ഷമീം കിഴുപറമ്പ്
എന്റെ കാതിലലച്ചത്
പുഴയുടെ വിലാപം ആണെന്നറിഞ്ഞപ്പോൾ എന്റെ കാലുകൾ അതിന് അരികിലേക്ക് നീങ്ങി.
നിഷ്കളങ്കമായ ഒരു സന്താപം.
പുഴയുടെ തെളിനീരിന് പ്ലാസ്റ്റിക്കിന്റെ ചുവ കമ്പനിയുടെ
ഡ്രൈനേജ് പൈപ്പിൽ നിന്ന് ഒഴുകുന്ന കറുത്ത മാലിന്യത്തിന് നിറം.
കെട്ടചെളിയുടെ മണം
കടുപ്പമേറിയ ഏതോ രാസവസ്തുവിന്റെ കുത്തൽ.
പിന്നെ ദീനമായ സ്വരം മാലിന്യമായത്.
ആരാണ് എന്റെ നിഷ്കളങ്കതയെ നശിപ്പിച്ചത്.
നാശത്തിന് പ്രതികൂട്ടിൽ ആരാണ് എന്നെ കേറ്റി നിർത്തിയത്.
നന്മയുടെ മടിത്തട്ടിൽ നിന്ന് എന്നെ ആരകറ്റി
എന്നെ ആത്മാവിൽ കൊണ്ടു നടന്നവർ ഇപ്പോൾ വെറുക്കുന്നത് എന്ത്.
ചോദ്യങ്ങൾ എന്നിൽ വിമ്മിട്ടമുണ്ടാക്കുന്നു.
ഇതിന്റെ ഭാരവും പേറി ഒഴുകാൻ എനിക്ക് ആവുന്നില്ലല്ലോ,
ഞാൻ പറഞ്ഞു പ്രിയപ്പെട്ട പുഴയേ
നിനക്കുവേണ്ടി ഞാൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടു കൊള്ളാം.
ഉച്ചത്തിൽ ഒരു വിലാപഗാനം ആലപിക്കാം
നിന്നെ സംരക്ഷിക്കാൻ പക്ഷേ എനിക്കാവില്ല കാരണം ഞാൻ തിരക്കിലാണ്…