സഞ്ജയ് നാഥ്
കുന്നിൻ മുകളിലെ കുരിശ് പള്ളിയുടെ
അൾത്താരയിൽ കുഞ്ഞന്നാമ്മ
ദുഃഖ വെള്ളികളിൽ ഒരു പകൽ
തീരും വരെ മുട്ടു കുത്തി പ്രാർതഥിക്കുമായിരുന്നു.
ഒരു ദുഃഖ വെള്ളിയിലാണ്
കുഞ്ഞന്നാമ്മയുടെ അപ്പൻ ജോസഫ്
പോലീസ് ലോക്കപ്പിൽ മരിക്കുന്നത്.
വെയിൽ തിളക്കുന്ന പള്ളിമുറ്റത്ത്
കരിഞ്ഞ പുല്ലുകളും ,ദൈവവും
കുഞ്ഞന്നാമ്മയും മാത്രമാകുന്ന ചില നേരങ്ങളുണ്ട്.
കുഞ്ഞന്നാമ്മയുടെ പരിഭവങ്ങളിൽ
പരാതികളിൽ ,കരച്ചിലിൽ ,മുഴുകി
ദൈവം കണ്ണുകളടച്ചിരിക്കും.
മലമുകളിൽ നിന്നെത്തുന്ന കാറ്റ്
പള്ളിയുടെ കുരിശിൽ തൊട്ട്
ദൈവത്തെ തൊട്ട് കുഞ്ഞന്നാമ്മയിലേക്ക്
ഒഴുകി തുടങ്ങും.
ദൈവരൂപം കാണന്പോഴെല്ലാം കുഞ്ഞന്നാമ്മ
ജോസഫിനെയോർത്തു.
കാടിന്റെശബ്ദങ്ങൾ കടലാകുന്ന രാത്രികളിൽ
മടിയിൽ കിടത്തി ജോസഫ് കുഞ്ഞന്നാമ്മയ് ക്ക്
കാടിന് പുറത്തേക്ക് വഴികൾ വെട്ടുന്നതിനെ ക്കുറിച്ച് പറഞ്ഞു കൊടുത്തു.
കറുത്ത മണ്ണിൽ വിളഞ്ഞ മലന്പനിയെക്കൂടി
അപ്പൻ ഏലത്തിന് ചുവട്ടിൽ വെട്ടി മൂടുന്പോൾ
കാടിന്റെ വഴികൾ വളഞ്ഞ് തുടങ്ങുന്നത്
കുഞ്ഞന്നാമ്മ കണ്ടു.
വഴികൾ വെട്ടുന്നത് അത്രയെളുപ്പമല്ലെന്നും
ഏത് നിമിഷവും അവസാനിച്ച് പോകാവുന്നതാണെന്നും
ജോസഫ് നിരന്തരം കുഞ്ഞന്നാമ്മയെ ഓർമ്മിപ്പിച്ചു.
പുറത്തേക്ക് വെട്ടിയ വഴികളിൽ
ജോസഫ് ദൈവത്തെ കണ്ടു
പെസഹാവൃാഴവും ,ദുഃഖവെള്ളിയും
ഈസ്റ്ററും കടന്നൊരു ദിവസം ജോസഫ്
പുറത്തേക്കുള്ള വഴി വെട്ടി തീർത്തു .
വഴിയരികിലെ പൊന്തകളിൽ നിന്ന്
വിഷപാന്പുകൾ ഇഴഞ്ഞിറങ്ങാതെ കാക്കാൻ
ജോസഫ് കുഞ്ഞന്നാമ്മയെയും പഠിപ്പിച്ചു.
എത്ര ശ്രമിച്ചിട്ടും ജോസഫിനും
കുഞ്ഞന്നാമ്മയ് ക്കും അതിന് കഴിയാതെ
വന്നപ്പോഴാണ് അവർ പൊന്തക്കാടുകൾക്ക്
തീയിട്ടത്.
അടുത്ത ദുഃഖവെള്ളിയിൽ
ജോസഫ് കുരിശിലേറ്റപ്പെട്ടു.
ജോസഫ് മരിച്ച ദിവസം പള്ളിമുറ്റത്ത്
അവസാനത്തെ ഇലയും കൊഴിഞ്ഞ് പോയൊരു
കാഞ്ഞിരമരം സഽയമൊരു കുരിശായിത്തീർന്നു.