പച്ചക്കറിത്തോട്ടം എന്ന സ്വതന്ത്ര റിപ്പബ്ലിക്

പച്ചക്കറിത്തോട്ടം എന്ന സ്വതന്ത്ര റിപ്പബ്ലിക്

താരാനാഥ്‌ ആർ

കുരുമുളകു വള്ളി പടർന്ന മാവിൻ കൊമ്പിൽ എരിവുള്ള മാങ്ങ !

കോവക്ക പടർന്നതെങ്ങിൽ..
കൈപ്പ പടർന്ന ഞാലിപ്പൂവനിൽ..
വെള്ളരിവള്ളി നീണ്ട സപ്പോട്ടയിൽ ..

സങ്കരയിന ഫലം കാത്ത്
മിശ്രവിവാഹിതരാകാൻ കൊതിക്കുന്ന
എല്ലാ പച്ചപ്പുകൾക്കും ആയി
ഒരു മാട്രിമോണിയൽ സൈറ്റ് !

അവിടെ ആർക്കും ആരിലും പടരാം
ഒരു രുചിയും ഒരു ഫലത്തിൻ്റേയും കുത്തകയല്ല !

ആയിരത്താണ്ടുകൾ തളച്ചിട്ട
തേങ്ങ , ചിരട്ട ഉടച്ചു പുറത്തേക്ക്
തെറിക്കുന്നു
ഉരുണ്ടിരുന്നവർ പരന്നിരുന്നവർ
നീണ്ടവർ കുറുകിയവർ
ആർക്കും ആരുമാവാം

കയ്പ്പില്ലാത്ത കയ്പ്പക്ക
പുളിയുള്ള ചീനമുളക്
എരിയുന്ന ഇരുമ്പൻ പുളി
കടല പോലെ ഉപ്പിട്ടു വറുത്ത കുരുമുളക്

അവിടെ ആർക്കും ഇഷ്ട രുചി സ്വീകരിക്കാം ..
പടരാൻ പന്തലില്ല
താങ്ങില്ല
വഴി വെട്ടലില്ല.

അതാണീ കൃഷിത്തോട്ടം
സ്വാഗതം .