രശ്മി കെ
അന്നൊരു ഞായറാഴ്ചയായിരുന്നതിനാൽ ജോലിക്കുപോകാതിരുന്ന നളിനി, വീടാകെ അടിച്ചുവാരുകയും വൃത്തിയാക്കുകയും ചെയ്യുന്നതിനിടക്കാണ് ഇളയമകനായ സതീശന്റെ ഷർട്ടുകളിലൊന്നിന്റെ പോക്കറ്റിൽ നിന്ന് ഒരു കടലാസ്സുപൊതി കിട്ടിയത് . സതീശൻ വീട്ടിലില്ലാതിരുന്ന നേരമായിരുന്നു അത്. നളിനി അലക്കാനെടുത്തുകൂട്ടിയ തുണിയെല്ലാം ഇടതുകയ്യിലൊതുക്കി ജനാലക്കടുത്തേക്ക് ചെന്ന് പത്രക്കടലാസ്സിൽ പൊതിഞ്ഞിരിക്കുകയായിരുന്ന ആ പൊതി തുറന്ന്, അതിനകത്തുള്ള പൊടി സാവധാനം മണത്ത് നോക്കി. അതിനുശേഷം ആ പൊതിയും അതിനകത്തുള്ള പൊടിയുമടക്കം എടുത്ത് അടുക്കളയിൽ അരി തിളക്കുന്ന അടുപ്പിനടുത്തേക്ക് ചെന്ന് അത് തീയിലേക്കിട്ടു.
വീട് വൃത്തിയാക്കിക്കഴിഞ്ഞ് നളിനി അടുക്കളയിലേക്കു പോയി. അടുപ്പിൽ രണ്ട് വിറകുകഷണം കൂടി വച്ച് , അടുപ്പത്തിരുന്ന ചോറുകലം എടുത്ത് അവിടെ ഒരു പാത്രം ചേന നുറുക്കിയത് വച്ച്, ചോറ് വാർത്തുവയ്ക്കുകയും ചെയ്ത ശേഷം അടുക്കളത്തിണ്ണയിലിരുന്ന ബക്കറ്റെടുത്ത് മൂന്നു വീട്ടുകാർ ചേർന്നുപയോഗിക്കുന്ന കിണറിനടുത്തേക്ക് നടന്നു.
നളിനി കുളിയും അലക്കും കഴിഞ്ഞ് വസ്ത്രങ്ങൾ ഉണങ്ങാനിടുമ്പോളാണ് സതീശൻ അടുക്കളവാതിലിനടുത്ത് പ്രത്യക്ഷപ്പെട്ടത്.
“അത് നിങ്ങളെവിടെ വച്ചു?”
“ഏത്?” നളിനി തോർത്ത് പിഴിഞ്ഞ് അയക്കയറിലിട്ടു.
“ആ പൊതി.” സതീശൻ പല്ലു ഞെരിച്ചു. “അത് ഈ നിമിഷം എനിക്ക് വേണം.”
“ഞാനത് കളഞ്ഞു.”
“എവിടേക്ക്? അതിന്റെ വില എത്രയാണെന്നറിയാമോ?”
“ഞാനത് അടുപ്പിലെ തീയ്യിലേക്കിട്ടു.”
സതീശൻ അടുക്കളയിൽ നിന്ന് വെട്ടുകത്തിയെടുത്തു മുറ്റത്തേക്ക് ചാടിയിറങ്ങി. നളിനി നിലവിളിച്ചുകൊണ്ട് അയല്പക്കത്തുകാരുടെ അടുക്കളവാതിലിനുനേരെ ഓടി. സതീശൻ ഏതാണ്ട് ഒപ്പമെത്തി പിടിക്കാനാഞ്ഞെങ്കിലും നളിനി വരാലിനെപ്പോലെ അവന്റെ പിടിയിൽ നിന്ന് വഴുതിയൊഴിഞ്ഞു . അലക്കു കല്ലിൽ നിന്നുമൊഴുകിയ വെള്ളത്തിൽ സതീശന് കാൽ വഴുതി. അയല്പക്കത്ത് അടുക്കളത്തോട്ടത്തിൽ പണിയെടുക്കുകയായിരുന്ന അവന്റെ ഒരു അമ്മായിയും നളിനിയുടെ കൂടെ നിലവിളിക്കാൻ തുടങ്ങി . നളിനി പെട്ടന്ന് മിന്നൽ പോലെ വലത്തേക്ക് വെട്ടിത്തിരിഞ്ഞ് കാൽ കിണറിന്റെ അരമതിലിൽ കുത്തി കിണറിന്റെ പിളർന്ന വായിലേക്ക് ചാടി. കുറച്ചു പെൺ ശബ്ദങ്ങൾ കൂടി നിലവിളിയിൽ പങ്കു ചേർന്നു.
