ദിലീപ് പള്ളിപ്പുറം
സന്ധ്യക്കെത്ര വയസ്സായി ?
ഭൂമിയോളം .
ചന്ദ്രികയ്കോ ..?
ചന്ദ്രനോളം .
മനുസ്മൃതിയുടെ പ്രായം
ആദ്യം ചാമ്പലായതുവരെ .
പ്രായമില്ലാത്തവ പ്രപഞ്ച
സത്യങ്ങള്‍,
പക്ഷെ,
വരിയുടയ്കപ്പെടാറുണ്ട്
അല്പകാലം .
വിതച്ചത് കൊയ്യാന്‍
കാലമെത്തുമ്പോള്‍
പാപവിത്തുകളുടെ പ്രായമെത്തും.
പശ്ചാത്താപവും
പ്രായശ്ചിത്തവും കാത്തിരിക്കും,
വയസ്സറിയിക്കാന്‍…!
എവിടം മുതലെവിടം വരെ
കവിയുടെ പ്രായം ..?
അത്
എന്നോ തുറക്കപ്പെടുന്ന
സൃഷ്ടിയുടെ ചരിത്രനേരമാവാം.
അരിയുടെ വേവ് അവള്‍
പതുക്കെ നോവിച്ചറിയും
നോവിന്റെ വേവ് മറച്ചുവെയ്കും.
മൂപ്പ് പോരാത്ത മോഹം
മരണമെത്തിക്കും.
കടലാഴമതിന്റെ പ്രായമാകാം,
എന്നാല്‍
വിരഹത്തിന്‍ പ്രായമല്ലേ
പ്രണയത്തിന്നാഴം..!
മൗനം
മൃതപ്രായമായ വാക്കല്ല
അത്
ജനിച്ച് പ്രായമെത്തിയൊടുങ്ങിയ
പൊരുളുകള്‍..!
പ്രിയമുള്ള നേരൊന്നുമാത്രം
അത്
പ്രാണന്റെ പ്രായം,
എനിക്കും നിങ്ങള്‍ക്കും….!