നിർമ്മാല്യം

നിർമ്മാല്യം

സുധ തെക്കെമഠം

“അപ്പോ നീ ശരിക്കും പോവാൻ തന്നെ തീരുമാനിച്ചോ “
കുളപ്പടവിൽ ഇരുന്ന് സിന്ധു ചോദിച്ചു .ചോദ്യം വെള്ളത്തിൽ ചെന്നു തട്ടി കുളത്തിലാകെ പ്രതിധ്വനിച്ചു. വിറയലോടെയുള്ള ആ ചെറിയ ശബ്ദത്തിന് ഇത്രയും ശക്തിയുണ്ടായിരുന്നോ എന്നോർത്ത് അവർ രണ്ടു പേരും പേടിച്ച് മുഖത്തോടു മുഖം നോക്കി നിന്നു. താമരയുടെ വായിൽ നിന്നു വീഴുന്ന മറുപടിയക്ഷരങ്ങൾ പെറുക്കി വിഴുങ്ങാനോങ്ങി കുളവും പരിസരവും ജാഗരൂകമായി .സൂര്യൻ അന്ത്യാളൻ കുന്നിന്റെ ചെരിവു തേടി യാത്ര തുടങ്ങിയിരുന്നു. കയ്യിലെ നിലവിളക്കിന്റെ കുറ്റിയിൽ ഒന്നു കൂടി അമർത്തി തേച്ച് താമര പറഞ്ഞു ..

” പോയാൽ.. അറിയില്ല. ചെലപ്പോ എനിക്കൊരു ജീവിതം കിട്ടും. അല്ലെങ്കി ഞാൻ നശിക്കും. എന്തിനായാലും ഈ അഴുക്കിന്ന് ഒരു മാറ്റാവൂലോ”
കരിന്തിരി കത്തിയും നേദ്യം കരിഞ്ഞും കറുപ്പ് പിടിച്ച ഓട്ടുപാത്രങ്ങൾ. കാലഘട്ടങ്ങളുടെ പ്രാർത്ഥനാ ശേഷിപ്പുകൾ. എത്രതേച്ചാലും നിറംവെക്കാത്ത ദൈവ സാക്ഷികൾ ..പ്രാർത്ഥനകളും വഴിപാടുകളും കേട്ടുകേട്ട് കറുത്ത് പോയതാവുമോ ..ശ്ശൊ. വേണ്ട ദൈവ ദോഷം പറയുന്നോള് എന്നൊരു ചീത്തപ്പേര് ഇപ്പോഴേ ഉണ്ട്. താമര കൈ രണ്ടും കഴുകി പാവാടയിൽ അമർത്തിത്തുടച്ചു. തുടച്ചു തുടച്ച് അവിടെയും കറുത്ത നിറം. എത്ര കഴുകിയാലും പോകാത്ത കറുപ്പുകൾ. താമര പടവിൽ നിന്നും ഫോൺ എടുത്ത് ഇമോജികൾക്കൊപ്പം യാത്രതുടങ്ങി.

“ആരാ അവടെ? എടുത്തൂ പാത്രങ്ങളൊക്കെ “
തിടപ്പള്ളിയിൽ നിന്ന് അശരീരി ഉയരുന്നുണ്ട്. അമ്പിസ്സാമി എത്തിയോ.
“ഈ പട്ടര്ക്ക് എന്റെ പേരൊന്ന് വിളിച്ചാ എന്താ? അയിത്താവോ ആവോ ?”
സിന്ധു താമരയുടെ മുഖത്തു തന്നെ നോക്കി നിന്നു. കയ്യിലെ പഴയ സ്മാർട്ട് ഫോണിന്റെ മങ്ങിയ സ്ക്രീനിൽ തന്നെയാ ണ് കണ്ണ്. ജീവിതം തന്നെ മാറി മറയാൻ പോകുന്നു എന്ന ചിന്തയൊന്നും ആ മുഖത്തില്ല. ആട്ടക്കളത്തിനുള്ളിൽ നിന്ന് ആൺ കുട്ടികളോട് പൊരുതിയിരുന്ന അതേ ഭാവം .അവർ കാലേക്കൂട്ടി തന്ത്രങ്ങൾ മെനഞ്ഞു നിൽക്കും. ഒരു പീറപ്പെണ്ണിനോട് തോൽക്കാതിരിക്കാൻ. പക്ഷേ. താമരയുടെ മുമ്പിൽ തോറ്റ് അപമാനം കൊണ്ട് ചുവപ്പിച്ച മുഖവുമായി അവരോരോരുത്തരും സ്ഥലം വിടും. അല്ലെങ്കിൽ ഒരു വലിയ വഴക്കിന് തുടക്കമിടും. എല്ലാ പെൺകുട്ടികളും നടക്കുന്ന വഴി ആയിരുന്നില്ല അവളുടേത്. ആട്ടക്കളവും ഏറു പന്തും കളിച്ച് ആൺകുട്ടികളോട് തല്ലുകൂടി നടക്കും..

