അജി ദൈവപ്പുര
സ്കൂളിൽ പോകാതെ
ഭൂമിശാസ്ത്രം പഠിച്ച കുട്ടി പറയുന്നത്
മഴയിൽ നിന്നാണ് പുഴയുണ്ടാകുന്നത്
ഞങ്ങൾ പറയുന്നു
വെയിലു കൊണ്ട് കറുത്ത കടലമ്മയെ കാണാനുള്ള
വെമ്പൽ കൊണ്ടാണ് …
അമ്മയെ നോക്കി കൊണ്ടാണ്
അച്ഛന്റെ യാത്രകളെങ്കിലും
അവർ അകലങ്ങളിലായിരുന്നു
ചൂടേറ്റ് പിടയുന്ന അമ്മയുടെ മടിയിൽ നിന്ന്
രൂപങ്ങളില്ലാതെയാണ് ഞങ്ങൾ മുകളിലേയ്ക്ക്
യാത്ര ആരംഭിച്ചത്
കറുപ്പിലുറച്ച് കാർവർണ്ണമായി
കരിമേഘങ്ങളായി
അമ്മയുടെ പിൻവിളി
ഭൂതുമായി വന്ന കാറ്റിനൊപ്പമായിരുന്നു
മടക്കം
മണ്ണ് മണക്കുന്ന ഭൂമിയുടെ ഉള്ളറകളിൽ
ഊളിയിട്ട്
ശക്തി പ്രവാഹിനികളായി
പല നാട്ടിൽ പല പേരുകളിൽ
ജാതിമത വർണ്ണ വർഗ്ഗമില്ലാതെ
ഏവരെയും ഉൾക്കൊള്ളുന്ന
കാക്കയെ പോലെ
തിമിർത്തൊഴുകിയിരുന്ന ഞങ്ങളെ
ഭൂഗുരുത്വമാണത്രേ വേരുകൾക്കിടയിൽ
അടക്കം ചെയ്തത്
കറുത്ത കടലമ്മയെ തേടിയുള്ള
യാത്രകൾ പെരുവഴിയിൽ…
ഇന്നലെയാണ് ആകാശവാണി
സത്യം പുറത്ത് വിട്ടത്
രുദ്ധിരപ്പുഴകൾ കടലിലേയ്ക്ക് ഒഴികിയെത്തുന്നത്രേ
പുഴകൾക്ക് മരണമില്ലെന്ന് പറഞ്ഞവരുടെ
നാക്ക് പൊന്നായിരിക്കട്ടേ