സെലിൻ കെ.സി
ഇക്കാക്കുള്ള കോഫീ കപ്പ് റൂമിലേക്ക് കൊണ്ടു പോയി വെച്ചു. സമയം 8 ആയപ്പോഴേക്കും ഉറക്കച്ചടവോടെ എണീറ്റ നിയാസ് ടേബിളിൽ കപ്പിനായി പരതി. കപ്പെടുത്തു ചുണ്ടോടടുപ്പിക്കുന്നതിനിടയിൽ ഇടത്തേ കൈ കൊണ്ട് മൊബൈൽ തപ്പിയെടുത്തു.പെട്ടന്നാണ് ചുണ്ടിൽ എന്തോ തടഞ്ഞത് , കപ്പിലേക്ക് നോക്കിയപ്പോൾ ഒരു കുറിപ്പ്
” ഇന്ന് ഞാൻ അടുക്കളയിൽ കയറുന്നില്ല “
അത് വായിച്ചതും നിയാസ് അലറി വിളിച്ചു.
” ഫാത്തിമാ…….. “
അപ്പോഴാണ് ഫോൺ ശബ്ദിച്ചത്, എടുത്തു നോക്കിയപ്പോൾ വാട്സപ്പ് മെസേജ് ,അതു തുറന്നു.
” ഓ , ഇതാണ് അവളുടെ നെഗളിപ്പിന്റെ കാരണം.. എത്ര വരെ പോകും എന്നറിയാലോ ?”
നിയാസ് വേഗം വുമൺസ് ഡെ യൂടെ നല്ല ഒരു പിക് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തു.
” ബീപ് ബീപ്….. അവൾ ഓൺ ലൈനിൽ തന്നെ ആയിരുന്നു., ഇന്ന് എല്ലാവരും വുമൺസ് ഡെ സ്റ്റാറ്റസ് അപ് ലോഡ് ചെയ്തിട്ടുണ്ട്. അപ്പോഴാണ് റീസെന്റെ് അപ്ഡേറ്റിൽ ഇക്കാന്റെ സ്റ്റാറ്റസും കണ്ടത്. അപ്പോഴേക്കും മോനൂന്റെതും വന്നു സ്റ്റാറ്റസ്.
” ഇവനതിനു എണീറ്റില്ലല്ലോ…. ? “
” ഉമ്മാ…. എനിക് ഇന്ന് പുട്ട് വേണ്ട, പത്തിരി മതി…… “
ഫാത്തിമ വേഗം റിപ്ല്യയ് കൊടുത്തു.
ബീപ് ബീപ്…… മോനു ഫോൺ തുറന്നു,
” ഉമ്മയോ ? വാട്സപ്പിലോ….. നിനക്കിന്നു പുട്ടും പത്തിരിയും ഒന്നുല്ല. വേണേങ്കി തന്നത്താൻ ഉണ്ടാക്കി കഴിച്ചോ.. “
” ഓ , ഇന്ന് വനിതാ ദിനമാണല്ലോ… എന്നാലും ഒരു ചായ എങ്കിലും….. “
” ഫാരീ…. വർഷം മുഴുവനും അവൾക്കൊന്നും വനിതാ ദിനമില്ലല്ലോ.. അവർ ആഘോഷിക്കട്ടെ.. വാ നമുക്ക് ഇറങ്ങാം.. “
സമയം 9 മണി, എന്നും ഈ നേരം എത്ര പണി ഉണ്ടാവാറുണ്ടായിരുന്നു.. മുറ്റം തൂക്കാനുണ്ട്, വീടിന്റെ അകം തൂക്കണം, തുടക്കണം, 3 നേരത്തേക്കുള്ള ഭക്ഷണം ഉണ്ടാക്കണം, എല്ലാം വൃത്തിയാക്കണം, പാത്രം കഴുകണം, അലക്കണം…… എനിക്കെങ്ങും വയ്യ, അവിടെ കിടക്കട്ടെ… ഇന്നത്തോടെ വാപ്പക്കും മോനും മനസിലാവണം , ഒരു പെണ്ണിന്റെ വില എന്താന്ന്.. “
ഫാത്തിമ ഫെയ്സ് ബുക്ക് തുറന്നു, ഫാരിസ് കോളേജിലെ പ്രോഗ്രാമിന്റെ ട്രെയിലർ പോസ്റ്റിട്ടുണ്ട്.
” എന്തിനാണാവോ , ഈ കോളേജിലൊക്കെ വനിതാ ദിനം ആഘോഷിക്കുന്നേ….. പെറ്റമ്മയെ മനസിലാകാത്തോർക്കാണോ….. ?”
