മുർഷിനിയാസ് സി
ആപത്താണെന്ന് പറഞ്ഞുപഠിപ്പിച്ച നാവിനെ ഇപ്പോ ട്രെൻഡ് ആണെന്ന് വിശ്വസിപ്പിച്ച് സമൂഹത്തിൽ വലിയ ഇടം നേടിയ ഒന്നാണെല്ലോ ലഹരി.
ലഹരി ആരോഗ്യത്തിന് ഹാനീകരം എന്ന് വായിക്കാത്ത ഒരു ചുണ്ടും ഉണ്ടെന്നെനിക്ക് തോന്നുന്നില്ല, പക്ഷെ, ആ വായന ചുണ്ടിൽ മാത്രം ഒതുങ്ങി എന്നതാണ് സത്യം, മനസ്സിനെയോ ശരീരത്തെയോ പറഞ്ഞുപഠിപ്പിക്കാൻ കഴിയാത്ത ഈ വാക്ക്യം വെറുതെ ഒന്ന് വായിക്കുന്നതിൽ എന്ത് പ്രയോജനമെന്ന് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു.
പണ്ട് പ്രായം ചെന്നവർ ഉപയോഗിച്ച വീര്യം കുറഞ്ഞ ദിനേഷ് ബീഡിയിൽ നിന്നുമിന്ന് പത്തും പതിനൊന്നും വയസുള്ള കുട്ടികൾ ഉപയോഗിച്ചുവരുന്നത് വീര്യം കൂടിയ ഇനങ്ങളായ എൽ എസ് ഡി Tobacco, Marijuana, Cocaine, MDMA തുടങ്ങിയ നീണ്ട നിരതന്നെയാണ്.
ഓരോ ദിവസത്തെ മാധ്യമ വാർത്തകളും ആശങ്ക സൃഷ്ടിച്ച് കൊണ്ടിരിക്കുന്നു.
നവ മാധ്യമങ്ങളുടെ അമിതമായ ഉപയോഗം മൂലം നമ്മുടെ കുഞ്ഞുങ്ങളെ വല വീശി പിടിക്കാൻ കയ്യെത്താ ദൂരത്ത് ഒരു ശക്തമായ ലഹരി മാഫിയ ഉണ്ടെന്ന ബോധം എനിക്കും നിങ്ങൾക്കും ഉണ്ടാവേണ്ടതാണ്. കുഞ്ഞുങ്ങളെ അയക്കുന്ന വിദ്യാലയങ്ങളിൽ പോലും അവരെ വശത്താക്കാൻ പലരും പാത്തും പതുങ്ങിയുമിരിപ്പുണ്ട്.
“അപ്പൊ നിങ്ങൾ പറഞ്ഞുവരുന്നത് എന്റെ മകനെ / മകളെ ഇനി വിദ്യാലയത്തിൽ വിടേണ്ട എന്നാണോ?”
ഈ ചോദ്യം ആയിരിക്കും ഇത് വായിക്കുന്ന കേവലം ഒരു രക്ഷിതാവിന്റെ മനസ്സിൽ വന്നത്.
ഞാൻ ഒരിക്കലും അങ്ങനെ പറഞ്ഞില്ല, നമ്മുടെ കുഞ്ഞുങ്ങളാണ് നാളെത്തെ പൗരന്മാർ അവരുടെ വിദ്യാലയവും വിദ്യാഭ്യാസവും ഉറപ്പിക്കൽ ഇന്നത്തെ രക്ഷിതാവിന്റെ ഉത്തരവാദിത്വമാണ്.
പക്ഷെ, വിദ്യാലയത്തിൽ നാമയക്കുന്ന കുഞ്ഞുങ്ങൾ വെറും വാക്ക് കൊണ്ട് മാത്രമല്ല, മനസ്സ് കൊണ്ട് പറയണം അവനെന്റെ മകനാണ് അല്ലെങ്കിൽ മകളാണെന്ന്. മനസ്സ് കൊണ്ടെന്ന് പറയുമ്പോൾ? അതെ നമ്മുടെ മക്കൾക്ക് വേണ്ടിയതും അതിനപ്പുറവും സ്വാതന്ത്ര്യം കൊടുത്ത് വളർത്തണം എന്നതിലുപരി സ്വാതന്ത്ര്യത്തോടൊപ്പം നിയത്രണം വെച്ച് വളർത്തേണ്ടതുണ്ടെന്നാണെന്റെ കാഴ്ചപ്പാട്. അവർ പോകുന്ന പാതയും അവരിടപഴകുന്ന ആളുകളെയും കൂട്ടുകാരെപോലും നാം കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്.
കാരണം നമ്മുടെ മക്കൾക്ക് ശരിയേക്കാളടുത്ത് തെറ്റാണ് നിലനിൽക്കുന്നതെന്ന ബോധത്തോട് കൂടെ അവർക്ക് തെറ്റേത് ശരിയേത് എന്ന് പറഞ് പഠിപ്പിക്കേണ്ടതുണ്ട്.
എന്റെ മകൻ ഒരിക്കലും അങ്ങനെ ചെയ്യില്ല.?
