ജീവിതം ഒരു സമരം – അക്കമ്മ ചെറിയാന്റെ ആത്മകഥ

ജീവിതം ഒരു സമരം – അക്കമ്മ ചെറിയാന്റെ ആത്മകഥ

ആർ പാർവതി ദേവി

ആദർശദാർഢ്യവും ദേശസ്നേഹവും കർമ്മധീരതയും കൈമുതലായിരുന്ന ഒരു കാഞ്ഞിരപള്ളിക്കാരി സ്കൂൾ അധ്യാപിക, തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെയും ഇന്ത്യയുടെ ആകെയും ആരാധനാ പാത്രമായി ഉയർന്ന കഥയാണ് അക്കാമ്മ ചെറിയാന്റെ ജീവിതം ഒരു സമരം. ‘അവതാരികയിൽ പി ഗോവിന്ദപ്പിള്ള ഇപ്രകാരം അഭിപ്രായപ്പെട്ടിരിക്കുന്നു.

അകത്തളങ്ങളിൽ നിന്ന് ജനാലയുടെ ഇത്തിരി വട്ടത്തിലൂടെ ലോകത്തെ കണ്ട് തൃപ്തിയടയാൻ സമൂഹം നിരന്തരം പഠിപ്പിച്ചു കൊണ്ടിരുന്ന അധികാര ചുറ്റുപാടിൽ നിന്ന് ഇറങ്ങി തെരുവിൽ രാഷ്ട്രീയം പറയുകയും ആദർശങ്ങൾ പ്രവർത്തിച്ച് കാട്ടുകയും ചെയ്ത ചരിത്രമാണ് അക്കാമ്മ ചെറിയാന് അവകാശപ്പെടാനുള്ളത്.രാഷ്ട്രീയ ബോധവും ആത്മാഭിമാനവുമുളള പെണ്ണിനെ എക്കാലത്തെയും ചരിത്രത്തിനും വർത്തമാനത്തിനും ഒരു പോലെ പേടിയാണ്.മേമ്പൊടു തൂകി പിടിപ്പിച്ച മാലാഖ സങ്കൽപ്പങ്ങളെ തട്ടിക്കളഞ്ഞ് അധികാരത്തിന്റെ ഇടങ്ങളിലേയ്ക്ക് ചുവടുറപ്പിക്കുന്ന പെൺ ചരിത്രത്തെ ഭയപ്പെടുന്നവർക്കുള്ള അടി കൂടിയായിരുന്നു അക്കാമ്മയുടെ ജീവിതം.

കാഞ്ഞിരപ്പള്ളിയിലെ പരമ്പരാഗത സവർണ കത്തോലിക്ക കുടുംബത്തിൽ
അന്നമ്മയുടെയും തൊമ്മൻ ചെറിയാന്റെ യും രണ്ടാമത്തെ പുത്രിയായി ജനിച്ച അക്കാമ്മ ചെറിയാൻ പഠന കാലം കഴിഞ്ഞ് തൊഴിൽ ഉപേക്ഷിച്ച് സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഭാഗമാ കഥയാണ് ജീവിതം ഒരു സമരം – അക്കാമ്മ ചെറിയാന്റെ ആത്മകഥ എന്ന പുസ്തകത്തിന് പറയുവാനുള്ളത്.പരമ്പരാഗത വിശ്വാസങ്ങളെ കൊണ്ടാടുകയും സ്ത്രീകളെ അകത്തളത്തിൽ ഒതുക്കി നിർത്തുകയും ചെയ്ത അന്നത്തെ കാലത്ത് സ്വതന്ത്രമായി ചിന്തിക്കുവാനും പ്രവർത്തിക്കുവാനുമുള്ള വഴി തെളിയിച്ച അപ്പനെയും അമ്മയെയും ഓർമ്മിപ്പിച്ചു കൊണ്ടാണ് ആത്മകഥ ആരംഭിക്കുന്നത്.

