താലോലം

താലോലം

ഫരീദ് ജാസ്

വിജനമായി കൊണ്ടിരിക്കുന്ന സ്റ്റാന്റിൽ ഞങ്ങൾക്ക്‌ പോകേണ്ട ബസ്സ്‌ കൂടാതെ ഒന്നോ രണ്ടൊ ബസ്സുകൾ മാത്രം

ഇരുട്ട് പതിയെ പരന്ന് തുടങ്ങിയിരിക്കുന്നു കോര്പ്പറേഷന്റെ വഴി വിളക്ക് ഒന്നോ രണ്ടൊ മിന്നുന്നുണ്ട് അതിന്റെ വെളിച്ചം മഴയില്‍ അലിഞ്ഞില്ലാതാകുന്നു
ആളുകള്‍ നന്നേ കുറവ് പലരുംമഴയുടെ തണുപ്പില്‍ നിന്ന് രക്ഷ തേടാന്‍ സിഗരറ്റിനെ അഭയം പ്രാപിച്ചിരിക്കുന്നു

കഴിഞ്ഞാഴ്ച ഇതിനേക്കാൾ കൂടുതൽ ആളുകൾ ഇവിടെ കണ്ടതായി ഓർക്കുന്നു

മുംതാസ്‌ ഇപ്പോഴും നടുവിന്റെ ഭാഗത്ത്‌ തിരുമ്മി കൊണ്ടിരിക്കുന്നുണ്ട്

അവൾക്ക്‌ നന്നായി വേദന അനുഭവപ്പെടുന്നുണ്ട്


ഇഞ്ചക്ഷൻ എടുത്ത ആ നേഴ്സിനോട്‌ പരുഷമായി സംസാരിക്കേണ്ടിയും വന്നു
അവൾ ഇടപ്പെട്ടാണ് രംഗം ശാന്തമാക്കിയത്‌
“ഇക്ക പറയുന്നത്‌ കാര്യമാക്കണ്ട നിങ്ങൾ കുത്തി വെച്ചോളു”

കുത്തി വെയ്ക്കുമ്പോഴും തെല്ല് നീരസത്തോടേയും ഭയത്തോടേയും ആ തടിച്ച നേഴ്സ് എന്നെ നോക്കുന്നുണ്ടായിരുന്നു

മൂന്ന് വർഷത്തിന് മുകളിലായി ത്യശൂരിലെ ആശുപത്രിയിൽ ചികിത്സ തുടങ്ങിയിട്ട്‌
പ്രതീക്ഷകളുടെ അവസാന ഭാഗത്താണ് ഇവിടെ എത്തിച്ചേരുന്നത്

ഓരൊ മാസവും പ്രതീക്ഷകൾക്ക്‌ അവധി പറഞ്ഞ്‌ അടുത്ത മാസത്തേക്ക്‌ നീക്കി വെയ്ക്കുന്നു
എല്ലാ മാസവും ഡോക്ടറുടെ ഇഞ്ചക്ഷനും മൂന്ന് പെട്ടി മരുന്നിനും പുറകേ ഒരുപദേശവും ഉണ്ടായിരുന്നു

” ദൈവത്തോട്‌ പ്രാർത്ഥിച്ചോളൂ എല്ലാം അവന്റെ കയ്യിലാണ്”

ബസ്സിൽ ആളുകൾ അധികം ഇല്ലാത്തത്‌ കൊണ്ട്‌ തന്നെ നല്ലൊരു സീറ്റ്‌ തന്നെ തരപ്പെട്ടു മഴയുടെ നനവ്‌ സീറ്റിൽ പടർന്നിരുന്നു ഒരു ടവ്വലെടുത്ത്‌ സീറ്റിന്റെ മുകളിലിട്ട്‌ അതിലേക്ക്‌ ഞങ്ങളിരുന്നു

ഞങ്ങൾക്ക്‌ പുറകിലായി പർദ്ദയിട്ട ഒരു സ്ത്രീയും വയസ്സായ ഒരു മനുഷ്യനും വന്നിരുന്നു പർദ്ദയിട്ട സ്ത്രീയുടെ കയ്യിൽ ഒരു വയസ്സ്‌ തോന്നിക്കുന്ന ഒരു കൊച്ച്‌ കുട്ടിയുമുണ്ട്

കുട്ടി ഇടക്കിടക്ക് കരഞ്ഞ് കൊണ്ടിരിക്കുന്നുണ്ട് വിശന്നിട്ടവണം പക്ഷെ ആ സ്ത്രീയുടെ കയ്യില്‍ പാല്‍ കുപ്പിയൊ ഒന്നും കണ്ടതുമില്ല
ആ സ്ത്രീ കുട്ടിയുടെ ചെവിയില്‍ എന്തൊ പറഞ്ഞ് ആശ്വസിപ്പിക്കുന്നുണ്ട് പക്ഷെ കൊച്ച് കരച്ചില്‍ നിര്‍ത്താന് തയ്യാറായിരുന്നുമില്ല


വയസ്സായ ആ മനുഷ്യൻ ഇതൊന്നും ശ്രദ്ധിക്കാതെ പുറത്തെ മഴ നോക്കിയിരുന്നു

മുംതാസ്‌ എന്റെ അരികിലേക്ക്‌ ചേർന്നിരുന്നു
ഇടക്ക്‌ അവൾ കുട്ടി കരയുന്ന ഭാഗത്തേക്ക്‌ തിരിഞ്ഞ്‌ നോക്കുന്നുണ്ടായിരുന്നു എന്നിട്ട്‌ എന്റെ ചെവിയിൽ മന്ത്രിച്ചു