ഞായറാഴ്ചയായിരുന്നതിനാൽ വീടുകളിലുണ്ടായിരുന്ന അയല്പക്കത്തുകാരെല്ലാം ബഹളം കേട്ട് കിണറ്റുകരയിലേക്ക് ഓടിവന്നു. നളിനി അരക്കൊപ്പം വെള്ളത്തിൽ കിണറ്റിലെ ഒരു വങ്കിൽ ചവിട്ടി നിൽക്കുന്ന കാഴ്ചയാണ് അവർ കണ്ടത്. “അടുക്കരുത്!” എന്ന മുരൾച്ചയോടെ സതീശൻ വീട്ടുവളപ്പിലെ വാഴകളെല്ലാം അരിഞ്ഞുതള്ളുന്നുണ്ടായിരുന്നു.
സതീശന്റെ വല്യച്ഛന്റെ മക്കൾ രണ്ടുപേർ ചേർന്ന് അവന്റെ കയ്യിൽ നിന്നും തഞ്ചത്തിൽ വെട്ടുകത്തി വാങ്ങിച്ചെടുത്ത നേരം കൊണ്ട് ബാക്കി എല്ലാവരും ചേർന്ന് നളിനിയെ കിണറ്റിൽ നിന്നും കരക്ക് കയറ്റി. നളിനിക്ക് നീന്തൽ അറിയാവുന്നതു കൊണ്ടും മഴക്കാലമായിരുന്നതിനാൽ കിണറ്റിൽ ഏതാണ്ട് നിറയെ വെള്ളമുണ്ടായിരുന്നതുകൊണ്ടും അത് എളുപ്പത്തിൽ നടന്നു.
“ആ പൊതി എനിക്ക് വേണം. അത് വേഗം തിരിച്ചു തരുന്നതാണ് എല്ലാവർക്കും നല്ലത്.” സതീശൻ പറഞ്ഞു.
“പോലീസിനെ വിളിക്ക്. അവനെക്കൊണ്ടുപോയി നാലുദിവസം ജയിലിൽ ഇട്ടാൽ അവന്റെ സ്വഭാവം നേരെ ആകും.” നളിനി കിണറ്റിൻകരയിലെ അലക്കുകല്ലിൽ ഇരുന്നു കിതച്ചുകൊണ്ട് പറഞ്ഞു.
“ബാലാ, കുപ്പായം മാറി ഓട്ടോ എടുത്തു വാ,” നളിനിയുടെ മുടി തുവർത്തിയുണക്കുകയായിരുന്ന മാധവി മകനോട് പറഞ്ഞു. “നളിനിടെ വലത്തേക്കൈ കിണറിന്റെ ഭിത്തിയിലുരഞ്ഞു ചോര വരുന്നു. നമുക്ക് ആസ്പത്രിയിലേക്ക് ഒന്ന് പോകാം. വല്ല ഉള്ക്കൊ ചതവോ ഉണ്ടോന്ന് ആർക്കറിയാം.?”
നളിനിയെ ഓട്ടോയിൽ നഗരത്തിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിനുപിറകെ ഒരു മഴ ചന്നം പിന്നം പെയ്തു തുടങ്ങി. ഉച്ചയായപ്പോൾ കയ്യിൽ ഒരു ബാൻഡേജുമായി നളിനി ആസ്പത്രിയിൽ നിന്നും മടങ്ങിയെത്തി. നളിനി തിരിച്ചെത്തുന്നതിനു മുൻപേ സതീശൻ വീട്ടിൽ നിന്നും പോയിരുന്നു. അവന്റെ ചേട്ടൻ കണ്ണന് ഒരു കൂപ്പൺ നറുക്കെടുപ്പിൽ കിട്ടിയതും ഏറ്റവും പ്രിയപ്പെട്ടതുമായിരുന്ന ചെറിയ സ്ക്രീനുള്ള ഒരു ടീവിയും സതീശനോടൊപ്പം വീട്ടിൽനിന്നും അപ്രത്യക്ഷമായിരുന്നു. രണ്ടു ദിവസം കഴിഞ്ഞ്, ബാൻഡേജ് സ്വയം അഴിച്ചുമാറ്റി, നളിനി വീണ്ടും ജോലിക്ക് പോയിത്തുടങ്ങി.