ജീവിതം ഒരു സമരം – അക്കമ്മ ചെറിയാന്റെ ആത്മകഥ (2011) എന്ന പുസ്തകത്തിൽ എഡിറ്ററായ പാർവ്വതി ദേവി, 1972 ൽ ദീപിക പത്രത്തിൽ എഴു ലക്കങ്ങളായി പ്രസിദ്ധീകരിച്ച ഓർമ്മക്കുറിപ്പുകളും, അക്കമ്മ ജീവിച്ചിരുന്നപ്പോൾ പുറത്തിറക്കിയ1114- ന്റെ കഥയും ജോർജ് വർക്കി നൽകിയ വിവരങ്ങളും ചേർത്ത് 1114 നു ശേഷം എന്നൊരു ഭാഗവും അനുബന്ധമായി അക്കമ്മയുടെ പ്രസംഗങ്ങളും ചേർത്ത് സമാഹരിച്ചിരിക്കുന്നു.ഇത്തരത്തിൽ സമാഹരിക്കപ്പെട്ട പുസ്തകത്തിന് അക്കമ്മ ചെറിയാന്റെ ആത്മകഥ എന്ന് തന്നെ നാമകരണം ചെയ്തിരിക്കുന്നു. അക്കമ്മയുടെ കാഴ്ചകളെയും ഓർമ്മകളെയും അനുഭവങ്ങളെയും ഒരു എഡിറ്റർ എന്ന നിലയിൽ ക്രോഡീകരിച്ച ഈ പുസ്തകത്തെ ആത്മകഥ എന്ന് തന്നെയാണ് വിശേഷിപ്പിക്കേണ്ടത്.കർത്തൃത്വ പദവിയിൽ അക്കമ്മ ചെറിയാൻ തന്നെയാണ് നിലകൊള്ളുന്നത്.”

പ്രധാനമായും മൂന്ന് ഭാഗങ്ങളായി ഈ ആത്മകഥയെ തിരിക്കാം. ഒന്നാം ഭാഗം ബാല്യകാല ഓർമ്മകൾ മുതൽ തൊഴിലിടം വരെയുള്ള വളരെ പ്രധാനപ്പെട അനുഭവങ്ങളെ ക്രോഡീകരിക്കുന്നു. കുടുംബത്തോടു ചേർന്ന ഇത്തിരി വട്ടത്തിലെ ജീവിതം തൊഴിലിടത്തിലേയ്ക്ക് എത്തുന്നത് വരെയുള്ള കഥ ഈ ഭാഗത്ത്‌ ചുരുക്കി പറയുന്നു.രണ്ടാം ഭാഗം സ്വാതന്ത്യ സമര ചരിത്രത്തെയും അതിനുള്ളിലെ കേരളീയ പരിസരത്തെയും വിവരിക്കുന്നു. ഒപ്പം അക്കാമ്മയുടെ രാഷ്ട്രീയ ജീവിതം പോരാട്ടങ്ങളോട് ചേർത്തുനിർത്തി കാട്ടി തരുന്നു. ആത്മപ്രശംസകൾക്കോ പൊലിപ്പിക്കലുകൾക്കോ ഇടം കൊടുക്കാതെ കേരളത്തിൽ നടന്ന സ്വതന്ത്ര്യ സമര പോരാട്ടത്തെയും തന്റെ കാഴ്ചാനുഭവത്തെയും കാട്ടിത്തരുന്നു. ഒരേ സമയം രാജഭരണത്തോടും ബ്രിട്ടീഷ് അധികാരത്തോടുമുള്ള പ്രതിരോധവും പ്രതിഷേധവുമായി കേരളത്തിലെ സമരനേതാക്കൾ മുന്നോട്ട് പോയത് എപ്രകാരമാണെന്ന് അക്കാമ്മ കാട്ടിത്തരുന്നു. വലിയ പ്രക്ഷോഭങ്ങളെയും പ്രകടനങ്ങളെയും മാത്രമല്ല അവർ അടയാളപ്പെടുത്തുന്നത്.മറിച്ച് ചരിത്ര പാഠങ്ങൾ വേണ്ട രീതിയിൽ പരിഗണിക്കാതെ വിട്ടു കളഞ്ഞ സമര ചരിത്രങ്ങളെ മുഖ്യധാരയിൽ ചർച്ച ചെയ്ത ചരിത്രത്തോടൊപ്പം ചേർത്ത് വച്ച് വായിക്കുന്നു.