എന്നടിവരയിട്ട് പറയും മുമ്പ് സ്വയം ഒന്ന് വിലയിരുത്തേണ്ടതുണ്ട്. തന്റെ മകനെ കൂടുതലറിയേണ്ടതുണ്ട്. മക്കളിൽ പലപ്പോഴും കണ്ടുവരുന്ന പെട്ടെന്നുള്ള മാറ്റത്തെ കുറിച്ചറിയണം. അതിനാദ്യം തന്റെ മകൻ ആദ്യം എങ്ങനെ ആണെന്നറിയേണ്ടതുണ്ട്. എന്നാലെല്ലേ അവന്റെ മാറ്റം കണ്ടെത്താനാവൂ.
ലഹരിയിലേക്ക് വ്യതിജ്വലിക്കുന്ന കുട്ടികളിൽ സ്വഭാവമാറ്റവും, പഠനത്തിലെ പിന്നോക്കവസ്ഥയും, ഏകാന്തതയും, സംസാര കുറവും, ഭക്ഷണ കുറവും എല്ലാം കാണപ്പെട്ടേക്കാം.
അത്തരം സാഹചര്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ നടപടിയിലേക്ക് നീങ്ങും മുന്നെ അവൻ പോലുമറിയാതെ അവനെ വീക്ഷിക്കേണ്ടതുണ്ട്.
ശരീരത്തിൽ സൂചികുത്തിയ അടയാളമോ, മുറിയിൽ ദൂഷ്യ ഗന്ധമോ, ശരീരത്തിൽ നിറവ്യത്യാസമോ ഉണ്ടോ എന്ന് കൃത്യമായി നിരീക്ഷിക്കണം.
അങ്ങനെ തോന്നിയാൽ ഉടനെ മകനെ തല്ലുകയും ഭീക്ഷണിപെടുത്തുകയും ചെയ്യാതെ കൂടെയിരുത്തി അവനൊറ്റക്കല്ല ഞങ്ങൾ നിന്റെകൂടെയുണ്ട് തെറ്റ് എല്ലാവർക്കും പറ്റാം അത് നമ്മുക്ക് തിരുത്താനാവും എന്ന് പറഞ് മനസ്സിലാക്കികൊണ്ട് സ്നേഹത്തോടെ അവനെ തിരിച്ചു കൊണ്ടുവരാം. ഇനി തനിക്ക് പറ്റുന്നതിലും അപ്പുറത്തേക്ക് അവന്റെ ശീലം വളർന്നു എന്ന് തോന്നിയാൽ പെട്ടൊന്ന് തന്നെ teachers, psychologist,, psychiatrist പോലെ ഉള്ളവരുമായി ബന്ധപ്പെട്ട് അവർ പറയുന്നതനുസരിച്ച് തളരാതെ മുന്നോട്ട് പോവുക.
നമ്മുടെ മക്കളേ നാം വളർത്തിയ ദോഷമാണെന്ന് സ്വയം കുറ്റപ്പെടുത്തി തളരാതെ അവർ വളരുന്ന സാഹചര്യവും സമൂഹവുമെല്ലാം ഇതിന് പിന്നിലുണ്ടെന്ന് മനസ്സിലാക്കുക. എന്തൊക്കെ ആയാലും അവർക്ക് മുന്നിൽ നമ്മുടെ വാതിലുകൾ കൊട്ടിയടക്കാതെ അവർ നമ്മുടെ മക്കളാണ് അതൊരിക്കലും മാറുന്നില്ല, എന്ന സത്യത്തോടെ അവരെ ചേർത്ത് പിടിച്ച് തെറ്റിൽ നിന്നും ശരിയിലേക്ക് കൈപിടിച്ചുയർത്തുക. ഒരു സമൂഹത്തെ ഒരുപക്ഷെ മാറ്റിയെടുക്കാനാവില്ലേലും നമ്മുക്ക് നമ്മുടെ മക്കളേ തീർച്ചയായും മാറ്റിയെടുക്കാനാവും ഓരോ രക്ഷിതാവിന്റെയും ഈ തീരുമാനത്തോടെ സമൂഹവും മാറും.
എന്നും നമ്മൾ മക്കൾക്ക് മാതൃകയാവണം. മക്കൾക്കെന്തും തുറന്നുപറയാനുള്ള ഒരിടം നമ്മൾക്കിടയിൽ ഉണ്ടാവുമ്പോൾ നല്ലപാത അവർ സ്വീകരിക്കും തെറ്റിലേക്കുള്ള വഴിയിലേക്കവർ നീങ്ങാൻ ഭയക്കും. ഓരോ രക്ഷിതാവിന്റെയും പ്രയത്നം മൂലം നമ്മുക്ക് നമ്മുടെ സമൂഹത്തെ ഭദ്രമാക്കാം ലഹരി വിമുക്തമായ സമൂഹം സൃഷ്ടിക്കാം.
ഈ പറയുന്നതെല്ലാം ആർക്കോ വേണ്ടിയാണെന്ന ഭാവം മാറ്റി ഞാനും ഒരു രക്ഷിതാവാണെന്ന ബോധ്യത്തോടെ വായിക്കാൻ ശ്രമിക്കുക.
എനിക്ക് ഇതിൽ പേടിക്കേണ്ടതില്ലെന്നോർത്ത് തള്ളിക്കളയുന്ന പെൺകുഞ്ഞുങ്ങളുടെ അറിവിലേക്ക് : ഇന്ന് ആൺകുട്ടികളേക്കാളേറെ പെൺകുട്ടികൾ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന കണക്ക് പുറത്ത് വന്നികൊണ്ടിരിക്കുന്നുണ്ടെന്ന് മനസ്സിലാക്കുക.