സതീശന്റെ ജ്യേഷ്ഠനായ കണ്ണൻ തന്റെ ടീവി നഷ്ടപ്പെട്ടതറിഞ്ഞ് കലി ബാധിച്ചവനെപ്പോലെ ആയിത്തീർന്നു. അവന് അത് ലഭിച്ചിട്ട് രണ്ട് മാസം തികഞ്ഞിരുന്നില്ല എന്ന് മാത്രമല്ല, ടീവിയുടെ ചെറിയസ്ക്രീനിൽ കണ്ട മായാരൂപങ്ങളെ, അവന്റെ വീട്ടിൽ നിന്നും കുറച്ചകലെയുള്ള തീയേറ്ററിലെ വെള്ളിത്തിരയിൽ ബാല്യത്തിൽ ആദ്യമായ് കണ്ട ചലിക്കുന്ന ചിത്രങ്ങളോളം അവൻ ഇഷ്ടപ്പെട്ടിരുന്നു.
കുറച്ചുകൂടി മുതിർന്ന പ്രായത്തിൽ, വീടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ വച്ച്, കൂട്ടുകാരോടൊത്ത് വടികൾകൊണ്ട് വാൾപയറ്റ് കളിക്കുന്നതിനിടയിൽ, വടിയുടെ തുമ്പു കൊണ്ട് അവന്റെ ഇടതുകണ്ണിന് പരിക്ക് പറ്റിയിരുന്നു. ആയിടക്ക് തന്റെ മൂത്തമകൻ നഗരത്തിലെ ആസ്പത്രിയിൽ വച്ച് മെനി-ഞ്ചൈറ്റിസ് എന്ന നളിനി ഇതുവരെ കേട്ടിട്ടില്ലാത്ത രോഗം ബാധിച്ചു മരിച്ചുപോകയാൽ ആസ്പത്രി ചികിത്സയിലും ഡോക്ടർമാരിലും വിശ്വാസം നഷ്ടപ്പെട്ടിരുന്ന നളിനി, കണ്ണിന്റെ എല്ലാ അസുഖങ്ങൾക്കും ഒറ്റമൂലിയായ ഒരു ചെടിയുടെ ഇല പിഴിഞ്ഞ ചാറെടുത്തു മകന്റെ കണ്ണിൽ മൂന്നു നേരവും ഒഴിച്ച് കൊടുത്തു. എന്നാൽ പ്രതീക്ഷക്കു വിപരീതമായി ആ കണ്ണ് സുഖം പ്രാപിച്ചില്ല. അത് ചെറുതായി വന്ന് അകത്തേക്ക് ഉൾവലിഞ്ഞ്, ഒരിക്കലും തുറക്കാതായി.
വീട്ടിൽ നിന്നുപോയി ഒരു മാസം കഴിഞ്ഞ്, തോരാത്ത മഴപെയ്യുന്ന ഒരു ദിവസം നളിനിക്ക് ഒരു പുത്തൻ സാരിയുമായി സതീശൻ തിരിച്ചുവന്നു. അന്ന് തന്നെ കണ്ണനോട് വഴക്കിട്ടു പോകുകയും ചെയ്തു. അവന് ഹൈറേഞ്ചിലെ ഒരുഎസ്റ്റേറ്റിൽ പണി ലഭിച്ചിരിക്കുന്നു. അവൻ അവന്റെ ഒടിവോ ചുളിവൊ ഇല്ലാത്ത മിനുസമുള്ള മുടി കുറച്ചു നീട്ടിയിരുന്നു. അങ്ങിനെയുള്ള ആ മുടിയും, അവന്റെ നിറപ്പകിട്ടുള്ള പുതിയ ഫാഷൻ വസ്ത്രങ്ങളും ജീൻസും അയൽപക്കത്തുള്ള പയ്യന്മാരുടെ ഇടയിൽ അവനു പുതിയ താരപരിവേഷം നൽകി. തന്റെ ടീവി നഷ്ടപ്പെട്ടതിന്റെ സങ്കടം മാറാത്ത കണ്ണനാകട്ടെ, അവനെ വീട്ടിൽ കയറാനനുവദിച്ചാൽ അവൻ വീട്ടിലുള്ളവരെയെല്ലാം കിടന്നുറങ്ങുമ്പോൾ കഴുത്തുമുറിച്ചു കൊലപ്പെടുത്തുമെന്ന് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു. അവന്റെ ഈ നിലപാടിന് അവരുടെ അച്ഛൻ കുമാരന്റെ മൗന പിന്തുണയും ഉണ്ടായിരുന്നു. ചാരായം മോന്തി വന്ന് നളിനിയോട് വഴക്കുകൂടി, കഞ്ഞിക്കലത്തിൽ മണ്ണെണ്ണ ഒഴിച്ചതിന് മണ്ണെണ്ണകുപ്പിയും തീപ്പെട്ടിയുമായി സതീശൻ പിറകെ ഓടിയപ്പോൾ ഒരുവിധത്തിൽ ഓടിരക്ഷപ്പെട്ട കുമാരൻ, പിന്നീട് സതീശൻ വീട്ടിലുള്ള സമയങ്ങളിൽ സൂക്ഷിച്ചേ പെരുമാറാറുണ്ടായിരുന്നുള്ളു.
