തെരുവു നായ്ക്കൾ

തെരുവു നായ്ക്കൾ

ഷാജി നായരമ്പലം

കൊന്നൊടുക്കുന്നൂ തെരു-
നായ്ക്കളെ; വിഷം തേച്ച
അമ്പുകൾ കുരയ്ക്കുന്ന
വായിലേക്കെയ്തും , പിന്നെ
കമ്പിയിൽ കുരുക്കിട്ടു
തൂക്കിലേറ്റിയും മഹത്-
കർമ്മമായ് സമൂഹത്തിൻ
രക്ഷിതാക്കളായ് വെൽവോർ.

സഞ്ചിതം മഹാധർമ്മ-
ഭാരവും വഹിച്ചിവർ
കൊന്നൊടുക്കുവാൻ പോന്നു
നായ്ക്കളെ മഹാ ഭാഗ്യം.
കണ്ണിലായ് കാരുണ്യത്തിൻ
കച്ചകെട്ടിയോർ നിജം
നെഞ്ഞിലെക്കാരുണ്യത്തിൽ
ചെന്നിണം ചാലിക്കയാം.

ഇന്നലെയാഫീസിന്റെ
താഴെയായ് വരാന്തയിൽ
കണ്ടു ഞാൻ മഹാവൃദ്ധ,-
നാവതില്ലിരിക്കുന്നു;
നേരമേറെയായെന്തു
നേടുവാനാമോ? കർമ്മ-
ഭാരമീ മട്ടിൽ വന്നു –
തേടുവാനെന്തോ കഥ!

കാരണം തിരക്കി ഞാൻ
പ്യൂൺ വശം, “മെയിന്റനൻസ്
വാങ്ങുവാനപേക്ഷയായ്
വന്നതാണു പോലച്ഛൻ“
മക്കളഞ്ചാറുണ്ടവർ
ആയകാലത്തേ സ്വന്തം
വസ്തുവൊക്കെയും ഇഷ്ട-
ദാനമായ് വശത്താക്കി.
അമ്മ കണ്ണടടച്ചിപ്പോ-
ളേകനാണൊരാശ്രയം
കയ്യിലെപ്പഴേ കാലൻ
കുടമാത്രമാണത്രേ.

“ആവതില്ലാഫീസറെ
ക്കാണണം; സ്റ്റെയർ കേസിൽ-
ക്കേറി മോളിലെത്തണം;
കാൽ വിറക്കുന്നൂ മോനേ…”

ഞാൻ വിറക്കുന്നോ? ആറ്
മക്കളെ മുളപ്പിച്ചു
വേരുറക്കുവോളവും
കാത്തകൈ കുടഞ്ഞിട്ടാ-
പേയ് പിടിച്ച മക്കളെ
നാടുകൊല്ലുമോ? നീളെ –
ത്തേടുകയിവർ കാണും
നായ്ക്കളെ വിട്ടേയ്ക്കുക!