പെൺമക്കളെ ബാദ്ധ്യതയായി കാണാത്ത അപ്പനമ്മമാരുടെ കുട്ടിയായി ജനിക്കാൻ കഴിഞ്ഞതാണ് അക്കാമ്മ ചെറിയാൻ എന്ന വ്യക്തിയുടെ സ്വതന്ത്ര ബോധത്തിന് അടിസ്ഥാനം എന്ന് അവർ പറയുന്നു.’പെൺമക്കൾ എന്റെ കടമല്ല, ധനമാണ് ‘ (25) എന്ന് പറയുന്ന അപ്പനെ ഓർത്ത് അവർ അഭിമാനിച്ചിരുന്നു. ഈ അഭിമാനബോധമാണ് അക്കാമ്മ ചെറിയാൻ എന്ന വ്യക്തിയുടെ അന്തസത്ത. അപ്പനെ രാഷ്ട്രീയ ബോധവും ആദർശധീരനുമായി അവതരിപ്പിക്കുമ്പോൾ,വീട്ടു ഭരണത്തിൻ മുഴുകിയിരുന്ന അമ്മയെ സ്നേഹത്തിന്റെ പര്യായമായാണ് അക്കാമ്മ അവതരിപ്പിക്കുന്നത്. അന്ന് വരെ നിലലനിന്നിരുന്ന മൂല്യവ്യവസ്ഥയുടെ ഭാഗം തന്നെയാണ് അക്കാമ്മ ചെറിയാന്റെ കുടുംബ സങ്കൽപം.എന്നാൽ വ്യക്തി സ്വാതന്ത്ര്യത്തിന് വലിയ പരിഗണന നൽകിയ ആ കുടുംബം അന്നത്തെ സാമൂഹികാന്തരീക്ഷത്തെ പരിഗണിച്ചാൽ തികച്ചും ആധുനികമായിരുന്നു എന്ന് കാണാം. സ്നേഹത്തിന്റെ പര്യായമെന്ന് അമ്മയെ വിശേഷിപ്പിക്കുമ്പോൾ പോലും രണ്ട് പെൺമക്കൾ ജയിൽവാസമനുഭവിച്ചതിൽ ദുഃഖം പ്രകടിപ്പിക്കാതെ അമ്മ കരുത്തായി നിന്ന ചരിത്രത്തെയും അക്കാമ്മ അടയാളപ്പെടുത്തുന്നു.”നീയൊരു പെണ്ണാണ് ” എന്ന് നിരന്തരം ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്ന ബന്ധുജനങ്ങൾക്കിടയിൽ നിന്ന് തന്റെ വീട്
ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നതായി അക്കാമ്മ പറയുന്നുണ്ട്.ഭരണ-നിയമസംവിധാനങ്ങൾ സ്ത്രീകൾക്ക് സ്വത്തവകാശം നൽകിയിരുന്നെങ്കിലും അത് അംഗീകരിക്കാൻ തയ്യാറാകാതിരുന്ന സുറിയാനി സഭയുടെ മൂല്യങ്ങളെ അക്കാമ്മയുടെ കുടുംബം തള്ളിക്കളഞ്ഞു. തന്റെ അപ്പൻ വീട്ടിൽ ലിംഗഭേദമില്ലാതെ സ്വത്തുവകൾ പങ്കുവച്ചതിനെക്കുറിച്ചും അക്കാമ എഴുതുന്നുണ്ട്.

അപ്പനെ കാണാൻ വരുന്ന വ്യക്തികളും അപ്പനുമായുള്ള രാഷ്ട്രീയ സംഭാഷണങ്ങൾ അക്കാമ്മയെ വളരെ ചെറുപ്പത്തിലെ ആകർഷിച്ചിരുന്നു.
”എനിക്ക് അഞ്ച് വയസുള്ളപ്പോഴാണ് ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടത്.അക്കാലത്ത് പത്രം വരുത്തുന്നവർ വളരെ കുറവാണ്. ഞങ്ങളുടെ വീട്ടിൽ ദീപിക പത്രം ഉണ്ടായിരുന്നു. പോസ്റ്റു വഴിക്കാണ് വന്നിരുന്നതെന്നാണ് എന്റെ ഓർമ്മ. അടുത്ത വീട്ടിലുള്ളവരൊക്കെ യുദ്ധത്തെപ്പറ്റിയറിയാൻ വീട്ടിൽ വരും. പത്രം വായിച്ച് ഓരോ കാര്യങ്ങൾ ചർച്ച ചെയ്യും. അങ്ങനെ ആസ്ട്രിയ, ജർമ്മനി, ജർമ്മൻ, കൈസർ തുടങ്ങിയ പേരുകൾ തന്റെ മനസ്സിൽ പതിഞ്ഞു ” (28). സുറിയാനി കുടുംബങ്ങൾ അന്നുവരെ തുടർന്നു വന്നിരുന്ന അന്തരീക്ഷത്തിൽ നിന്ന് തെല്ലൊരു മാറ്റം തന്റെ കുടുംബത്തിന് ഉണ്ടായിരുന്നതായി അവർ പറയുന്നു.