മഴക്കാലം പെയ്തുതോർന്ന ഒരുദിവസം നളിനി ജോലിക്കുപോകാൻ ഒരുങ്ങുമ്പോളാണ് വീട്ടുവരാന്തയിൽ നിന്ന് സതീശന്റെ വിളി കേട്ടത്.
“അമ്മേ, അമ്മയെ കാണാൻ ഒരാൾ വന്നിട്ടുണ്ട്. ഇവിടെ വന്ന് അത് ആരാണെന്നു നോക്കൂ.”
പാതി ചീകിയ മുടിയുമായി നളിനി വരാന്തയിലേക്കിറങ്ങി. ചവിട്ടുപടികൾക്കടുത്ത് സതീശൻ ഒരു ട്രാവൽ ബാഗും പിടിച്ച് നില്പുണ്ടായിരുന്നു. കയ്യിൽ അല്പം കൂടെ ചെറിയ ഒരു ബാഗുമായി അവന്റെ അടുത്ത് ചുരിദാർ ധരിച്ച ഒരു പെൺകുട്ടിയും നിന്നിരുന്നു.
“ഇതാരാണ്?” നളിനി ചോദിച്ചു.
“സിന്ധു. ഞങ്ങളുടെ കല്യാണം ഇന്നലെ കഴിഞ്ഞു.” സതീശൻ പറഞ്ഞു.
നളിനി പെൺകുട്ടിയെ ഒന്ന് അടിമുടി നോക്കി.
“പേടിക്കേണ്ട. ഇവൾക്ക് പതിനെട്ടു വയസ്സ് തികഞ്ഞിട്ടു രണ്ടാഴ്ചയായി. കുഴപ്പമൊന്നുമുണ്ടാവില്ല.” സതീശൻ പറഞ്ഞു.
“ഈ കുട്ടി നിന്റെകൂടെ ഇങ്ങോട്ട് പോന്നെന്ന് വീട്ടുകാർക്ക് ആർക്കെങ്കിലും അറിയാമോ?”
നളിനി ചോദിച്ചു.
തൊട്ടയല്പക്കത്തെ വീടുകളിൽ നിന്നും രണ്ടു സ്ത്രീകൾ, കുമാരന്റെ സഹോദരഭാര്യമാർ, വേലിക്കൽ പ്രത്യക്ഷപ്പെട്ടു.
“ഇല്ല. അവർ ഇവിടെ വന്നു ബഹളം വെക്കുമെന്ന് പേടിക്കേണ്ട.” സതീശന്റെ സ്വരത്തിൽ അക്ഷമ കലർന്നിരുന്നു.
സതീശൻ ഒരു പെൺകുട്ടിയുമൊത്ത് വീട്ടിലേക്കു പോയിട്ടുണ്ടെന്ന വാർത്ത കേട്ടറിഞ്ഞെത്തിയ അവന്റെ മൂത്ത സഹോദരി അംബികയുടെ വരവോടെ ആ സംഭാഷണം മുറിഞ്ഞു.
ഗ്രാമത്തിലെ മെയിൻ റോഡിനരികിലെ പൊതുടാപ്പിൽ നിന്നും വെള്ളമെടുക്കാൻ പോയപ്പോളാണ് അംബിക ഈ വാർത്ത കേട്ടത്. വീട്ടിലെത്തി വേഗം കുളികഴിഞ്ഞ് അനേകം അടുക്കള മുറ്റങ്ങളിലൂടെയുള്ള എളുപ്പവഴിയിലൂടെ അംബിക അവളുടെ തറവാട്ടുവീട്ടിലേക്ക് അതിവേഗം നടന്നു വന്നു. വീട്ടു മുറ്റത്തെത്തിയ അംബിക അവളുടെ സഹോദരനെയും കൂടെയുള്ള പെൺകുട്ടിയെയും നോക്കി പുഞ്ചിരിച്ചു. അവളുടെ ഉണങ്ങാത്ത ചുരുണ്ട മുടിത്തുമ്പിൽ നിന്നും വെള്ളത്തുള്ളികൾ ഇറ്റുവീഴുന്നുണ്ടായിരുന്നു.
