ദത്തു
പെട്ടെന്നു മരിച്ചുപോയവളുടെ
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ
ആന്തരികാവയവങ്ങളൊക്കെ
ജീർണിച്ചു പോയിരുന്നു….
കാണാത്തതൊക്കെ കണ്ടും
ചിലത് കണ്ടില്ലെന്നു നടിച്ചും
കണ്ണുകൾ ദാഹജലം
വറ്റി വെറിയിലെ വയലായിരിക്കുന്നു
നൽകാനാകാത്ത ചുംബനങ്ങളിൽ
പരിഭവിച്ചു അധരങ്ങൾ നിറംകെട്ട്
തെളിനീരിന് വാപൊളിക്കുന്നു…
കേട്ടപാടെ വിശ്വസിച്ച നുണകഥകളിലും
ചിണുങ്ങി പറഞ്ഞ പരിഭവങ്ങളിലും
ദിനവും മുറിവേൽപ്പിച്ച
ഒടുക്കം പറച്ചിലുകളിലും
പുളഞ്ഞു ചെവിക്കുട കൂമ്പിയ
മൊട്ടുപോലായിരിക്കുന്നു….
തൊടുകുറികൾ വരച്ചു ഈശ്വരനെ
ആവാഹിച്ചും…
സൗരഭ്യമുത്തങ്ങൾ കൊണ്ടു
കുളിരു നുകർന്നും
ഒടുവിൽ വേദനസംഹാരികളിൽ
പൊള്ളി വടുക്കൾ തീർത്തതുമായ
നെറ്റിത്തടങ്ങൾ വെയിലേറ്റ
കണ്ണിമാങ്ങ കണക്കെ ചുളുങ്ങി
പോയിരിക്കുന്നു….
ഹൃദയം തുന്നികെട്ടിയ നൂലിൽ
ഒരു പട്ടുകുപ്പായം
നെയ്തെടുക്കാമെന്നിരിക്കെ
ഒരറ്റത്ത് പണയരസീതുകൾ
കൊണ്ടവ കെട്ടിവയ്ക്കപ്പെട്ട്
ആരും തിരിച്ചറിയാത്തിടങ്ങളിൽ
കുഴിച്ചു മൂടപ്പെട്ടിരിക്കുന്നു…
കരളിൽ ഏതോ ഒരു സ്നേഹത്തിന്റെ
മുള്ളാണി കുത്തികയറി രണ്ടായ്
പകുന്നൊരറ്റം കരിഞ്ഞു പോയിരിക്കുന്നു
താണ്ടിയപാതകൾ ഒക്കെ വൃത്തം
തീർത്തു ചെന്നിടത്തു തന്നെ
വീണ്ടും കയറി സ്വയം
വട്ടപ്പൂജ്യമെന്നോർമിപ്പിച്ച
കാൽപാദങ്ങൾ
വിണ്ടുകീറി
തൊലിപൊളിഞ്ഞു
പൊതിഞ്ഞു കെട്ടിയേക്കുന്നു….
കോർത്തിട്ട കൈപ്പത്തികളിൽ
പ്രണയ പ്രാരാബ്ദ വടുക്കൾ
പഴുത്തു പുഴുവരിച്ചു
മോചനം തേടുന്നു….
ചുരത്തിയ പാലൊക്കെ
കുടിച്ചുവറ്റിച്ചവർ തന്ന
വിഷദംഷ്ട്ര പ്രഹരത്തിൽ
നീലിച്ചുവറ്റി
ഇരു സ്തനങ്ങൾ വാടി
താണുപോയിരിക്കുന്നു…
“മനസാക്ഷിയില്ലാത്തവൾ “
എന്നൊടുവിൽ നാമകരണം
ചെയ്യപ്പെട്ട്…
വിളിപ്പേരറ്റവൾ
ഭൂമിപിളർന്ന്..
മറ്റൊരു ഗതിയില്ലാതാത്മാവായ്
ഉഴറാനൊരുങ്ങുന്നു….