“എന്തേ നമുക്ക്‌ മാത്രം ഇങ്ങനെ ഒരു വിധി”

എനിക്ക്‌ വാക്കുകൾ പറയാനില്ലാത്തത്‌ കൊണ്ട്‌ മൗനം പാലിച്ചു
അത്തരം ചോദ്യങ്ങൾക്ക്‌ ഞങ്ങൾക്ക്‌ ഉത്തരം ഒരിക്കലും കിട്ടിയിരുന്നില്ല

പല രാത്രികളിലും കണ്ണീരിന്റെ അകമ്പടിയോടെ പരസ്പരം ചോദിച്ച ചോദ്യങ്ങൾ രണ്ട്‌ പേർക്ക്‌ ഉത്തരം കിട്ടാതെ മുകളിലേക്ക്‌ ഇമകൾ ചിമ്മിച്ച്‌ മയക്കത്തിലേക്ക്‌ മറിയുമ്പോൾ ഉത്തരങ്ങളില്ലാതെ ആ ചോദ്യം അവസാനിക്കും

കുട്ടിയുടെ കരച്ചിലിന്റെ ശബ്ദം ഉച്ചത്തിലായി കൊണ്ടിരുന്നു
വയസ്സായ മനുഷ്യൻ ഇരുട്ടിലും പുറത്തേക്ക്‌ തന്നെ നോക്കി കൊണ്ടിരിക്കുന്നു

പർദ്ദയിട്ട സ്ത്രീ കുട്ടിക്ക്‌ കരച്ചിൽ മാറ്റാനായി ഒരു ഉപാധിയും സ്വീകരിക്കുന്നുമില്ല
ഞാൻ മുംതാസിനോടായി പറഞ്ഞു

“നീ ആ കുട്ടിയെ വാങ്ങിക്കു”

മുംതാസ്‌ പുറകോട്ട്‌ തിരിഞ്ഞ്‌ ആ സ്ത്രീക്ക്‌ നേരെ കൈ നീട്ടി
ആദ്യമൊന്ന് മടി കാണിച്ചെങ്കിലും പർദ്ദയിട്ട സ്ത്രീ കുട്ടിയെ കൈ മാറി
മുംതാസിന്റെ മുഖത്ത്‌ ഒരായിരം നക്ഷത്രങ്ങൾ വിരിയുന്നത്‌ ഞാൻ കണ്ടു

നല്ല ഓമനത്തം തുളുമ്പുന്ന ആ കുഞ്ഞു മുഖം കരഞ്ഞ്‌ അവശനായി കഴിഞ്ഞിരുന്നു ബാഗിൽ അവശേഷിച്ചിരുന്ന ഓറഞ്ചിന്റെ നീര് അവന്റെ വായിലേക്ക്‌ തുള്ളിയായി വീണപ്പോൾ കരച്ചിൽ കുറഞ്ഞ്‌ കുറഞ്ഞ്‌ വന്നു

മുംതാസ്‌ സ്വന്തം മകനെ പോലെ ചേർത്ത്‌ പിടിച്ച്‌ മുഖത്ത്‌ തടവി കൊണ്ടിരുന്നു
പല്ലില്ലാത്ത മോണ കൊണ്ടുളള പുഞ്ചിരി ഞങ്ങളെ മറ്റൊരു ലോകത്തെത്തിച്ചിരുന്നു

“ഇറങ്ങുന്നില്ലെ മാഷെ”

പുറകിൽ നിന്നാരൊ വിളിച്ച്‌ ചോദിച്ചു
ബസ്സ്‌ സ്റ്റാന്റിൽ എത്തി നിൽക്കുന്നു
ഒരിക്കൽ കൂടി അവന്റെ നെറുകയിൽ ഉമ്മ വെച്ച്‌ പുറകിലേക്ക്‌ നോക്കി

പുറകിലെ സീറ്റിൽ ആരുമില്ല പർദ്ദയിട്ട സ്ത്രീയും വയസ്സായ മനുഷ്യനും എവിടെയൊ മറഞ്ഞിരിക്കുന്നു

മുംതാസിന്റെ മുഖം ഭയം കൊണ്ട്‌ നിറഞ്ഞിരിക്കുന്നു അവളുടെ കൈ ഞാൻ അമർത്തിപ്പിടിച്ചു
പുറത്ത്‌ മഴ കൊട്ടിക്കലാശം തീര്ത്ത് കൊണ്ടിരുന്നു

ചെറിയൊരു ശബ്ദത്തോടെ മുമ്പിൽ വന്ന് നിന്ന് ഓട്ടോറിക്ഷയിലേക്ക്‌ കാലെടുത്ത്‌ വെയ്ക്കുമ്പോൾ ആകാംശയോടെ പുറത്തേക്ക്‌ കണ്ണുകൾ വിടർത്തി

നനഞ്ഞ പ്രതലത്തിലൂടെ ഓട്ടൊ മുന്നോട്ട്‌ നീങ്ങി

നിഷ്കളങ്ക നവരസങ്ങളോടെ ആ കുഞ്ഞ്‌ മുഖം മുംതാസിന്റെ നെഞ്ചോട്‌ ചേർത്ത്‌ ഇമകളമർത്തി സ്വർഗ്ഗ പുഞ്ചിരി തൂകുന്നുണ്ടായിരുന്നു
ആ നിത്യ സന്ധ്യയിൽ