ശ്രീലക്ഷ്മി രാജീവ്
”തിരക്ക്, തിരക്കാണെല്ലാവർക്കും. ആർക്കു വേണ്ടിയാണീ തിരക്ക്. പണമുണ്ടാക്കാൻ, മക്കളെ പഠിപ്പിച്ച് ഉയർന്ന നിലയിലെത്തിക്കാൻ . പക്ഷെ ഈ തിരക്കിനിടയിൽ സ്വന്തം മക്കളോട് സ്നേഹത്തോടെ ഒരു വാക്കു പറയാൻ, അവരുടെ വാക്കുകൾക്ക് ചെവിയോർക്കാൻ, മാതാപിതാക്കൾക്കൊപ്പം കഴിയാൻ. ഒന്നിനും സമയം കിട്ടുന്നില്ലെങ്കിൽ ഈ ജീവിതത്തിനെന്തർത്ഥം.
‘ രവി എന്താ വലിയ ചിന്തയിലാണല്ലോ?’
തിരിഞ്ഞു നോക്കിയ രവി കണ്ടത് ചെറുപുഞ്ചിരിയോടെ നിൽക്കുന്ന സെബാസ്റ്റ്യനെയാണ്.
“ഏയ് ഒന്നുമില്ല, ഈ പട്ടണത്തിലെ ജീവിതം. അതു തന്നെയാ ചിന്തിച്ചത്. മേലധികാരികളുടെ നിയന്ത്രണത്തിൽ രാപ്പകലില്ലാതെ ജോലി ചെയ്യുന്ന മനുഷ്യ യന്ത്രങ്ങൾ. അതല്ലേ നമ്മൾ …”
” അതു വിട് നീ ഇത്തവണ ലീവിന് നാട്ടിൽ പോകുന്നില്ലേ.”
എങ്ങനെയെങ്കിലും ലീവ് ഒപ്പിച്ചെടുക്കണം. മക്കൾ ഇതും പറഞ്ഞ് ഇപ്പഴേ ബഹളം തുടങ്ങി.
” ഇനി വരുമ്പോൾ കടുമാങ്ങ അച്ചാർ കൊണ്ടു വരണേ. അതിന്റെ രുചി ഇപ്പഴും നാവിൽ നിന്ന് മാറിയിട്ടില്ല. നിന്റെ അമ്മയുടെ കൈപുണ്യം:” പുഞ്ചിരിയോടെ രവി തന്റെ ബാഗുമെടുത്ത് പുറത്തേയ്ക്കിറങ്ങി.
കുട്ടികളുടെ ബഹളം കേട്ട് രവി ഉറക്കത്തിൽ നിന്നുണർന്നു. ജനൽ പാളികൾ തുറന്നു. സൂര്യകിരണങ്ങൾ അയാളുടെ മുഖത്തു തട്ടി. ‘ഹൊ ! ഇന്ന് എഴുന്നേൽക്കാൻ അല്പം വൈകി “.
”അച്ഛാ വേഗം റെഡിയാക് നമുക്ക് മുത്തശ്ശിയുടെ വീട്ടിൽ പോകണ്ടെ. “
രണ്ടു പേരും വന്ന് അച്ഛന്റെ കയ്യിൽ പിടിച്ച് വലിച്ചു.
“നിങ്ങൾ റെഡിയായോ. അച്ഛൻ ദാ വരുന്നു മക്കളേ”
എല്ലാവരും യാത്രയ്ക്ക് തയ്യാറായി.
പൊൻകതിർ വിളഞ്ഞു നിൽക്കുന്ന നെൽപ്പാടം. കാറ്റിലാടിയുലയുന്ന നെന്മണി മുത്തുകൾ. കളകളമൊഴുകുന്ന അരുവികൾ, വെള്ളാരം കല്ല് പെറുക്കാൻ അരുവിയിൽ കളിക്കുന്ന കുട്ടികൾ, മരത്തിൽ കൂടു കൂട്ടുന്ന തൂക്കണാം കരുവികൾ. കിളികളുടെ കളകളശബ്ദം. പ്രകൃതി രമണീയമായ ഗ്രാമം.
രവി വണ്ടിയിൽ നിന്നിറങ്ങി. അയാൾക്ക് ജീവവായു ലഭിച്ചതു പോലെ തോന്നി. കുറെ നാളുകൾക്കു ശേഷം ഒരിക്കൽക്കൂടി തന്റെ ജന്മദേശത്തേയ്ക്കു തിരിച്ചെത്തിയിരിക്കുന്നു. അയാൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. അവർ പാടവരമ്പത്തൂടെ വീട്ടിലേയ്ക്ക് നടന്നു.