“ആ മരം കേറി പെണ്ണിന്റൊപ്പം നാടു നെരങ്ങാന്ന് നീയ് കരുതണ്ട സിന്ധൂ .ഇവടെ ചോയ്ക്കാനും പറയാനും ആണ്ങ്ങള്ണ്ട് .. എന്നാലും ,കാവിലമ്മടെ വെളിച്ചപ്പാടിന് ഇങ്ങനൊന്ന് പെറന്നൂലോ”

താമരയുടെ ഒപ്പം കളിച്ചു നിന്ന് വൈകിയതിന് അമ്മ ഉറഞ്ഞു തുള്ളുകയായിരുന്നു.

“ശാപം … ഭഗോതീടെ ശാപം. അല്ലാണ്ടെന്താ.നാടു കണ്ട്ട്ടില്ല്യ ഇത്ര ചൈതന്യള്ളൊരു വെളിച്ചപ്പാടിനെ. ദൈവായിട്ടല്ലേ കരുതീർന്ന് എല്ലാരും. ചതിക്കല്ലേ ചെയ്തെ. ആ ശാപം അനുഭവിക്കാണ്ടിരിക്ക്വോ? അന്ന് കെടന്ന കെടപ്പല്ലേ ആ ഭാമ.”

മുത്തശ്ശി മുറുക്കാൻ പൊതിയുടെ ഒപ്പം പഴങ്കഥക്കെട്ട് ഒന്നഴിച്ചു മുറുക്കി.ഭാമ താമരയുടെ അമ്മയാണ്. കഷായത്തിന്റെ യും മൂത്രത്തിന്റെയും മണവും ഇരുട്ടും കൂടിക്കുഴഞ്ഞു കിടക്കുന്ന മുറിയിൽ നിന്നും പുറത്തേക്കു വരുന്ന ദീന ശബ്ദങ്ങളാണ് അവരിന്ന്. ഒരിക്കലേ കണ്ടിട്ടുള്ളൂ. പിന്നീട് പല തവണ താമര വിളിച്ചിട്ടും ആ വഴി പോകാതെ ഒഴിഞ്ഞു മാറുകയായിരുന്നു. മുഴുവൻ പറയില്ല, ആരും .എന്തിനെയൊക്കെയോ ഭയമാണ് എല്ലാർക്കും. കുമാരൻ വെളിച്ചപ്പാടിന്റെ പേര് ഉച്ചരിക്കാൻ പോലും മടിയാണ്. ആ അകറ്റിനിർത്തലായിരുന്നോ താമരയുടെ മുരട്ടു സ്വഭാവത്തിന് കാരണം? കിടപ്പിലായ അമ്മയെ നോക്കലും അമ്പലത്തിലെ പാത്രം കഴുകലും കഴിഞ്ഞ് നാടു നിരങ്ങാനിറങ്ങും. കാണുന്നവരോടൊക്കെ തല്ലും വഴക്കും നടത്തും. ‘വെളിച്ചപ്പാടിന്റെ മകള്’ എന്ന വിശേഷണത്തിൽ തുടങ്ങുന്ന ചീത്ത വിളികൾ മുഴുവൻ കേൾക്കും. ആരോടൊക്കെയോ ഉള്ള പക നിറഞ്ഞ് ചുണ്ടും കണ്ണും കൂർക്കും. പല്ല് ഞെരിഞ്ഞമരും. രോഷം നിറഞ്ഞ വാക്കുകളെ അമ്പലക്കുളത്തിൽ മുക്കിത്താഴ്ത്തും.

