“പേ ഉണ്ടോ” ?

“പേ ഉണ്ടോ” ?

ജിതിൻ ജോസഫ്

കൊച്ചി കാണാൻ ഇറങ്ങിയതാണ്
നടന്നു മടുത്തു കൈകാട്ടി ഒരു
മുചക്രത്തിൽ കയറി ഇരിപ്പായി.
അഞ്ഞൂറ് നീട്ടി, ഇറങ്ങാൻ നേരം മറുപടി
“പേ ഉണ്ടോ”. ? നാൽപത് മതിഉള്ളൂ.
ചില്ലറ തപ്പി കൊടുത്ത് വീണ്ടും നടപ്പു തുടങ്ങി.

കൊച്ചിയിൽ അങ്ങിങ്ങായി
ഒച്ചുകണക്കേ ഇഴയുമ്പോൾ
ഉച്ചക്ക് എന്റെ ഉച്ചിക്ക് മുകളിലത്തെ
ഒരാളങ്ങനെ ദയയില്ലാതെ ഉദിച്ചു നിൽപ്പായി.
നാവ് നനയ്ക്കാൻ ബാറുകൾ
കവച്ച് കടന്ന്
കൂൾബാറിൽ കയറിയിറങ്ങി
അഞ്ഞൂറ് നീട്ടുമ്പോൾ മറുപടി,
പേ ഉണ്ടോ”. ? അറുപത് മതി.

വീണ്ടും ചില്ലറ തപ്പികൊടുത്ത് നടപ്പു തുടങ്ങി.
വെയിലടിച്ചു ഉച്ചിചൂടായി തുടങ്ങിയപ്പോൾ
ഉദരവും ചൂടാവാൻ തുടങ്ങി.
മട്ടാഞ്ചേരിയിൽ നിന്നും ഞാൻ ഒരു മട്ടൻ ബിരിയാണി കഴിച്ച് വീണ്ടും
അഞ്ഞൂറ് നീട്ടുമ്പോൾ അതേ ചോദ്യം.
പേ ഉണ്ടോ”. ? പേ..?

ഗൂഗിൾ പേ, ഫോൺ പേ,
എടിഎം പേടിഎം
ഹോ..മനുഷ്യന് പേ പിടിക്കുന്നു.
അവസാനം “അഞ്ഞൂറാനെ കീറിമുറിച്ച്” ഇറങ്ങുമ്പോൾ മനസ്സിലായി
“കൊച്ചിക്കാരാരും ചില്ലറക്കാരല്ലന്ന്”
ഹോട്ടലുകളിൽ കഴിച്ചിറങ്ങി
ഹോസ്പിറ്റലുകൾ കയറിയിറങ്ങുബോൾ
അവിടെയും പേ തന്നെ ശരണം.
പെട്ടിക്കട മുതൽ
പെട്ടി കച്ചവടക്കാരൻവരെ,
അങ്ങനെ നീളുന്നു നെടുനീളം.

തുറക്കാൻ വൈകിയാൽ
ചവിട്ടി പൊളിക്കുന്ന ഞാൻ
തടസ്സം നീങ്ങാൻ ക്യു ആർ കോഡ് സ്കാൻ ചെയ്യാൻ അക്ഷമനായി
വരിയിൽ നിൽക്കുമ്പോൾ
പുറകിലാരോ ആരോടോ തന്റെ
ബോഡി സ്കാനിങ്ങിന്റെ കാര്യം മുറുമുറുക്കുന്നു.

പേ ഉള്ളവരോടെല്ലാം
എനിക്ക് പേ ഇല്ലന്ന് പറയുമ്പോൾ
അവർക്കെല്ലാം ചിലപ്പോൾ
പേ ഇളകിയിരിക്കാം.
കൊച്ചി കാണാൻ വന്ന ഇവൻ
ആളോരു എച്ചി ആണെന്നും
ഇവൻ വിദേശിയല്ലാ, സ്വദേശിയും,
ആളൊരു പരദേശി ആണെന്നും ചിലപ്പോൾ അവരെല്ലാം അടക്കവും പറഞ്ഞിരിക്കാം.

പിന്നെ ചില ചോദ്യങ്ങൾ,
ചില കണ്ണൂരുട്ടലുകൾ.
ഞങ്ങൾക്ക് “പേ ഉണ്ട്”.!
പിന്നെ എന്തുകൊണ്ട് നിനക്ക് “പേ ഇല്ലാ.”

ഈ പേക്കൂത്തുകളെല്ലാം ഒഴിവാക്കാൻ
ഞാനും തുടങ്ങി പലതരം “പേകൾ.”
പേ ഇല്ലാത്തവൻ “പേ” തുടങ്ങിയ പ്പോൾ
ആഹാ… നല്ല പേയിളക്കം..
പേടിക്കാനൊന്നുമില്ല എനിക്കറിയാം,
ഇനിയെല്ലാം അങ്ങ് പെട്ടെന്ന്.. പെട്ടെന്ന്.