റബീഹ ഷബീർ
ഏതോ നിമിഷം ഇമചിമ്മിയപ്പോളൊരു
ശലഭം പറന്നുപോയിരിക്കുന്നു.
അലറിവിളിച്ചു രണ്ടുടലുകൾ
കുഴഞ്ഞു വീഴുമ്പോളൊരു
സ്വർഗ്ഗം തകർന്നുവീഴുന്നു.
അബോധത്തിന്റെ സഞ്ചാരപദങ്ങളിൽ
തീപിടിച്ച തീവണ്ടികൾ തലയ്ക്കുള്ളിൽ
ചൂളം വിളിക്കുന്നു.
ആയിരം ഭാവങ്ങളിലേക്ക് ‘കുഞ്ഞെവിടെ’
യെന്നൊരൊറ്റ ചോദ്യം
വിവർത്തനം ചെയ്യപ്പെടുന്നു.
കിണറിന്റെയാഴങ്ങളിലേക്ക്,
പുഴയുടെ നിശ്ശബ്ദതയിലേക്ക്,
കാടിന്റെ നിഗൂഢതയിലേക്ക്,
യാചകന്റെ പ്രച്ഛന്നവേഷങ്ങളിലേക്ക്,
തെരുവിന്റെ ക്രൂരതയിലേക്ക്,
കാഴ്ച്ചക്കപ്പുറം ശലഭക്കുഞ്ഞിന്റെ
ചിത്രം വരയ്ക്കുന്നു.
കാലം ബോധത്തിന്റെ കുപ്പായമണിയിക്കുമ്പോളവർ
മൗനത്തിന്റെ കുന്നുകയറുന്നു.
ഇടയ്ക്ക് നിലവിളിയുടെ
പെരുമ്പറയിലേക്ക് പിടഞ്ഞു വീഴുന്നു.
ഓർമ്മകളുടെ മുള്ളുരഞ്ഞ് കാലിടറുന്നു.
ഉദ്ദ്യാനമാകെ തിരഞ്ഞു തിരഞ്ഞ്
വസന്തത്തിന്റെ വരവുകാക്കുന്നു.
“അമ്മേ” യെന്നവിളിയിലേക്കെപ്പോഴും
കാത്കൂർപ്പിക്കുന്നു.
അച്ഛന്റെ വിരൽതുമ്പിലാരോ
ഉമ്മവെക്കുന്നുവെന്ന് സ്വപ്നം കാണുന്നു.
കാലാന്തരങ്ങളുടെ പടിവാതിലിൽ
പ്രതീക്ഷയുടെ മിഴിനാളം തെളിച്ചു വെക്കുന്നു.
അലമാരയിൽ ചിത്രശലഭച്ചിറകുകൾ
ഉടലുതേടി വിങ്ങുന്നു.
ഒരു ശലഭം തൊടുന്നതും കാത്ത്,
ഓർമ്മകളുടെ കറപിടിച്ചുണങ്ങിയ
പൂക്കൾ വീടകം നിറഞ്ഞു നിൽക്കുന്നു.
വേരാഴ്ന്ന ഭൂമിയിൽ നിന്ന്,
ആകാശം തൊടാനൊരു ശലഭം പറന്നു വന്നോയെന്ന് നക്ഷത്രങ്ങളോടെന്നുമൊരു
ചോദ്യമെറിയുന്നു.
ആയിരം ചോദ്യങ്ങളുടെ കടൽ വറ്റിച്ച്,
ഹൃദയത്തിലൊളിപ്പിച്ച്,
തകർന്ന സ്വർഗ്ഗത്തിലിനിയും രണ്ടുനിഴലുകൾ
കാത്തിരിക്കുന്നു.!
അകലങ്ങളിൽ ഭീതിയുടെ പുതപ്പിനുള്ളിൽ
ചിറകില്ലാത്തൊരു ശലഭം പനിച്ചു വിറയ്ക്കുന്നു.!