“കൊല്ലണം, എല്ലാ പട്ടികളേം. ചതിച്ച് കള്ളനാക്കി കൊന്നതാ ഇന്റച്ഛനെ .കൊല്ലും ഞാൻ. എന്നിട്ട് ഈ അമ്പലത്തിന് തീവെക്കും. നോക്കിക്കോ ഒരു ദിവസം ആ വാളെടുത്ത് ഞാനൊന്നു ഉറഞ്ഞു തുള്ളും. എന്റെ നേർക്ക് പരിഹാസനോട്ടമെറിഞ്ഞ മുഖങ്ങളിലേക്ക് പകയുടെ കനലുകൾ വലിച്ചിടും”

പല രാത്രികളിലും ചെമ്പട്ടുടുത്ത് വാളേന്തി കലി തുള്ളി അവൾ മുന്നിൽ വന്നു. നെറ്റിയിലെ വെട്ടിൽ നിന്നും ഒലിച്ചിറങ്ങിയ ചോര നാവിലൂടെ ഒഴുകി ഒറ്റി വീണു കൊണ്ടിരുന്നു. മനുഷ്യച്ചോരയുടെ രൂക്ഷഗന്ധം മൂക്കിലടിച്ച് ഉറക്കം ഞെട്ടി എഴുന്നേറ്റ എത്ര രാത്രികൾ

അമ്പലത്തിൽ മാല കെട്ടാൻ വരുന്ന അമ്മിണി വാരസ്യാരാണ് കഥ മുഴുവനാക്കി തന്നത്.വാരസ്യാരുടെ കണ്ണിൽ ഇപ്പോഴുമുണ്ട് താമരയുടെ അച്ഛന്റെ രൂപം.
“വെളിച്ചപ്പാടിന് തീർച്ചപറയാൻ വന്ന രാമേന്ദ്രപ്പണിക്കര് കവിടി ഒന്ന് വാരി വെച്ചേള്ളു . ലക്ഷണം തെളിഞ്ഞു.ഇത്രേം ദൈവസാന്നിധ്യള്ള ഒരു വെളിച്ചപ്പാട് ണ്ടായിട്ടില്ല്യ. കെഴക്കേലെ പാലും വെള്ളരി. ഇയ്ക്ക് ഇപ്പഴും ആലോയ്ച്ചാ കുളിര് കോരും. അമ്മേ ന്നങ്ങ്ട് വിളിച്ച് ഉറഞ്ഞ് തുള്ളി വന്ന് നെറ്റീലങ്ങട് വെട്ടും. ആ രൂപോം ചോര ഒലിക്കണ മുഖോം .പക്ഷെ, അന്ന് തിരുവാഭരണം കാണാണ്ടായ കോലാഹലം ചില്ലറല്ല.. അവസാനം കുമാരൻ വെളിച്ചപ്പാടാണ് എടുത്തത് എന്ന് പ്രശ്നത്തില് കണ്ടു. മാല ഭാണ്ഡത്തിന്ന് കിട്ട്യേ ദിവസം. കമഴ്ന്നടിച്ച് നടയ്ക്കല് വീണ് കരഞ്ഞങ്ങട് പോയതാ. പിറ്റേന്ന് ആലിന്റെ കൊമ്പില് …..ഭഗോതീ .. ഓർക്കാൻ വയ്യ.”

ആ വാള് ഇപ്പോഴും ഉണ്ട് താമരയുടെ വീട്ടിൽ .ഒളിച്ചുകളിയുടെ ഇടയിലെപ്പോഴോ മച്ചിൽ കേറി പതുങ്ങി ഇരുന്നപ്പോഴാണ് ഉത്തരത്തിൽ തിരുകി വെച്ച വാൾ കണ്ടത്. പേടിച്ച് തിരിച്ചോടാൻ തുടങ്ങിയപ്പോൾ താമര അമർത്തിപ്പിടിച്ചു സ്വകാര്യം പറഞ്ഞു.