സിന്ധു അംബികയെ നോക്കി നാണത്തോടെ മന്ദഹസിച്ചു.
“ഇവിടെ നിൽക്ക്.” എന്ന് സതീശനോട് പറഞ്ഞ് നളിനിയും അംബികയും വീട്ടിനകത്തേക്ക് കയറിപ്പോയി. സതീശൻ വരാന്തയിൽ നിന്നും രണ്ടു പ്ലാസ്റ്റിക് കസേരയെടുത്തു മുറ്റത്തെ മരത്തണലിലിട്ടു. വേലിക്കപ്പുറത്തു നിന്ന് ചെവിയോർക്കുന്നവരുടെ കൂട്ടത്തിൽ രണ്ടുപേർ കൂടി ചേർന്നു.
“തറവാടും ജാതിയും അറിയാതെ എങ്ങിനെ പെണ്ണിനെ വീടുകയറ്റും? പോരാത്തതിന് നമ്മുടെ സമുദായത്തിൽ അവളെ ചേർക്കുമോ? ആ കുട്ടിക്ക് പതിനെട്ടായെന്നു അവൻ പറയുന്നു. സത്യാവസ്ഥ ആർക്കറിയാം? മിക്കവാറും പോലീസ് അവരെ തിരക്കിവരും.” നളിനി ഒറ്റശ്വാസത്തിൽ പറഞ്ഞുനിർത്തി. അടുക്കളയിലേക്കുള്ള ഇടനാഴിയിലായിരുന്നു അവർ രണ്ടുപേരും.
അംബിക ചുവരിലെ ആണിയിൽ നിന്നും കലണ്ടറെടുത്ത് ജനാലക്കരികിലേക്ക് നടന്നു.
“ഇന്ന് പ്രത്യേകിച്ചെന്തെകിലും ഐശ്വര്യക്കേടുണ്ടെന്ന് തോന്നുന്നില്ല.” അവൾ കലണ്ടർ പരിശോധിച്ചുകൊണ്ട് പറഞ്ഞു.
“അവന് സമുദായത്തിൽ നിന്ന് നല്ല ഒരു ആലോചന വന്നിട്ടില്ല. എന്നല്ല അവന് സമുദായത്തിൽ നിന്ന് ഒറ്റയൊരു ആലോചനപോലും വന്നിട്ടില്ല.” അംബിക തുടർന്നു.
“നമ്മളെയെല്ലാം സമുദായത്തിൽ നിന്ന് ഊരുവിലക്കിയാൽ എന്ത് ചെയ്യും? അവന് കല്യാണപ്രായം ആയിവരുന്നതേ ഉള്ളൂ.” നളിനി പറഞ്ഞു.
“കാണാൻ നല്ല ഒരു പെൺകൊച്ച്. ദേഹത്തു സ്വർണ്ണമെല്ലാം കൂടെ പത്തു പന്ത്രണ്ട് പവൻ കാണും.” അംബിക ഭാവി നാത്തൂന്റെ പക്ഷം പിടിച്ച് അമ്മയെ പ്രലോഭിപ്പിച്ചു.
“അവൻ ബഹളമുണ്ടാക്കാൻ തുടങ്ങുന്നതിനുമുമ്പ് അവരെ അകത്തേക്ക് കൂട്ടാം.” അംബിക അടുക്കളവാതിലിലൂടെ പുറത്തിറങ്ങി അയല്പക്കത്തേക്ക് പോയി കടംവാങ്ങിയ താലവുമായി തിരിച്ചെത്തി. വീട്ടിലെത്തി അരമണിക്കൂർ തികയുന്നതിനു മുൻപേ വിളക്കും താലവുമെടുത്ത് സതീശനെയും സിന്ധുവിനെയും നളിനിയും അംബികയും കൂടി അകത്തേക്ക് കയറ്റി.
“ഞങ്ങളുടെ വീട് പഴയരീതിയിൽ ഉള്ളതാണ്. കട്ടിളക്ക് പൊക്കം കുറവാണ്. തലമുട്ടാതെ സൂക്ഷിച്ച് കടന്നു വരൂ.” വിളക്ക് പിടിച്ച് കയറ്റുമ്പോൾ അംബിക സിന്ധുവിനോട് പറഞ്ഞു.