” ഫാരീ….. ദേ നിന്റെ ശുക് രി യാ വരുന്നൂ….. “
” ഫാരീ , വനിതാ ദിനമായിട്ട് എനിക്ക് എന്താ ഗിഫ്റ്റ്… ? “
” അത് ഞാൻ മറക്കുമോ ടാ…. ഇന്നാ പിടിച്ചോ…! “
” ഹൗ യൂ സ്വീറ്റ് ടാ…. പിന്നെയ്, എനിക്ക് ആ മേഡത്തിന്റെ കൂടെ ഒരു സെൽഫി ഒപ്പിച്ചു തരാം ന്ന് പറഞ്ഞിട്ട്…. “
ഒരു സെൽഫി എടുത്ത് വേഗം എഫ് ബി യിൽ പോസ്റ്റ് ചെയ്തതും, ആദ്യത്തെ കമന്റ് ഉപ്പ തന്നെ, എന്നിട്ട് ഓഫീസിലെ ആഘോഷത്തിന്റെ ബ്ലാക്ക് ഫോറസ്റ്റ് കേക്ക് തിന്നുന്നതും മുഖത്ത് തേച്ചതും വേഗം പോസ്റ്റ് ചെയ്തു, വാട്സ പ്പിലെ എല്ലാ ഗ്രൂപ്പിലും.
ഫാമിലി ഗ്രൂപ്പിലെ മെസേജ് തുറന്ന ഫാത്തിമക്ക് അതഭുതം ഒന്നും തോന്നിയില്ല . അവൾ മറ്റു ഗ്രൂപ്പുകളിൽ കയറി ഇറങ്ങി, എല്ലാവരും വുമൺസ് ഡെ വിഷ് ചെയ്യുന്നു. അവളും നല്ലൊരു പോസ്റ്റും ഫോർവേഡ് ചെയ്തു. ദേ വരുന്നു, ലൈക്കും കമന്റ്സും.. ആദ്യത്തെ കമന്റ് ഇക്കയാണ്…
” പാത്തൂ…. കിടു…. “
” ഇങ്ങനെയൊരു വിളി കേട്ടിട്ട് , കാലം എത്ര ആയി. ഫുൾ ടൈം ഓൺലൈനിൽ. എന്നോട് സംസാരിക്കാൻ മാത്രം സമയല്ല്യ. “
സമയം 3 മണി, അവൾക്ക് വെറുതെയിരുന്നു ചടച്ചു. കൂട്ടുകാരികളെയൊക്കെ വിളിച്ചു, ഓർമ്മകൾ പുതുക്കി. പിന്നെ ഇത്താത്താക്ക് വിളിച്ചു, എപ്പഴും പരാതിയാണ് , സമയം കിട്ടണ്ടേ “
” ആ പാത്തൂ , നല്ല നേരത്താ നീ വിളിച്ചത്.. “
” എന്താ ഇത്താത്താ ?”
” ഇന്ന് ഇക്കാന്റെ ഫ്രണ്ട്സും ഫാമിലിയും വരും , അതിന്റെ തിരക്കിലാ.. ഞാൻ പിന്നെ വിളിക്കാം.. “
വല്ലാതെയങ്ങ് ഒറ്റക്ക് ആയ പോലെ…. അടുക്കളയിൽ പാത്രങ്ങൾ തന്നെ നോക്കി ചിരിക്കുന്നു, മുഷിഞ്ഞ വസ്ത്രങ്ങൾ കളിയാക്കുന്നു.. ദേഷ്യം പിടിച്ച് വേഗം ബെഡിൽ പോയി കിടന്നു.. കരഞ്ഞു, തളർന്നുറങ്ങിപ്പോയി..
സമയം 8 മണി, നിയാസ് വന്നു ഫാത്തിമയുടെ അടുത്ത് കിടന്നപ്പോഴാണ്, ഉറക്കിൽ നിന്നുണർന്നത്.
മെല്ലെ അവളെഴുന്നേറ്റു, വനിതാ ദിനം കഴിഞ്ഞു, പാഠം പഠിച്ചത് താനാണ്. ഒരു ദിവസം കൊണ്ടൊന്നും മാറുന്നതല്ല ഇതൊന്നും.. ആർക്കും മനസിലാവുകയുമില്ല.. “
അവൾ അടുക്കളയിലേക്ക് നടന്നു… വയറിനുള്ളിൽ ഒരു എരിച്ചിൽ വരുന്നുണ്ടായിരുന്നു…