ഫെമിന ബീഗം എസ്
നീ മൂളും പാട്ടിന്റെ ഈണമാകാൻ
നീയെഴുതും കവിതതന്വരികളാകാൻ
നിൻ വിരൽത്തുമ്പിലെ ചിത്രമാകാൻ
നീ മെനയും വെണ്ണക്കൽ ശില്പ്പമാകാൻ
നിൻ നീലവാനിലെ മേഘമാകാൻ
നീയാകും പൂവിതളിൽ പെയ്തിറങ്ങാൻ
നിന്റെ പൂവാടികളിൽ പൂത്തുനിൽക്കാൻ
നിന്നിലൊരു പൂത്തുമ്പിയായ് പറക്കാൻ
നിന്നിരവിൽ കൺചിമ്മാത്താരകമാവാൻ
നിന്നിരുളിൽ പ്രഭതൂകും വെണ്ണിലവാകാൻ
നിൻ പീലിയിൽ നീയെഴുതും അഞ്ജനമാകാൻ
നിൻ ചൊടികളിൽ അഞ്ചുന്നൊരു പുഞ്ചിരിയാകാൻ
നിൻ മിഴികളിൽ നിറയും മഴവില്ലൊളിയാവാൻ
നിൻ കവിളിണ തഴുകുന്നൊരു തെന്നലാകാൻ
നിൻ പുലരിയിൽ തൂമഞ്ഞിൻ തുള്ളികളാവാൻ
നിൻ സന്ധ്യയിൽ നിറമണിയും ചാരുതയാകാൻ
നീ മിഴിപൂട്ടും നേരത്തൊരു താരാട്ടാകാൻ
നിൻ കനവിൽ ശ്രുതിമീട്ടും ഗായകനാകാൻ
അകതാരിൽ പ്രണയത്തിൻ മണിദീപവുമായ്
അവനെത്തും പിരിയാത്തൊരു ഹൃത്സ്പന്ദനമായ്…