നാസർ ഇബ്രാഹിം
ഒരാകാശവും
ഒരു ശിരസിനു മീതെയും
ഒരതിരടയാളവും
ഇന്നേവരെ
വരച്ച് ചേർത്തിട്ടില്ല.
ഉള്ളരിയുകയാണെങ്കിലും
ആഴത്തെ പുൽകാൻ വെമ്പുന്ന
വേരുകൾക്ക്
പർവ്വതം കൊണ്ട്
മറയിടാൻ
ഭൂമി
ഇന്നേവരെ
ചെറുതായി പോലും
ശ്രമിച്ചിട്ടില്ല.
പിന്നെ എന്തിനാണ്
നീ മാത്രം
തല മണ്ണിൽ ചേർത്ത്
നടക്കാനും
പാദങ്ങൾ
ആകാശത്തിനെതിരെ
ഉയർത്താനും
മിനക്കെടുന്നത് ….?
ജീവനോടെ
മറമാടിയ ആകാശത്തിന്റെ
വിത്ത്
നിലാവുള്ള രാത്രിയിൽ
സൂര്യന്റെ കണ്ണിൽ
മുളപൊട്ടുന്നതായി
തെരുവ് പുറത്താക്കിയ
ഭ്രാന്തൻ
കിനാവുകാണുന്നു.