നിലം തൊട്ട കവിത

നിലം തൊട്ട കവിത

അജിത്രി

കവിതയെന്നാൽ
തേങ്ങ വെന്ത
മണമുള്ള
വഴുവഴുക്കലുകളാണ്

വരികളിൽ നിന്നും
തോട്ടിലേക്കൊഴുകിയെത്തുന്ന ജലധാരകൾ
നയൻതാരയുടെ
കണ്ണുകൾ
കൊരുത്തിയിട്ട
നീലാകാശത്തിലെ
നിറമുള്ള പട്ടങ്ങൾ
പൂവാംകുറിഞ്ഞി
പെണ്ണിനുണ്ടൊരു കുരുന്നു പോലുള്ള മനസ്സെന്നും
തൊട്ടു തൊട്ടു നടക്കുന്ന
കാറ്റിനെ പിരിയാൻ
പൂവാംകുറുന്നിലയ്ക്കാവുമോ? എന്നും
അതും പാടാറുണ്ട്.

ഇടയ്ക്കുവെച്ച്
മൂത്ത കവിതകൾ
സ്വർഗം
കാണാൻ പോകും
കവിതാ ബാറിലെ
സ്ഥിരം സന്ദർശകർ
കരഞ്ഞ് വിളിച്ച്
അനുശോചിച്ചു കൊണ്ട്
മസാല കടല കൊറിച്ച്
അവരെഴുതിയ വരികളിലെ തളരാത്ത
സ്വപ്നങ്ങളെ തൊട്ടിലാട്ടും.

മുഖ്യധാര
കവിതയിലോ
സമാന്തര കവിതയുടെ തോളിൽ ചാഞ്ഞോ
കവികളുടെ കളറ് ഭൂപടം വരച്ചു കൊണ്ടിരിക്കും.

മരിയ്ക്കുമ്പോൾ
മാത്രം ജീവിക്കുന്ന
ചില കവികളുണ്ട്.
ഒരു മഴയായ് വന്ന്
പ്രളയമായ്
ഇടയ്ക്ക് വരാം
എന്ന് ഭീഷണി മുഴക്കുംപോലെ
ഇടി മുഴക്കമായ്
വരുന്ന കവികളുമുണ്ട്.
ജീവിച്ചിരിക്കുന്ന അക്കൂട്ടർ
കവിതയെഴുത്തു
നിർത്തിയെന്നോതി കാറ്റിനൊപ്പം പാറ്റുന്നവർ മാത്രം!

പിന്നെപ്പോഴോ
മരിച്ചു പോകുമല്ലോ
എന്ന നീറുന്ന ഒരോർമ്മയുടെ
ഔപചാരികതയുടെ
അതിർ വരമ്പിൽ നിന്ന് മറഞ്ഞുപോയ നദി പോലെ
വരണ്ടില്ലാതാവുന്ന
പാവം മാനവ ഹൃദയങ്ങളും ഉണ്ട്.

കവിതതനിച്ചാകുന്ന
സമയമില്ല.
ഓർമകളെ
സ്ഥാനം തെറ്റിയ
വരികളെ മിനുക്കി
ചായം തേച്ച്
കാവ്യലോകത്തിലേക്ക്കൊളുത്തിയിടും
ത്രിസന്ധ്യയെ
കണ്ണുകളിലാവാഹിച്ച
ഒരു പാവം നാടൻ കവിത.