അംബിക നാത്തൂനെ ആ വീട്ടിലെ ഏറ്റവും വലുതും തെളിച്ചമുള്ളതുമായ മുറിയിലേക്ക് കൊണ്ടുപോയി. ഒരു കട്ടിലും ഒരു അലമാരയും മാത്രം ഇടാനുള്ള സ്ഥലമുള്ളതും, കറുത്ത ഓക്സയിഡ് തറ അവിടവിടെ പൊട്ടിപ്പൊളിഞ്ഞതുമായിരുന്നു ആ മുറി. പക്ഷെ അത് പ്രകാശഭരിതവും കാറ്റോട്ടമുള്ളതും ആയിരുന്നു.
അംബിക അലമാരതുറന്ന് ലാമിനേറ്റുചെയ്ത ഒരു ഫോട്ടോ എടുത്തു.
“ഇതാണ് എന്റെ കല്യാണ ഫോട്ടോ.”
“ഞങ്ങളുടെ അച്ഛൻ ഇവിടെ ഇല്ല.” അംബിക തുടർന്നു. “കോഴിക്കോട്ട് ഒരു യോഗത്തിന് പോയിരിക്കുന്നു. അച്ഛന് ഇവിടെ അടുത്തുള്ള ഒരു കമ്പനിയിൽ ജോലി ഉണ്ടായിരുന്നു. ആ കമ്പനി പൂട്ടിയതിൽ പിന്നെ അച്ഛൻ മുഴുവൻ നേരവും പാർട്ടി പണിയിലാണ്.”
അംബിക അലമാരയിൽ നിന്നും കുറച്ചു പഴകിയ ഒരു ന്യൂസ്പേപ്പർ ഷീറ്റ് എടുത്തു. അതിൽ, അച്ഛന്റെ ചുമലിലിരുന്ന് ചെങ്കൊടി വീശുന്ന ഒരു കുട്ടിയുടെ ചിത്രമുണ്ടായിരുന്നു. പശ്ചാത്തലമായി ഒരു സമ്മേളനസ്ഥലത്ത് പ്രസംഗം നടക്കുന്ന സ്റ്റേജും കേട്ടിരിക്കുന്ന കുറെ ആൾക്കാരും ഉണ്ടായിരുന്നു.
സ്റ്റേജിൽ പ്രസംഗിച്ചുകൊണ്ടിരുന്ന ഒരാളെ തൊട്ടു കാണിച്ച് അംബിക തുടർന്നു. “ഇത് അച്ഛന്റെ വല്യച്ഛന്റെ മകനാണ്. പാർട്ടിയിൽ വലിയ പദവിയിലുള്ള ആളാണ്.”
“അംബികേ, സിന്ധുവിനെ ഇവിടേക്ക് കൊണ്ടുവരൂ. അവളെക്കാണാൻ കുറച്ചുപേർ വന്നിട്ടുണ്ട്.” നളിനി വരാന്തയിൽ ഇരുന്ന് വിളിച്ചതുകേട്ടു സിന്ധുവും അംബികയും അവിടേക്ക് ചെന്നു.
നളിനി എല്ലാവരെയും സിന്ധുവിന് പരിചയപ്പെടുത്തി. സിന്ധുവിന്റെ മുഖം ലജ്ജകൊണ്ട് തെല്ലു തുടുത്തു. അയല്പക്കത്തെ സ്ത്രീകളും കുട്ടികളും സിന്ധുവിന്റെ പുതിയ ഫാഷൻ മുടിക്കെട്ടും അവളുടെ സ്വർണാഭരണങ്ങളും കൗതുകത്തോടെ നിരീക്ഷിച്ചു.
അന്ന് വൈകുന്നേരം സതീശനും സിന്ധുവും അംബികയുടെ വീട്ടിൽ നിന്നും ഊണ് കഴിക്കാൻ പോയി. മെയിൻ റോഡിനടുത്തുള്ള ചെറിയ ഒരു വീടിന്റെ വാടകക്കെടുത്ത ഒരു ഒറ്റമുറിയും അടുക്കളയും ചേർന്ന ഭാഗത്തിലാണ് അംബികയും രാജീവും താമസിച്ചിരുന്നത്.
