അനുഭൂതി ശ്രീധരന്
അവശിഷ്ടത്തിന്നുള്ളില്
പരതുന്നേനിടെ
വിരലറ്റംകൊണ്ടു
ചെറുകാതിപ്പൂവ്
ഒലിച്ചുചാടിയ മല-
വെള്ളത്തില്‍ ചീഞ്ഞ-
മണത്തിലഴുകിയ
നോവിന്റെ കണ്ണീരുപ്പ്
നരച്ചമുടിത്തുമ്പ്
പറിഞ്ഞ ഷര്‍ട്ട്,മേല്‍
മുറിഞ്ഞ കോണ്ക്രീറ്റിടെ
കാണാത്ത ഞരങ്ങല്‍
ഒത്തിരിക്കുവാനാര്,
എവിടെ കല്പടവ്
കെട്ടുപോയന്നാണാമോ
കാടിനടുത്ത വീട്
മാവിന്റെ തലപ്പുണ്ട്
ആയതുമൊഴുക്കത്ത്
ഞാന്നോറ്റ കൂരയോടെ
മണ്ണട്ടി വിഴുങ്ങിപ്പോയ്
ഞാന്‍പെറ്റ വീട് നാട്
നാവൂട്ടി വിളിച്ചത്
നീയെന്നു സ്വന്തമായ
വേദന പങ്കിട്ടത്
പാലിച്ചവാക്കും പോയി
കാലൊച്ച കേള്ക്കുന്നടോ….
നീ നീട്ടുമാഹാരത്തീ
ലീമനസ്സടങ്ങുമോ?
നീതരുമാശ്വാസത്തി
ലീമനസ്സുറങ്ങുമോ?
കാണുന്നു തളക്കാല്
കാണുന്നു താലികൂട്ട്
കാണുന്നു മെയ്യുരുമ്മി
പോയൊരു പൂച്ചക്കുഞ്ഞ്
കാണുന്നു…വയ്യ…വയ്യ..
കേള്‍ക്കുന്നു കുഞ്ഞിച്ചിരി….
ഞാനെവിടേയ്ക്കുമില്ല
ആരൊക്കെ വിളിക്കണ്…