ബോർഡിംഗ് സ്കൂളിലെ ഊണ് മേശയെക്കുറിച്ച് മല്പാനച്ചനോട് പരാതി പറഞ്ഞ ഒരനുഭവം ഇങ്ങനെ എഴുതുന്നു.” ഊണ് മുറിയിലെ വൃത്തികേടിനെക്കുറിച്ച് ഞാൻ പരാതി പറഞ്ഞപ്പോൾ നമ്മുടെ കർത്താവ് എത്രമാത്രം വൃത്തിഹീനമായ സ്ഥലത്താണ് ജനിച്ചത് എന്നറിയാമോ എന്ന് അദ്ദേഹം ചോദിച്ചു. പക്ഷേ, കർത്താവിന്റെ മണവാട്ടികളുടെ ഊണുമുറി വളരെ വൃത്തിയുള്ളതും ഭംഗിയുള്ളതുമാണല്ലോ എന്നായിരുന്നു എന്റെ മറുപടി ” (35). വീട്ടിൽ നിന്ന് കിട്ടിയ സ്വാതന്ത്യ ബോധം തന്നെയാണ് അഭിപ്രായങ്ങളെ തുറന്നു പറയാനുള്ള കരുത്ത് നൽകിയിരുന്നത് .എന്നാൽ കന്യാസ്ത്രീ മഠത്തോടൊ പള്ളിയോടൊ തനിക്ക് ഒരു വിയോജിപ്പുമില്ല എന്ന് പറയുകയും രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് അവയോടൊക്കെ പരുവപ്പെട്ടു നിൽക്കുന്ന ജീവിതമായിരുന്നു തനിക്ക് ഉണ്ടായിരുന്നതെന്നും അക്കാമ്മ എഴുതുന്നു.” അന്നുവരെ വീടും പള്ളിക്കൂടവും കന്യാസ്ത്രീ മoവും മാത്രമടങ്ങുന്ന ചെറിയ
ലോകത്തിലൂടെ കടന്നു വന്ന നസ്രാണി വനിത ഒരു സുപ്രഭാതത്തിൽ പൊടുന്നനേ വിപ്ലവത്തിന്റെ തീച്ചൂളയിലേക്ക് നീർക്കാംകുഴിയിട്ടു എന്നു പറഞ്ഞാൽ അതത്ര ശരിയായിരിക്കുകയില്ല. കുറേക്കാലമായി എനിക്കുണ്ടായ മാനസ്സിക പരിണാമമാണ് രാഷ്ട്രീയത്തിലേക്ക് നയിച്ചത് എന്നതാണ് സത്യം. അന്ന് നിലനിന്നിരുന്ന സാഹചചര്യം അതിന് അനുകൂലമായി ” എന്ന് 1978ൽ പുറത്തിറങ്ങിയ അക്കാമ്മ ചെറിയാന്റെ 1114 ന്റെ കഥ പറയുന്നു.