പഴയതെങ്കിലും ഐശ്വര്യമുള്ള ഒരു വീടാണ് രവിയുടേത്. അവർ വീട്ടിലെത്തിയപ്പോൾ ഉമ്മറത്തു തന്നെ അവരെയും കാത്ത് രവിയുടെ അമ്മ ഭവാനി ഇരിക്കുന്നുണ്ടായിരുന്നു. “എന്താ മക്കളെ ഇത്ര വൈകിയേ. ഉച്ചയ്ക്ക് വരുംന്നല്ലേ പറഞ്ഞത് . നിങ്ങള് വല്ലോം കഴിച്ചായിരുന്നോ? “
“ഇല്ലമ്മേ ചോറെടുക്ക് “
“ഇത്രേം നേരായിട്ടും കഴിച്ചില്യേ പിള്ളേരക്ക് വെശക്കണിണ്ടാവും. വാ മക്കളെ . “അമ്മിണി വേഗം ചോറെടുക്ക് മോളേ “.
ഭവാനിയമ്മ തനിക്ക് സഹായത്തിനായി വീട്ടിൽ നിർത്തിയിരിക്കുന്നതാണമ്മിണിയെ. അനാഥയായ അവളെ എടുത്തു വളർത്തിയതാണ്. അവൾ ഈ വീട്ടിലെ ഒരംഗം തന്നെയാണ്.
കുശാലായി സദ്യയും കഴിച്ച് രവി ഉമ്മറത്തേയ്ക്ക് നടന്നു. അതാ അവിടെ അച്ഛന്റെ ചാരുകസേരയിരിക്കുന്നു. അടുത്ത് അമ്മയുടെ മുറുക്കാൻ പാത്രവും. രവി ചാരുകസേരയിൽ നീണ്ടു നിവർന്നിരുന്നു. ഒന്നു മുറുക്കിയാലോ ? പിന്നെ മുറുക്കാൻ പെട്ടി തുറന്ന് വെറ്റിലയുടെ ഞെട്ടൊടിച്ചു കളഞ്ഞ് അതിൽ ചുണ്ണാമ്പു തേച്ച് അടയ്ക്കയും കൂട്ടി വായിൽ വച്ച് നന്നായി ചവയ്ക്കാൻ തുടങ്ങി. മുറ്റത്തേയ്ക്ക് ഒന്നാഞ്ഞു തുപ്പി. കുറെ നേരം കസേരയിലിരുന്നു. രവി തന്റെ കണ്ണുകൾ പതിയെ അടച്ചു. ഉറക്കം അയാളെ തഴുകി.
ഒരു വലിയ ശബ്ദം കേട്ടാണ് രവി ഉണർന്നത്. നോക്കുമ്പോൾ താൻ ഓഫീസിലാണ് ഇരിക്കുന്നത്. മുന്നിലതാ പാതി കഴിച്ച ബർഗർ. രവി പതിയെ ജനലരികിലേയ്ക്ക് കസേര നീക്കി പുറത്തേയ്ക്ക് നോക്കി. പുറത്ത് നല്ല തിരക്ക് തന്നെ. അയാൾ പതിയെ എഴുന്നേറ്റ് മാനേജറുടെ മുറിയിലേയ്ക്ക് നടന്നും മുറിയുടെ വാതിൽ പതിയെ തുറന്നു ചോദിച്ചു.
” മേ ഐ കം ഇൻ സർ”
“യെസ് കം ഇൻ”
രവി അകത്തേയ്ക്ക് കയറി.
” ഇരിക്കൂ. എന്താ കാര്യം?”
രവി മുന്നിലെ കസേരയിൽ ഇരുന്നു കൊണ്ടു പറഞ്ഞു.
“സർ എന്റെ ലീവിന്റെ കാര്യം “
” എന്താ രവി ഇത്. എത്രയധികം വർക്കുകളാണ് പെൻഡിങ്ങായി കിടക്കുന്നത്. ഇപ്പോൾ ജോലിയിൽ ശ്രദ്ധിക്ക്. മറ്റൊന്നും മനസ്സിൽ വേണ്ട. ഇനി ഇതും പറഞ്ഞ് ഇവിടേയ്ക്ക് വരരുത്.” ദേഷ്യത്തോടെ ഒരു നോട്ടം നോക്കിക്കൊണ്ട് മാനേജർ പറഞ്ഞു. മാനേജറുടെ തീക്ഷ്ണമായ നോട്ടം രവിയുടെ കണ്ണുകളിൽ അസ്ത്രം പോലെ പതിച്ചു. അയാൾ റൂമിൽ നിന്നും പുറത്തേയ്ക്ക് നടന്നു. ഒരു മനുഷ്യയന്ത്രത്തെപ്പോലെ.