്കത്തക്കവിധം !
മിന്നാമിനുങ്ങുകൾ
നുറുങ്ങുവെട്ടവുമായി
പാറിപ്പറന്നു നടക്കത്തക്കവിധം!
വിഹായസ്സിന്റെ വിലോലതകളെ
വിമൂകമായ് ആവാഹിക്കത്തക്കവിധം !

ഇനിയൊരിക്കലും
അടയ്ക്കുകയോ തുറക്കുകയോ
വേണ്ടാത്തവിധം!