സുനിത ഗണേഷ്
ഓരോ വള്ളിക്കുടിലിലും
പൂക്കാലം വിരുന്നെത്തുമ്പോൾ,
തേനറ നിറച്ചും പൂമ്പൊടി
കാത്തുവെച്ച്,
പൂക്കളങ്ങനെ വിടർന്നു നിൽക്കുമ്പോൾ,
പുഞ്ചിരിയോടെ
നറുമണം പൊഴിക്കുമ്പോൾ,
അങ്ങിനെയങ്ങിനെ
പലനിറങ്ങളിൽ പട്ടുടുത്ത്,
നൃത്തവേദിയിൽ ചിലങ്കമുത്തുകളെ
ആലോലമാട്ടുമ്പോൾ,
ഉദ്യാനത്തിൽ,
പൂക്കാലത്തിനു നടുവിൽ,
അസ്ഥികൾ കാണിച്ച്,
മൂകം കണ്ണീർപൊഴിക്കുന്ന
എന്നെ നോക്കൂ…
പണ്ടു ഞാൻ ഉണ്ടായിരുന്നു
ഉദ്യാനത്തിൽ
നിങ്ങളുടെ മൂട് താങ്ങി…
നിങ്ങൾ പൂക്കാലം ആഘോഷിക്കുമ്പോൾ
നിശ്ശബ്ദം നിങ്ങളുടെ
കീഴ്ശ്വാസം സഹിച്ചിരുന്നവൾ.
നിങ്ങളെയേറ്റിയേറ്റി,
നെഞ്ചിന്ന് തകർന്നുപോയിരിക്കുന്നു.
കിളികൾ കാഷ്ഠിച്ച്,
ദുർഗന്ധവും പേറിയീചിതലരിക്കുന്ന
മരത്തിനു ചോട്ടിൽ
ദ്രവിച്ചു, ദ്രവിച്ച് ഞാനുണ്ട്.
വേദനയാണെനിക്കിന്ന്,
പൂക്കാലം വരുമ്പോൾ,
പൂമണം നിറയുമ്പോൾ,
പൂക്കൾ ചിരിക്കുമ്പോൾ…
വേദനയാണ്…വേദന…
ഞാൻ,
തുരുമ്പിച്ച അസ്ഥിക്കമ്പികൾ
മറച്ചു പിടിക്കാൻ ശ്രമിക്കുന്ന,
നിങ്ങളറയ്ക്കുന്ന, സിമന്റു ബെഞ്ച്.
കാലം കവിത മായ്ച്ചവൾ.