“കോളേജിൽ അന്നു പഠിപ്പിച്ചിരുന്ന അദ്ധ്യാപികമാരെല്ലാം ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച കന്യാസ്ത്രീകളോ അവിവാഹിതരായ സ്ത്രീകളോ ആയിരുന്നു. അക്കാലത്ത് കോളേജ് വിദ്യാഭ്യാസം സിദ്ധിച്ച യുവതികളെ വിവാഹം ചെയ്യാൻ ആരും പ്രത്യേകിച്ച് സുറിയാനി കത്തോലിക്കക്കാരായ യുവാക്കൾ മുതിർന്നിരുന്നില്ല. ഒരു പക്ഷ പുരുഷമേധാവിത്വത്തിന് കോട്ടം തട്ടിയേക്കുമെന്നുള്ള ഭയം കൊണ്ടായിരിക്കണം. സ്ത്രീ പുരുഷ സമത്വം അന്നത്തെ സമുദായം അംഗീകരിച്ചിരുന്നില്ല. വീടിനുള്ളിൽ അടങ്ങിയൊതുങ്ങിയിരുന്ന് കുടുംബ കാര്യങ്ങൾ നോക്കുകയും കുട്ടികളെ പ്രസവിച്ച് വളർത്തുകയും ചെയ്യുക മാത്രമായിരുന്നു സമുദായം സ്ത്രീക്ക് കൽപ്പിച്ചിരുന്ന ജോലികൾ. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തോടു കൂടിയും മഹ
ത്മാ ഗാന്ധിയുടെ നേതൃത്വത്തിലുമാണ് സ്ത്രീകൾക്കും രാഷ്ട്രത്തിൽ തങ്ങളുടെ പങ്ക് വഹിക്കാനുണ്ടെന്ന് ഒരുവിഭാഗം ജനങ്ങളെങ്കിലും അംഗീകരിക്കാൻ തുടങ്ങിയത് ” എന്ന് പറയുന്ന അക്കാമ്മ ചെറിയാൻ താൻ തീർത്ത പ്രതിരോധത്തെ ഇങ്ങനെ എഴുതുന്നു” ഇത്തരം അടിയൊഴുക്കുകളോട് പൊരുതി ജീവിക്കാൻ കഴിഞ്ഞതിൽ എനിക്ക് അഭ
മാനമുണ്ട്. മറ്റാരും ഇത്തരം അടിയൊഴുക്കുകൾ ഉണ്ടാകുമ്പോൾ പിന്മാറരുത് എന്ന് കരുതിയാണ് ഇതെല്ലാം വിശദീകരിക്കാൻ ഞാൻ ഒരുമ്പെടുന്നത് “. ഇത്തരത്തിൽ പിന്നിലേയ്ക്ക് വലിയ്ക്കുന്ന സാഹചര്യങ്ങളെ ചുവടുകൾകൊണ്ട് നേരിട്ട് നേടിയതാണ് അക്കാമ്മ ചെറിയാന്റെ വിജയം.

1934ൽ ട്രെയിനിംഗ് കോളേജിൽ ചേർന്ന് പഠിക്കാനായി തിരുവനന്തപുരത്ത് താമസിച്ച അനുഭവത്തെക്കുറിച്ച് വിശദീകരിക്കുന്ന ‘രാഷ്ട്രീയവും ഞാനും ‘ എന്ന ഭാഗത്ത് അക്കാമ്മ അന്നത്തെ ജാതി ചിന്തയെയും അധികാരത്തെയും പ്രശ്ന വത്ക്കരിക്കുന്നു. ” അന്ന് ശ്രീചിത്തിരതിരുനാൾ രാജ ഭാരമേറ്റിട്ട് അധികകാലമായിരുന്നില്ല. സർ സി.പി രാമസ്വാമി അയ്യർ രാജവിന്റെ ഉപദേഷ്ടാവും. ഭരണാധികാരിയായ രാജാവിനെയും രാജകുടുംബത്തെയും ചുറ്റിപ്പറ്റിയുള്ള നായർ ഉദ്യോഗസ്ഥമേധാവികൾ കൊടുകുത്തിവാഴുന്ന കാലമായിരുന്നു അത്.കഴിവിനെയും പ്രഗല്ഭതയെയുംകാൾ സേവയ്ക്കുംക്കും ശുപാർശയ്ക്കുമായിരുന്നു അന്ന് സ്ഥാനം.അന്ന് രാജ്യത്തെ വീർപ്പു് മുട്ടിച്ചിരുന്ന സവർണ്ണമേധാവിത്വ അന്തരീക്ഷം ഇതര പ്രമുഖ സമുദായങ്ങളായ ഈഴവ, ക്രൈസ്തവ, മുസ്ലീങ്ങളെ യോജിപ്പിച്ചു. അവർ സംഘടിച്ചു.അവകാശവാദങ്ങൾ പുറപ്പെടുവിച്ചു.ഇങ്ങനെ സംയുക്ത രാഷ്ത ട്രീയ സഭയുടെ സംഘാടനവും നിവർത്തന പ്രക്ഷോഭണവും എല്ലാം ഞാൻ താത്പര്യത്തോടെ ശ്രദ്ധിച്ചുകൊണ്ടിരുന്ന സംഭവങ്ങളാണ് (42)എന്നിങ്ങനെ ചരിത്ര സംഭവങ്ങളെ അക്കമ്മ ക്രോഡീകരിക്കുന്നു.

