അജിത്രി
നടിയായിരുന്നൊരു കാലത്ത്…
മീശവരച്ച് നിന്നെയെഴുതിയെഴുതി..
രോമമില്ലായ്മയെ
രോമാഞ്ചമാക്കി
രാധ ടീച്ചർ പറഞ്ഞ പടി
ഞാൻ തകർത്താടി.
ഹാജിയാരുടെ വേഷം
മറികടക്കാൻ നോക്കുന്നു
എന്ന കിംവദന്തിയിൽ
എന്നെ തൂക്കിയിട്ടത്
കുശുമ്പി ദമയന്തി.
‘ ഒട്ടുമോർത്തതേയില്ലല്ലോ ഞാൻ
നിന്റെയഭിനയ സദിരിൽ
എന്റെ പോരായ്മകൾ “
ഞാനൊരു കാറ്റിന്റെ
അല ഞൊറിഞ്ഞേയുള്ളൂ
മഴയുടെ തോളിൽ
ചാരി ഇരുന്നേയുള്ളൂ
അധികപറ്റാവാനൊട്ടുമിട
നൽകി നിന്നിട്ടില്ല.
നിൽക്കുകയുമില്ല.
മഴ ചൊരിച്ചിലൊരു
ഓടയിലെത്തി
മൂക്കുപൊത്തി
കൈത്തോടിലെത്തും പോലെ
അത്ര മോശമല്ലാതെ,
നാടകനടിയുടെ വേഷം നനഞ്ഞ് ചിതറി വീണ
ഗട്ടറിൽ പെട്ട് സ്കൂട്ടി
റോഡിലൊട്ടിയൊട്ടി പിന്നെയുമൊട്ടി പൊട്ടി
ഒട്ടിച്ചേർന്നു പോയ പോലെ
വേഷമെല്ലാം
അഴിഞ്ഞു വീണു..
നീ വേറെയും ഞാൻ ഏറെയും തമ്മിൽ മുറിഞ്ഞ നിമിഷങ്ങളോർത്ത്
വേദനകളോർത്ത്… ഏത് ജീവിത വേദി തൻ പടി യിറക്കത്തിലാണ് നാം
വീണ്ടും ചീന്തിപ്പോയത്? എന്നോർത്ത്..
അടുത്ത ബെല്ലിനായ് കാത്തിരിക്കാറേയില്ല യൊട്ടും സഖേ ..
നാടകം തീർന്നു പോയ്
നാടകാന്തം കവിത്വവും.