സതീശനും സിന്ധുവും പുതിയ വസ്ത്രങ്ങൾ അംബികയ്ക്കും രാജീവിനും കൊടുത്ത്, അവരുടെ കാൽ തൊട്ടു വന്ദിച്ചു. അംബിക സിന്ധുവിനെയും വിളിച്ച് അകത്തേക്ക് പോയി.
“ഈ വീട്ടിൽ സ്ഥലം വളരെ കുറവാണ്. ഞങ്ങൾ ഈ വീട്ടിൽ നിന്ന് കുറച്ചു കൂടി വലിയ ഒന്നിലേക്ക് അടുത്തു തന്നെ മാറും. അതിഥികൾ വരുമ്പോൾ സ്ഥലം കൂടുതൽ വേണമല്ലോ.” അംബിക നാണം കലർന്ന പുഞ്ചിരിയോടെ തന്റെ വയറിൽ തടവി.
അംബിക അടുക്കളയിലേക്ക് ചെന്ന് കറി ഇരിക്കുന്ന പാത്രത്തിൽ ഒരു മരത്തവി കൊണ്ട് ഇളക്കി. വറുത്തരച്ച കോഴിക്കറിയുടെ ഗന്ധം അവിടെയാകെ പരന്നു. അംബിക പാത്രം അടുപ്പത്തു നിന്ന് മാറ്റി അവിടെ ഒരു അലുമിനിയച്ചട്ടി വച്ച് അതിൽ കുറച്ചു എണ്ണയൊഴിച്ച് പപ്പടം കാച്ചാനാരംഭിച്ചു.
“സതീശൻ എനിക്ക് മകനെപ്പോലെ ആണ്. സതീശനെ പ്രസവിച്ച് കഴിഞ്ഞു അമ്മക്ക് വീണ്ടും ജോലിക്ക് കയറേണ്ട സമയമായപ്പോൾ ഞാനും എന്റെ അനുജത്തി ശ്യാമളയും സതീശനെ നോക്കാൻ വേണ്ടി പഠിപ്പു നിർത്തി. ഞാൻ ആറാം ക്ളാസ്സിലും അവൾ നാലാം ക്ളാസ്സിലും ആയിരുന്നു. ഞങ്ങൾ അത്ര നന്നായി പഠിക്കുമായിരുന്നില്ല. അത് കൊണ്ട് ചിലപ്പോൾ അത് നന്നായി എന്ന് പറയാം.” അംബിക പറഞ്ഞു നിർത്തി.
പപ്പടം കാച്ചിക്കഴിഞ്ഞപ്പോൾ സതീശനെയും രാജീവിനെയും വിളിച്ചു അംബിക ഭക്ഷണം വിളമ്പാൻ ആരംഭിച്ചു.
ഊണ് കഴിഞ്ഞു അൽപനേരം ഇരുന്ന ശേഷം രാജീവ് ടോർച്ചെടുത്ത് സതീശനെയും സിന്ധുവിനെയും വീട്ടിലാക്കാൻ അനുഗമിച്ചു.
വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ, അയൽവീട്ടുകാരുടെ മതിലിനുപുറത്ത് ആരോ ബീഡി വലിച്ചുകൊണ്ട് ഇരിക്കുന്നത് രാജീവിന്റെയും സതീശന്റെയും ശ്രദ്ധയിൽപ്പെട്ടു. അടുത്തെത്തിയപ്പോൾ ധരിച്ചിരിക്കുന്ന ഷർട്ടിന്റെ പാറ്റേൺ കണ്ടു അത് കണ്ണനാണെന്ന് രാജീവിന് മനസ്സിലായി. സ്ട്രീറ്റ്ലൈറ്റിന്റെ പ്രകാശം എത്തുന്നിടത്തുനിന്നും വിട്ടുമാറി ഇരുട്ടത്ത് ഇരിക്കുകയായിരുന്നു അവൻ.
അവന്റെ മുന്നിലെത്തിയപ്പോൾ അവർ നടത്തം നിർത്തി. “ഞങ്ങൾ വീട്ടിലേക്കാണ്. കൂടെ വരുന്നുണ്ടോ?” രാജീവ് ചോദിച്ചു. കണ്ണന്റെ ചുണ്ടത്തെ ബീഡി ഒന്ന് എരിഞ്ഞുമിന്നിയതല്ലാതെ മറുപടി ഒന്നും കിട്ടിയില്ല. റോഡിന് മറുവശത്തെ കുറ്റിക്കാട്ടിൽ എന്തോ അനങ്ങുന്ന ശബ്ദം കേട്ട രാജീവ് ടോർച്ചിന്റെ വെളിച്ചം അങ്ങോട്ട് തെളിയിച്ചു.
