ദത്തു
തുരുമ്പിച്ച സങ്കൽപ്പവികാരങ്ങളെ
വിഭ്രമത്തിന്റെ പലകയിലൂന്നി
അക്കമിട്ട്,
ആറടി വലിപ്പത്തിൽ
നിരത്തിവച്ചിരിക്കുന്ന
കൗതുകാഗാരത്തിലേക്ക്
ഊളിയിട്ടപ്പോൾ
മറ്റുള്ളവന്റെ വളർച്ചയിൽ
കണ്ണിനൊപ്പം മനസുകൂടി
നായ്ക്കുരണപ്പൊടിയിൽ
വഴറ്റിയെടുത്തവന്റെ
പുറംമൂച്ചിലെ
തുരുമ്പിച്ചയാദ്യവികാരം
..സന്തോഷം…
പേരറിയാത്ത നോവിന്റെ
ചിതയൊരുക്കങ്ങളിൽ
കുന്തിച്ചിരുന്നു
താടിക്ക് കൈ കൊടുക്കുന്ന
അല്ലലില്ലാത്തവന്റെ
കൈകാലിട്ടടി.
… സന്താപം…
എന്തിനെന്നില്ലാത്ത
കുതിച്ചുചാട്ടങ്ങളിൽ
ഒളിച്ചുവയ്ക്കുന്ന
നോവിന്റെ മറുപുറം
.. ദേഷ്യം…
കീശയിൽ
കാശില്ലാത്തപ്പോൾ മാത്രം
പൊട്ടിമുളയ്ക്കുന്ന
ഹൃദയത്തിന്റെ
ഒറ്റ വിശപ്പ്.
… ദയ….
സ്വന്തമാകുന്നിടം വരെ
അനുസ്യൂതമൊഴുകുന്ന
പുഴയെന്ന് നിർവചിച്ച
തുരുമ്പു മൂത്ത നുണകഥ
… പ്രണയം…
മുങ്ങാംകുഴിയിട്ടാൽ
പിന്നെ കരകാണാൻ
കഴിയാത്ത
ചാപല്യങ്ങളുടെ
പായൽ പുതപ്പ്
.. ഭയം…
എത്ര തുരുമ്പിച്ചിട്ടും
മാറ്റൊട്ടും കുറയാത്ത
വികാരങ്ങളുടെ
രാജകുമാരൻ.
… വിശപ്പ്…
ഇങ്ങനെ നിരത്തിവച്ച
സപ്തസൗധങ്ങളിൽ
ഊളിയിട്ടുണരുന്ന
മർത്യന്റെ മനസാം
കൗതുകാഗാരം
മാറാല ചുമക്കാതിരിക്കട്ടെ..
*കൗതുകാഗാരം – മ്യൂസിയം/കിടപ്പറ