നിവർത്തന പ്രക്ഷോഭണവും ക്ഷേത്ര പ്രവേശന വിളംബരവും ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭവും ഗാന്ധിയുടെ ഇടപെടലും തിരഞ്ഞെടുപ്പുമെല്ലാം ആത്മകഥയിൽ കടന്നു്നു വരുന്നുണ്ട്.സി. കേശവനും ടി.എം വർഗീസിനും പി.റ്റി പുന്നൂസിനും പട്ടം താണുപിള്ളയ്ക്കുമെല്ലാം സ്ഥാനമുണ്ട്.
മിസ്. മസ്ക്രീനും റോസമ്മയ്ക്കും അക്കമ്മയ്ക്ക് തുല്യമായ സ്ഥാനം ആത്മകഥയിൽ അവർ നൽകിയിരിക്കുന്നു.
കാഞ്ഞിരപ്പള്ളിയുടെ രാഷ്ട്രീയ ഉണർവ്വിനെ പ്രാദേശിക ചരിത്രത്തിന്റെ ഇടങ്ങളിൽ നിന്ന് വേർപെടുത്തി മുഖ്യധാരയുടെ ചരിത്രത്തിലേയ്ക്ക് കൊണ്ടുവരുന്നു അക്കമ്മ.ഒപ്പം മറ്റു ചില പ്രതിഷേധങ്ങളെയും ചരിത്ര സംഭവങ്ങളെയും കൂടി അവർ കൂട്ടിചേർക്കുന്നു. നെയ്യാറ്റിൻകരയിലെ വെടിവയ്പ്പ്, കൊല്ലം നിയമ ലംഘനവും വെടിവയ്പ്പും, പുതുപ്പള്ളി യോഗവും വെടിവയ്പ്പും, കടയ്ക്കൽ വിപ്ലവം, ദേശസേവികാസംഘം, വട്ടിയൂർക്കാവ് സമ്മേളനം, കാഞ്ഞിരപ്പള്ളി ക്യാമ്പ്, എന്നിവയും അക്കമ്മ കൂട്ടിച്ചേർക്കുന്നു.

ഒരു കാളരാത്രി എന്ന ഭാഗത്ത് കടയ്ക്കൽ, കല്ലറ, പാങ്ങോട് ഭാഗത്ത് നടന്ന സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരെ തൂക്കി കൊന്ന ചരിത്ര സന്ദർഭം അടയാളപ്പെടുത്തുന്നു.അന്ന് അക്കമ്മയുടെ ജയിൽവാസക്കാലമായിരുന്നു. ആ സംഭവത്തെ അക്കമ്മ ഇങ്ങനെ എഴുതുന്നു.” കടയ്ക്കൽ, കല്ലറ, പാങ്ങോട് കേസുകളിലെ പ്രതികളെ രാഷ്ട്രീയ തടവുകാരായിട്ടല്ല സാധാരണക്രിമിനൽ തടവുകാരായിട്ടാണ് പരിഗണിച്ചിരുന്നത്.
ഈ രക്തസാക്ഷികളും ഭഗത് സിംഗിന്റെയും മറ്റും പട്ടികയിൽ പ്പെടേണ്ടവരാണ്. അവരുടെ എളിയ കഴിവനുസരിച്ച് അഴിമതിയെ എതിർത്തതാണ് അവരുടെ കുറ്റം. അധികാരവും ശക്തിയുമുള്ളവർ അവരെ ജയിലിലടച്ച് തൂക്കിലേറ്റി ” (134).

