ബാല്യം നിഷ്കളങ്കം

ബാല്യം നിഷ്കളങ്കം

ശ്രീപതി ദാമോദരൻ

അമ്മാവാ, അമ്മയെന്താ ഈ നേരത്ത്‌ കിടന്നുറങ്ങണേ?

ഇത്രയൊക്കെ മഴ പെയ്തിട്ടും അമ്മയ്ക്ക്‌ ചൂടാ? ചിറ്റ എന്തിനാ വീശിക്കൊടുക്കണേ?

അയ്യോ, അമ്മ ഉറങ്ങുവല്ല, കണ്ണീന്ന് വെള്ളം വരുന്നുണ്ടല്ലോ.
ങേ? അമ്മയെന്തിനാ കരയണെ? ആരേലും ചീത്ത പറഞ്ഞോ?

അമ്മാവനെന്താ ഒന്നും മിണ്ടാത്തേ? എന്നോട്‌ പിണക്കമാണോ? എന്നാ എനിയ്ക്ക്‌ രാവിലെ പറഞ്ഞ വണ്ടി മേടിച്ച്‌ തരണ്ടാ ട്ടോ.

കുഞ്ഞൂസ്‌ എവിടെ?
അപ്പറത്തുണ്ടോന്ന് നോക്കട്ടെ.

ങെ, മുത്തശ്ശിയോ! എപ്പഴാ വന്നേ മുത്തശ്ശീ? മുത്തശ്ശിയെന്തിനാ കുഞ്ഞൂനെ എടുത്തോണ്ട്‌ നിന്ന് കരയണേ? മുത്തശ്ശിയേം ആരെങ്കിലും വഴക്കുപറഞ്ഞോ?

അവളെ താഴെ ഇറക്ക്‌ മുത്തശ്ശി, ഞങ്ങക്ക്‌ കളിയ്ക്കണം.
ഞാൻ സിറ്റൗട്ടീന്ന് അവളുടെ ട്രെയിൻ എടുത്തോണ്ട്‌ വരട്ടെ.

കുട്ടുച്ചേട്ടാ, മഴ നനയാതിരിയ്ക്കാനാണോ പന്തലിടണേ? ചുവന്ന കസേരയുണ്ടല്ലോ. അപ്പൊ ഇന്ന് സദ്യ ണ്ടോ?

അയ്യോ! ട്രെയിൻ മഴ നനഞ്ഞല്ലോ. ബാറ്ററി ചത്തുകാണും, ഇനി ഓടില്ല, എന്തു ചെയ്യും.

മുത്തശ്ശാ, വേണ്ട മുത്തശ്ശാ, എന്നെ താഴെയിറക്ക്‌ മുത്തശ്ശാ. എന്റെ കണ്ണട താഴെ വീഴും.

ദേ….ചാച്ചനും പേരപ്പനും എല്ലാരും വരുന്നുണ്ടല്ലോ. അച്ഛൻ മാത്രം ഇല്ലല്ലേ. അച്ഛൻ വരുമ്പോ രാത്രിയാകും. ഇനി അച്ഛനെ കാണാത്തോണ്ടാണോ അമ്മ കരയണെ?

എന്തിനാ മുത്തശ്ശാ ആ ചേട്ടനെ മേശപ്പുറത്ത്‌ കെടത്തണേ? അയ്യേ…വെള്ളത്തുണിയില്‌ പൊതപ്പിച്ചേക്കണു. ഒരു രസവില്ല കാണാൻ. അയ്യോ, മുഖം മൂടീട്ടുണ്ടല്ലോ, അപ്പൊ ശ്വാസം മുട്ടില്ലേ. ശ്വാസം കിട്ടിയില്ലെങ്കിൽ ചത്തുപോവില്ലേ?

മുത്തശ്ശാ എനിയ്ക്ക്‌ ആ ചേട്ടനെ കാണണം.

മുഖത്തെ തുണി മാറ്റിയോ? അയ്യോ…അത്‌ നമ്മുടെ അച്ഛനാണല്ലോ. അച്ഛനെന്തിനാ അവടെ കിടക്കണെ മുത്തശ്ശാ?

മുത്തശ്ശാ, എന്നെ താഴെ വിട്‌, ഞാൻ അമ്മയോട്‌ പറഞ്ഞിട്ട്‌ വരട്ടെ അച്ഛൻ വന്നൂന്ന്. പക്ഷെ ഇന്ന് മിട്ടായി കൊണ്ടുവന്നിട്ടില്ലാല്ലെ?

ആ അഞ്ചുവയസ്സുകാരൻ അമ്മയെ വിളിയ്ക്കാൻ പോയനേരത്ത്‌ മുറ്റത്തിട്ട നീലപ്പന്തലിൽനിന്നും ഒരു തുള്ളി വെള്ളം അയാളുടെ കണ്ണിലേയ്ക്ക്‌ ഇറ്റുവീണു.

ഈ വെള്ളംതന്നെയല്ലെ മറ്റൊരു രൂപത്തിൽ അയാളുടെ സിരകളിലൂടെയൊഴുകി അയാളെ ഉന്മത്തനാക്കിയത്‌?

ഈ വെള്ളംതന്നെയല്ലെ കുത്തിമറിയുന്ന പുഴയായ്‌വന്ന് അയാളുടെ ജീവനെടുത്തത്‌?

ഈ വെള്ളംതന്നെയല്ലേ അയാളുടെ പ്രിയതമയുടെ കണ്ണുകളെ ഈറനണിയിച്ചത്‌?