“പേടിക്കണ്ട, അത് വെറും ഇരുമ്പ് കഷണല്ലേ .ഇനി പെറുക്കല്കാര് വരുമ്പോ വേണം എടുത്ത് കൊടുക്കാൻ . “

ആ വാള് ഇപ്പോഴും ഉണ്ടാവുമോ അവിടെ. അതോ പറഞ്ഞ പോലെ താമര വിറ്റിരിക്കുമോ. ‘

“നീയെന്താടീ നടക്കല് നിന്ന് പിറുപിറുക്കണേ.തൊഴുതൂടേ. .?

അമ്പലത്തിന്റെ തിണ്ണയിൽ കേറിയിരുന്ന് ഫോൺ നോക്കുന്നതിനിടയിൽ താമര ചോദിച്ചു. പാത്രം കഴുകലും അടിച്ചുവാരലും ഉണ്ടെങ്കിലും ഒരിക്കലും അവൾ പ്രാർത്ഥിക്കുന്നത് കണ്ടിട്ടില്ല. എല്ലാത്തിനോടും പക മാത്രം.
” ഞാൻ നോക്കുമ്പോ ഒന്നും ഒരു ദൈവത്തിനേം കണ്ടിട്ടില്ല.തിരിഞ്ഞ് നിക്കണ അമ്പിസ്സാമിടെ കോണകവാല് കാണും.. പിന്നെ,ഇന്റച്ഛനെ ചതിച്ച് കൊന്നപ്പോ കാണാത്ത ദൈവത്തിനെ ഇയ്ക്ക് വേണ്ട”

എവിടെനിന്നോ വന്നെത്തുന്ന സന്ദേശങ്ങൾക്കും ഇമോജികൾക്കും മറുപടി അയയ്ക്കുന്ന തിരക്കിലാണവൾ. ഇവയ്ക്കിടയിലെ ഏതോ ഒരു നമ്പറിലാണ് അവളുടെ ജീവിതത്തിന്റെ ഭാവി. ഇന്നു വരെ കാണാത്ത, പരിചയമില്ലാത്ത ആരുടേയോ പത്തക്കങ്ങൾ. ആലിൻ കൊമ്പത്തേയ്ക്ക് കാക്കകളുടെ ചേക്കേറൽ തുടങ്ങിക്കഴിഞ്ഞു. അന്ത്യാളൻ കുന്നിനു താഴേയ്ക്ക് ഇരുട്ടിറങ്ങി വരുന്നു. ഈ ഇരുട്ടിന്റെ കൈ പിടിച്ചാണ് അയാൾ വരിക. അവളുടെ രക്ഷകൻ.

” എന്നാലും താമരേ, ഈ മെസേജുകളെ മാത്രം വിശ്വസിച്ച്, അറിയാത്ത ഒരാളുടെ ഒപ്പം. പേടിയാവുന്നു. എനിയ്ക്ക് .”

അവൾ പൊട്ടിച്ചിരിച്ചു. ഒരു പുഞ്ചിരിയുടെ ഇമോജി എടുത്ത് ആർക്കോ അയച്ചു.

” നീ പേടിക്കണ്ട. ഒരു ചീത്തപ്പേര് വന്നപ്പോ ആലും കൊമ്പില് തൂങ്ങാൻ പോയ അച്ഛനെ പോലല്ല ഞാൻ. ഇത് ഞാൻ വിരിക്കുന്ന വലയാണ്. ഇരകൾ വരട്ടെ. എന്റെയീ ജീവിതത്തില് ഇതല്ലാതൊരു വഴിണ്ടാവില്ല. നിനക്കറിയാലോ ,വേഷം പാവാട ആണെങ്കിലും വയസ്സ് മുപ്പത്തഞ്ചും കഴിഞ്ഞു. സെന്ററിലെ ആലിക്കുട്ടീന്റടുത്ത് ന്ന് ഈ പഴേ ഫോൺ വാങ്ങീപ്പോ ഓൻ ഇതിന്റെ എല്ലാ ഉപയോഗോം ഒപ്പം വേറെ ചിലതും പഠിപ്പിക്കാൻ നോക്കി. നമ്മടെ ചുറ്റും കാണണ എല്ലാർക്കും രണ്ട് മുഖാ.
അപ്പോ,നന്മയിലേയ്ക്കായാലും തിന്മയിലേക്കായാലും ഞാനുറപ്പിച്ചു. ഇന്ന് രാത്രി …അവൻ വരും. എന്റെ ജീവിതത്തിലേയ്ക്ക്.”

