പെയ്തൊഴിയാതെ

പെയ്തൊഴിയാതെ

സതീഷ് അയ്യര്‍

മഴ കയര്‍ത്താര്‍ത്തു കയറിവരുന്നുണ്ട് പിന്നെയും…
മനോദുഖം പെരുകി ഭയാനകമാകുന്നു ചിത്തങ്ങള്‍.!!
ഇനിയൊരു പ്രളയതാണ്ഡവം താങ്ങുവാനാകില്ല…
കാലത്തിന്‍ കരങ്ങളാലെഴുതിവച്ചൊരീ.,
മഹാപ്രളയത്തിന്‍ രൗദ്രഭാവങ്ങള്‍.!!
ഓര്‍മ്മയിലൊരു ഞെട്ടലായ്,തേങ്ങലായ്…
ഭീതിനിഴലിച്ചുഴലും പിടയുന്ന മനക്കാഴ്ചകള്‍.!!
പെയ്തൊഴിയാതെ പെയ്യുമീ പെരുംമഴയില്‍…
പെയ്തൊലിക്കുന്നു ഇന്നുമെത്രയോ കണ്ണുകള്‍.!!
ഉണ്ണുവാനുടുക്കവാനില്ലാതെയെത്രയോ ജന്മങ്ങള്‍…
ദാരിദ്ര്യച്ചൂടിലഭയാര്‍ത്ഥികളായ് കരഞ്ഞിരിപ്പൂ.!!
പാഠങ്ങളില്ല കുരുന്നുമനസ്സുകളില്‍,മരവിപ്പിന്‍….
നെഞ്ചിടിപ്പാല്‍ കണ്ണീര്‍പ്പെയ്ത്തില്‍ നനഞ്ഞിരിപ്പൂ.!!
പാഠപുസ്തകങ്ങള്‍,കളിപ്പാട്ടങ്ങള്‍ ചിതറിയൊലിച്ചുപോയ്…
പെയ്തൊഴിയാത്തൊരീ പെരുമഴക്കാലത്തിന്‍ വികൃതിയാല്‍.!!
മനസ്സാക്ഷിയുണരും കൈത്താങ്ങിന്‍ ചിത്രങ്ങള്‍…
മനസ്സിലൊരു കുളിര്‍മഴയായ് പെയ്തൊഴിയാതെ,
കോരിത്തരിക്കുന്നു ലോകമീ നന്മതന്‍ കാഴ്ചകളാല്‍.!!
ജാതിമത,വര്‍ണ്ണവര്‍ഗ്ഗഭേദങ്ങള്‍ മറന്നീ ചുവടുവയ്പിനെ…
പുകഴ്ത്തണമീ മാനവ ത്യാഗത്തിന്‍ കഥകള്‍.!!
സ്വജീവന്‍ ബലിനല്കി പരപ്രാണന്‍ മുറുകിപിടിച്ചവര്‍…
അകാലത്തില്‍ പൊലിഞ്ഞ മനുഷ്യനക്ഷത്രങ്ങള്‍.!!
സ്വപ്നങ്ങള്‍ നീറ്റുവഞ്ചിയാലുലഞ്ഞു പോകുന്നുണ്ട്…
കണ്ണീര്‍കയത്തിന്‍ ചുടുനിശ്വാസക്കാറ്റിനാല്‍.!!
നെഞ്ചിലൊരു നീറ്റലിന്‍പുകമറയ്ക്കുള്ളില്‍…
നേരിന്റെ വികൃതമാം മുറിപ്പാടുകള്‍ കുത്തിപ്പിടയ്ക്കുന്നു,
പെയ്തൊഴിയാത്തൊരാ പ്രളയ കാലവും,കനല്‍ക്കാഴ്ചകളും.!!
വാക്കുകളാകരുതിനി വാഗ്ദാനങ്ങളും തിരികെപ്പിടിയ്ക്കണം…
കുത്തിയൊലിച്ചൊരാ ജീവിത സൗഭാഗ്യങ്ങള്‍.,
സംരക്ഷണച്ചുമലിലേറ്റണം പ്രാരാബ്ദ ജന്മങ്ങളെ.!!