രൺജിത് നടവയൽ
കത്തിച്ച സിഗരറ്റ്കണക്കെ
പെൺപ്രാവുകൾ പുകയുമ്പോൾ
വന്ധ്യ മെങ്കിലും വീർത്ത ബലൂൺ
കണക്കെ സന്ധ്യകൾ രാത്രി മുള്ളിന്റെ
തലോടലിൽ ശൂന്യമാകുന്നു
നഗരങ്ങളിലെ അഴുക്കുചാലിലെ ദുർഗന്ധം
പോലെ ഭയത്തിൻറെ വാട പടരുന്നു
പച്ച പുള്ളി പാവാട ഇട്ട ചിത്രശലഭം
വിഷപ്പൂക്കളുടെ ഗന്ധം അടിച്ചു
ആദ്യമായി പെണ്ണിനെ ചുവയ് ക്കുന്നു
വിശപ്പ് സംഘടിപ്പിച്ച ധർണയിൽ
പക്ഷി ,മൃഗ ,മനുഷ്യ, വ്യത്യാസം
ഇല്ലാതെ അണിചേരുമ്പോൾ
ജെ സി ബി നക്കിയെടുത്ത
വയലിനരികിലെ കുടിലുകളിൽ ഇരുന്ന്
കരിങ്കാലികളായ അമ്മമാർ യൂണിയനിൽ
അണിചേരാതെ രാപ്പകൽ ഭേദമില്ലാതെ
ആ ജിക്സോപസിൽ സോൾവ് ചെയ്യാൻ പാടുപെടുന്നു
എണ്ണ പുരളാത്ത ഇരുൾഗന്ധം ഏൽക്കാത്ത
തെരുവുകളിൽ ആരോ നട്ടു വച്ച ദൈവമരങ്ങളിൽ
നിന്നും ഉതിർന്നു വീണ പൂക്കൾ മണത്ത ചിലർ
ജിക്സോപസിലിൽ തോറ്റു കൊണ്ടിരിക്കുന്ന
അമ്മമാരെ നോക്കി കളിയാക്കി ചിരിക്കുന്നു
പൂവുകൾ എല്ലാം പെണ്ണിനെ
മാത്രമേ വിവർത്തനം ചെയ്യുന്നുള്ളൂ