” അപ്പോ, നിന്റെ അമ്മ .അവരോട് യാത്ര പറഞ്ഞോ ?”

ഫോണിന്റെ സ്ക്രീനിലും അവളുടെ മുഖത്തും ഒരുപോലെ വന്ന ഇരുളിനെ ഒരു വിരലനക്കം കൊണ്ട് തുടച്ചു മാറ്റി അവൾ പിന്നെയും ഒരു ജീവനില്ലാച്ചിരി ചിരിച്ചു.

“അഭയത്തിലെ ശാന്തേച്ചിയോട് പറഞ്ഞിട്ട്ണ്ട്.ഒരു ജോലി കിട്ടി പോവാണ്. അമ്മേ നോക്കണം എന്ന്. പിന്നെ, മുക്കാൽ ഭാഗോം മരിച്ചു കിടക്കണ ആളോട് എന്ത് യാത്ര പറയാനാ. ഇന്നലെ കുറേ നേരം ഞാൻ അമ്മേ കെട്ടിപ്പിടിച്ച് കെടന്നു. അമ്മേടെ ശരീരം മുഴുവനും തണുപ്പ്. പക്ഷേ കണ്ണിന്ന് എന്താന്നറിയില്ല. വെള്ളം.. തുള്ളി കളായിട്ട്…. ഇനി അമ്മേ കാണ്വോ ഞാൻ …അറിയില്ല.”

വാക്കുകൾ മുറിഞ്ഞു മുറിഞ്ഞു വീണു. ജീവിതത്തിൽ ആദ്യമായിട്ടാണ് അവളുടെ കണ്ണുനിറഞ്ഞു കാണുന്നത്. സാന്ത്വന വാക്കുകൾ ദൂരെയെങ്ങോ മാറി നിൽക്കുന്നു. നല്ലൊരു ജീവിതത്തിലേക്കാകട്ടെ ഇന്നത്തെ അവളുടെ യാത്ര എന്ന് പ്രാർത്ഥിച്ച് സാക്ഷിയായി നിൽക്കാനേ കഴിയൂ. അന്ത്യാളൻ കുന്നിന്റെ ചെരിവിലെ ഈ അടിമക്കാവിൽ നിന്നും അവളെങ്കിലും രക്ഷപ്പെടട്ടെ… കാലങ്ങളുടെ കറുത്ത മുദ്രകൾ വീണു കിടക്കുന്ന നാട്ടുചരിതത്തിന്റെ വരികൾക്കിടയിൽ കെട്ടു പിണഞ്ഞു പോകാതിരിക്കട്ടെ നീ. കുന്നിനു മുകളിലൂടെ കറുത്ത മേഘങ്ങൾ ആകാശം മറയ്ക്കുന്നു. കാറ്റടിച്ച് കലി കയറിയ പ്രകൃതി ഉറഞ്ഞു തുള്ളുന്നു. താമരയുടെ പ്രതീക്ഷയുടെ മേൽ തുടുത്ത മഴത്തുള്ളിയുടെ ആദ്യ ചുംബനം. ഇടിഞ്ഞു പൊളിഞ്ഞ മതിൽക്കെട്ടിലൂടെ, മരവിച്ച മനസ്സിലൂടെ മഴ പെയ്തിറങ്ങുന്നു. ഒഴുകിയ കലുന്ന മഴത്തുള്ളികളേ, ഒരനാഥപ്പെണ്ണിന്റെ സ്വപ്നക്കൂട് തകർക്കാതെ നിങ്ങൾ പെയ്തൊഴിഞ്ഞോളൂ. ആലിൻ കൊമ്പിലെ ഗതികിട്ടാ പ്രേതങ്ങളുടെ കണ്ണീരായും സന്തോഷമായും മഴ ആർത്തലച്ചു പെയ്തു വീഴുന്നു.