പരിചയം

പരിചയം

കെ വി സക്കീർ ഹുസൈൻ

എവിടെയോ കണ്ടു
പരിചയമുണ്ടല്ലോയെന്നു
എവിടെയെന്ന്
എവിടെയായിരിക്കുമെന്നു
എത്ര ശ്രമിച്ചിട്ടും
കടിച്ച് കൊണ്ട് വരാനാവുന്നില്ല
ഓർമകൾക്ക് .
ചെറു കുടൽ മുതൽ
വൻ കുടൽ വരെയുള്ള അപ്രതീക്ഷിത
തിരക്കോളിൽ
ആടിയുലഞ്ഞു ഉടലാകെ.
ആകാശത്തേക്ക്
വലയെറിഞ്ഞു കണ്ണുകൾ വലയെറിഞ്ഞു
കാത്തിരിക്കെ
അതാ
വരുന്നു
തോക്കിനുള്ളിൽ നിന്ന്
വീണ്ടുമൊരു തിര
മനസ്സിലായോ …?

എന്ത് പറയണമെന്നറിയാതെ
ഞാൻ ചുരുണ്ടു
പതുങ്ങി പരുങ്ങിചുറ്റും നോക്കി
കര പറ്റാൻ.
എനിക്കറിയാം
മനസ്സിലായില്ലെന്ന് അതും കൂടി
അയാൾ തന്നെ പറഞ്ഞപ്പോൾ …?
വിടുന്ന മട്ടില്ലെന്നു മനസ്സിലായി .
(എന്തൊക്കെത്തരം
മനുഷ്യൻമാരാണെന്ന്
ഇയാൾ വെറുതെ വിടുന്നലക്ഷണമില്ലെന്നും
ഈ വൃത്തത്തിൽ നിന്ന്
എങ്ങിനെ പുറത്തേക്കു ചാടാമെന്നും
ആലോചിച്ചു )
അതെയെന്നു പറയണോ,അതോ
അറിയില്ല എന്നു പറയണോ
എന്നറിയാതെ ഉള്ളിലെ പുക
ആവിയായി പറക്കാൻ തുടങ്ങി .
അടിയറവു പറയാൻ വിധിക്കപെട്ട
വിധേയൻ ചുണ്ടടച്ചു വാക്കിന്റെ ആയുധപ്പുര മൂടി
പുറത്തു നിസ്സഹായനായി നിന്നു .
ഇങ്ങളെ ഇമ്ബിച്ചിപ്പാത്തുവിനെ
അറിയില്ലേ ,അവരുടെ
അമ്മായിയുടെ
എളാപ്പന്റെ മരുമകന്റെ
മകന്റെ
മകനാണ്
മൂന്നു വര്ഷം മുന്പ് ഒരു
കല്യാണ വീട്ടിൽ വെച്ച് നമ്മൾ തമ്മിൽ കണ്ടിരുന്നു
ഇപ്പൊ മനസ്സിലായില്ലേ.
ഇപ്പോഴും ഒന്നും മറുപടി പറയാൻ കഴിയുന്നില്ല
അറിയാമെന്നൊ അറിയില്ലെന്നോ
പറയാനാവാതെ തല താഴ്ത്തി നിന്നു .
രാവിലെ പറയുന്നത്
വൈകുന്നേരം
മറക്കുന്നത് കൊണ്ടാണ്
ഞങ്ങളിത്ര
അകന്നുപോയതെന്ന്
അയാൾക്കറിയില്ലല്ലോ