പരിഭവങ്ങളുടെ ഒളിയിടങ്ങൾ

പരിഭവങ്ങളുടെ ഒളിയിടങ്ങൾ

രമ പ്രസന്ന പിഷാരടി

മഴതിമിർക്കുമ്പോഴും വെയിലേറിടുമ്പോഴും
പറയുവാനെന്നും പരാതിയുണ്ടായിടും
ഹിമമണിഞെത്തുമീഹേമന്തസന്ധ്യകൾ
കുളിരുന്നുവെന്നു പറഞ്ഞുപോകുന്നു നാം
എഴുതരുന്നൊരു വാക്കു കേൾക്കുമ്പോഴെ
ഇരുകൈയിലും ഖഡഗമേന്തുന്നവർ നമ്മൾ
മരതകഖനികളിൽ മരണമേറുമ്പോഴും
പെരിയാറിലെ ജലം ഭയമായിടുമ്പോഴും
തളിരുകൾ പോളിമർ ചിത്രങ്ങളാകുന്ന
പുതിയതാം ചുമരുകൾ കണ്ടിരിക്കുമ്പോഴും
അരികിലെ മലിനമാം കൂടകൾക്കുള്ളിലായ്
അധികദാരിദ്രം വിശപ്പടക്കുമ്പോഴും
അകലെയാ *ഹൈതിയിൽ മണ്ണപ്പമുണ്ടാക്കി
രുചിയോടെ നുകരുന്ന ബാല്യമേറുമ്പോഴും
അതിഭീകരർ കൊന്നു തള്ളുന്ന ജീവന്റെ
വിധിയതിൽ പോലും കടും കെട്ടിടുന്നവർ
പഴിചാരിയന്യോന്യമൊരു നിർണ്ണയത്തിന്റെ
പഴയതൂക്കങ്ങളെ ശിരസ്സിലേറ്റുന്നു നാം
കുടിലിൽ നനഞ്ഞു നീറുന്ന ദു;ഖത്തിന്റെ
കുടമുടഞ്ഞൊഴുകുന്ന തീരദേശങ്ങളിൽ
കടമെടുത്തൊരു തുണ്ടുകയറിലായ് കർഷകൾ
കൊടിയെ ദു:ഖത്തെ നിശ്ശബ്ദമാക്കുമ്പോഴും
അവിടെയുമിവിടെയും കുറ്റങ്ങളേറ്റിനാം
ഹൃദയത്തൊരു കല്ലുപാത്രമായ് മാറ്റിടും
കനലാളിടുമ്പോഴും, പ്രളയം വരുമ്പോഴും
പരിഭവം പറയാൻ മറക്കാതിരിപ്പവർ
ഒരു വിലാപത്തിന്റെ ആർത്തഗാനത്തിലും
വെറുതെയൊരക്ഷരത്തെറ്റു തേടുന്നവർ.
പകലേറിടുമ്പോഴൊടുങ്ങും ദിനത്തിന്റെ
മുറിവിലായ് വീണ്ടും ത്രിസന്ധ്യ ജ്വലിക്കവേ
എഴുതിയും മായ്ച്ചും പതാകകൾ മാറ്റിയും

എഴുതാപ്പുറങ്ങൾ മെനഞ്ഞെടുക്കുന്നു നാം

*ഹൈതിയിൽ ദാരിദ്രം മൂലം മണ്ണും പഞ്ചസാരയും ചേർത്ത് ചുട്ടെടുക്കുന്ന ബിസ്ക്കറ്റുകൾ
കുട്ടികൾ ഭക്ഷിക്കുന്നു