ബയോവേസ്റ്റ്

ബയോവേസ്റ്റ്

റീന പി ജി

ആറാമിന്ദ്രിയമെന്നു
ഉല്പത്തിപുസ്തകത്തിൽ
അടിവരയിട്ട്
പറഞ്ഞിട്ടുണ്ടെങ്കിലും
ഇപ്പോൾ
കണ്ണുകളടഞ്ഞ
നിർജ്ജീവസ്തരം.

ജീവന്റെ നനുത്ത
ചൂടാർന്നൊരമ്മത്തൊട്ടിൽ ആയിരുന്നുവെന്നത്
അഹങ്കാരത്തിന്റെ
ഭാഷ.

ആറാമിന്ദ്രിയത്തിനു മാത്രം
തൊട്ടറിയാവുന്ന
ശ്വാസഗതികൾ,
ജീവന്റെ തുടിപ്പ്
ഒടുവിൽ
സ്വാർത്ഥതയുടെ കൈകളിലേക്കിട്ടുകൊടുക്കുമ്പോൾ
വേദനയുടെ
മൂർദ്ധന്യത്തിലുള്ള
ആത്മഹർഷം.
എല്ലാം..
നനവായ്
നിറയുന്നുണ്ടാവണം.

ഇനി നിങ്ങളെന്നെ
തുറിച്ചു നോക്കരുത്…
നോട്ടങ്ങളിൽ
ചുളുങ്ങിപ്പോയ
വ്യക്തിത്വത്തിന്റെ
അവശിഷ്ടം മാത്രമാണിത്.

ഇടത്തും വലത്തും
ഇനിയും
പൂത്തുതീരാത്ത
പൂക്കാലങ്ങൾക്കിടയിൽ
ആയുസ്സിന്റെ
ഊർധ്വൻവലിയിൽ
കടപുഴകിയ
ചതുപ്പിന്റെ
തേങ്ങൽ.

ചുളിവും നരയും കൊണ്ട്
വിണ്ടുകീറിയ
സ്തരങ്ങളായ്
ചുരണ്ടിമാറ്റപ്പെട്ട
മാംസചിന്തുകളായി
ഇനി…….
നീറ്റൽ ഒപ്പിയെടുക്കപ്പെട്ട
ആറാമിന്ദ്രിയം
ചവറ്റുകൊട്ടയിലേക്ക്…..