ഡ്രാഗ് റേസ്

ഡ്രാഗ് റേസ്

നൗഫു സ്റ്റാമ്പ്ഡ്

കാസിനോ രാത്രിയുടെ
അവസാനത്തിലൊരാൾ
എന്റെ
മുറിയിലേക്ക് കയറി വന്നു

ആയിരം ചില്ലുകൾ
തൊടുത്തുവിട്ട പ്രകാശത്തിലും
മുഖമിരിണ്ടിരിക്കുന്നു,
സോപ്പു പോലെയത്
ഓർമ്മയിൽ നിന്നും
വഴുതി പോകുന്നു

ഒരേ സമയം
അരയന്നം പോലെ കുഴഞ്ഞും
അശ്വംപോലെ കുതിച്ചും
ആ കുളമ്പടി
എന്നിലേക്ക് തന്നെ
പാഞ്ഞടുത്തു.

നുരയുന്ന ഗ്ലാസ്സിൽ നിന്നും
അവർ എന്നെ
പതയുന്ന മെത്തയിലേക്ക്
പതിയെ
വിവർത്തനപ്പെടുത്തി

കൈകളിൽ
വജ്രങ്ങളാലേഖനം ചെയ്ത
കയ്യാമങ്ങൾ
വലിഞ്ഞു മുറുകി,
ഇക്കിളി ഗ്രന്ഥികളിൽ
വിശുദ്ധ നാഗങ്ങൾ
തൂവൽ പോലിഴഞ്ഞു

ചുംബനത്തിനായ് ദാഹിച്ചപ്പോൾ
ചുണ്ടിൽ നിന്നൊരു
ബബ്ബിൾ ഗം വീർത്ത് പൊട്ടി,
ചിലന്തി വലയാൽ
നെയ്‌തെടുത്ത കാലുറകളിൽ
ഞെരിഞ്ഞു ഞാൻ
ഇരയുടെ ആക്രമണം കൊതിക്കുന്ന
വേട്ടക്കാരനായി

കുതിപ്പിൽ
അസാധാരണമാം
കാലുകളുടെ ദൃഢതയും
കിതപ്പിൽ
മുലകളുടെ അകലവും
നിജപ്പെടുത്തുന്നതിൽ ഞാൻ വ്യാപൃതനായി

വെയിലുണക്കിയ
ഓക്കാനത്തിന്റെ വിരിപ്പിലേക്കുണരുമ്പോൾ
ഒരു യൂണിസെക്സ് പെർഫ്യൂം മണം
മുറിയിൽ തങ്ങി നിന്നു;
ഒരു കുളമ്പടി
മറ്റൊരു മേച്ചിൽ പുറം തേടി
അകന്നു പോകുന്നു.