1938 ഒക്ടോബർ 23ന് കൊട്ടാരമാർച്ചിന് നേതൃത്വം കൊടുത്തുകൊണ്ട് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഉജ്ജ്വലമായ അധ്യായം രചിച്ച അക്കാമ്മ ചെറിയാൻ അന്നത്തെ രാഷ്ട്രീയ പരിസരത്തെയും രണ്ടു തവണത്തെ ജയിൽ കിടക്കേണ്ട വന്നത് ഉൾപ്പടെയുള്ള രാഷ്ട്രീയ ജീവിതത്തെയും തുറന്ന് എഴുതുന്നു.

തിരുവിതാംകൂർ രാജ ഭരണവും ദിവാൻ പദവിയും അന്നത്തെ അധികാര ബന്ധങ്ങളും ജാതിപരമായും മതപരമായും നിലനിർത്തി പോന്നിരുന്ന വിവേചന ചരിത്രത്തെ കൂടി ഈ ആത്മകഥ തുറന്നു കാട്ടുന്നുണ്ട്. അക്കാമ്മ ചെറിയാൻ എന്ന വ്യക്തി സഞ്ചരിച്ച ചരിത്രത്തിന്റെ വിവരാത്മകവും വിമർശനാത്മകവുമായ മുഖം ഈ ആത്മകഥയിൽ ഉടനീളം കാണാം. സ്വതന്ത്ര ഇന്ത്യയിൽ സമര നായിക എന്ന നിലയിൽ നേതൃത്വനിര അവർക്ക് നൽകിയ ഇടത്തെയും അധികാര കൊതിയുടെ ആണത്ത ആഘോഷങ്ങളെയും തുറന്നു കാട്ടിക്കൊണ്ടാണ് ആത്മകഥാ ഭാഗം അവസാനിക്കുന്നത്.തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ മൂന്നാമത് വാർഷിക സമ്മേളനത്തിൽ അക്കമ്മ നടത്തിയ അദ്ധ്യക്ഷപ്രസംഗവും മീനച്ചിൽ പാർലമെന്റ് നിയോജക മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി എന്ന നിലയിൽ പുറപ്പെടുവിച്ച പ്രസ്താവനയും ഒപ്പം ചേർക്കുന്നു.

ഉത്തരവാദിത്വ ഭരണത്തിനായി സമര ഭടന്മാരുമായി കൊട്ടാരത്തിലേയ്ക്ക് മാർച്ച് നയിച്ച ധീരവനിത,അധികാരിവർഗം സമരക്കാർക്കെതിരെ നിറയുതിർക്കാൻ ശ്രമിച്ചുപ്പോൾ ‘എനിക്കു നേരെ ആദ്യം നിറയൊഴിക്കൂ’ എന്ന് ഗർജ്ജിച്ച് സമരത്തിന് മുൻനിരയിൽ നിന്ന സമര നായിക,അനീതിയെ ചോദ്യം ചെയ്തും ചട്ടക്കൂടുകൾ തകർത്തും മുന്നോട്ട് പോകേണ്ടി വന്ന ജീവിത ചരിത്രമാണ് അക്കാമ്മ എഴുതുന്നത്.അദ്ധ്യാപന ജീവിതത്തിൽ തുടങ്ങി ഒരു ഘട്ടത്തിൽ തൊഴിൽ ഉപേക്ഷിച്ച് നവോത്ഥാന പ്രക്ഷോഭത്തിന്റെയും സ്വാതന്ത്ര്യ സമരത്തിന്റെയും ഭാഗമായ അക്കാമ്മ ചെറിയാൻ വർത്തമാനകാലത്ത് ഒരു പി.എസ്.സി ചോദ്യമായി ഒതുങ്ങിപ്പോകുന്നു. നവോത്ഥാന നായകരുടെയും കോൺഗ്രസ് – കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും ചരിത്രം പുരുഷന്മാരുടെ മാത്രം കുത്തകയായി എഴുതി പിടിപ്പിച്ച പാoപുസ്തകങ്ങൾ അക്കാമ്മ ചെറിയാന് കൊടുത്ത ഇടം എന്തായിരുന്നു എന്ന ചോദ്യം ഇന്നും പ്രസക്തമാണ്.