തീവണ്ടി

തീവണ്ടി

പ്രേം കൃഷ്ണൻ

ടെയിൻ യാത്രയ്ക്കിടെ
വായിച്ച് കൊണ്ടിരിക്കെ
ചെറുതുരങ്കങ്ങൾ
കടന്ന് പോകവേ
കടലാസ്റ്റ് താളിലേക്ക്
നൈമിഷികമായ
ഇരുൾ പടരുമ്പോൾ
ഉളളിലൊരു
കറുത്ത വികാരം
ഉലഞ്ഞ് വിടരാറുണ്ട്.

അടുത്ത ഘട്ടം
വിണ്ടും വെളിച്ചമെത്തുമ്പോൾ
അത്രയും നേരം
മിണ്ടിക്കൊണ്ടിരുന്ന
അക്ഷരങ്ങളും
അൽപ്പനേരമെങ്കിലും
ഒരു സാധാരണക്കാരനെ പോലെ
അസ്വസ്ഥതയും വിരക്തിയും
കാട്ടിയാൽ
അത് കച്ചവട നിർബന്ധങ്ങളില്ലാത്ത
ഒരു സഹയാത്രികന്റെ
പച്ചയായ
പുസ്തകമാണെന്നുറപ്പിക്കാം.

പൊടുന്നനെ
കാലം തെറ്റിയെത്തിയൊരു
മഴത്തുള്ളി
നിലത്തിരുന്ന്
വിയർത്ത് മയങ്ങുന്ന
ഒരു യാത്രക്കാരനെ
ചില ഓർമ്മകളിൽ
നാട്ടുവഴികളിലെത്തിച്ചേക്കാം.

പൊതു വിജ്ഞാനം
വീണ്ടും വീണ്ടും
പറഞ്ഞ് തെളിയിക്കുന്ന
ഒരമ്മയ്ക്കും
പെൺകുട്ടികൾക്കുമിടയിലേക്ക്
സൊമാലിയൻ മരുഭൂമിയിലെ
ഒരു ബാലിക
അടുത്ത
ജീവിത വേനലിലേക്ക്
തിരളുന്ന ചിത്രം
കടന്ന് വന്നേക്കാം.

ഒച്ച കേൾപ്പിച്ച് പോകുന്ന ട്രെയിനും
ഒച്ചയില്ലാതകത്തിരിക്കുന്ന
ആളുകളും
ട്രെയിൻ
ട്രെയിൻ
എന്ന് പുറത്തും
അകത്തും
പറഞ്ഞ് കൊണ്ടിരിക്കേ
എല്ലാവരും
പല പല തീവണ്ടികളായി
ഇടത്തേക്കും വലത്തേക്കും
ജനൽക്കാഴ്ച്ചകളിലൂടെ
പാഞ്ഞ് പോവുകയാകാം….