“ശരി, ബീഡി വലിച്ചു തീർത്തിട്ട് വരൂ” എന്ന് പറഞ്ഞു രാജീവ് വീട്ടിലേക്ക് നടന്നു. സതീശനും സിന്ധുവും കൂടെയും. അവർ വരുന്നതും കാത്ത് നളിനി വീടിന്റെ മുൻവരാന്തയിൽ ഇരിപ്പുണ്ടായിരുന്നു. “ഞാൻ പോകട്ടെ, അംബിക വീട്ടിൽ ഒറ്റക്കാണ്.” രാജീവ് വേഗം തിരിച്ചുപോയി. നളിനി കുറേനേരം കണ്ണൻ വരുന്നതും കാത്തിരുന്നെങ്കിലും പാതിരയോടടുത്തു തളർന്നുറങ്ങിപ്പോയി. പിറ്റേ ദിവസം വൈകീട്ട് ഊണ് കഴിക്കാൻ നേരത്ത് കണ്ണൻ വീട്ടിലേക്ക് തിരിച്ചെത്തിയെങ്കിലും “എവിടെയായിരുന്നു?” എന്നിങ്ങനെയുള്ള നളിനിയുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം കൊടുക്കാൻ അവൻ വിസമ്മതിച്ചു.
“പെയിന്റുപണിക്കുപോകുന്ന എന്റെ കൂട്ടുകാരന്റെ ഒപ്പം ഞാനും കൂടുന്നു. ഇപ്പോൾ ഏറ്റവും കൂടുതൽ കൂലി കിട്ടുന്നത് അതിനാണ്.” സതീശൻ നളിനിയോട് പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞ് നളിനിയും സതീശനും ജോലികഴിഞ്ഞു വരുമ്പോൾ കുമാരൻ വീട്ടിലുണ്ടായിരുന്നു. സതീശനോട് പഴയപോലെ അകലം പാലിച്ചെങ്കിലും കുമാരൻ സിന്ധുവിനോട് സംസാരിക്കുകയും അവളുടെ കയ്യിൽ നിന്ന് ചായവാങ്ങി കുടിക്കുകയും ചെയ്തു.
വീടിനടുത്ത അമ്പലത്തിലെ ഉത്സവദിനം വരെ സതീശൻ കൃത്യമായി ജോലിക്ക് പൊയ്ക്കൊണ്ടിരുന്നു. ഉത്സവം ആഘോഷിക്കാനായി അവൻ ഒരു ദിവസം അവധിയെടുത്തു. അന്ന് രാത്രി ഏറെ വൈകി മദ്യലഹരിയിലും ഉറക്കച്ചടവോടെയുമാണ് അവൻ വീട്ടിലെത്തിയത്. സാധാരണയായി നളിനിയോടൊപ്പം വീട്ടിൽ നിന്നും പണിക്കുപോകാൻ ഇറങ്ങാറുള്ള സതീശൻ അന്ന് വൈകിയാണ് എഴുന്നേറ്റത്. സിന്ധുവിനെ വിളിച്ചിട്ടും വിളി കേൾക്കാതായപ്പോൾ അവൻ എഴുന്നേറ്റു അടുക്കളവാതിലിന് സമീപത്തേക്ക് ചെന്നു. സിന്ധു വേലിക്കടുത്തുനിന്ന് അവന്റെ ചെറിയച്ഛന്റെ ഭാര്യയോട് സംസാരിക്കുകയായിരുന്നു. അവനുവേണ്ടി ഉണ്ടാക്കിയ ചായ തണുത്തുപോയതിനെച്ചൊല്ലി സിന്ധു തിരികെയെത്തിയപ്പോൾ അവൻ അവളുമായി വഴക്കിട്ടു.
രണ്ടാഴ്ചകൾക്കുശേഷം ഒരു ദിവസം, പെട്ടെന്ന് ചെയ്തുതീർക്കേണ്ട ഒരു പണി പൂർത്തിയാക്കാൻ രാത്രി ഏറെ വൈകി പണിയെടുത്തതുകൊണ്ട് ഉച്ചയാകാറായപ്പോളാണ് സതീശൻ എഴുന്നേറ്റത്. അന്ന് അംബിക നഗരത്തിലെ ആസ്പത്രിയിൽ ഗൈനക്കോളജിസ്റ്റിനെ കാണാൻ പോയപ്പോൾ നളിനിയുടെ നിർദ്ദേശപ്രകാരം സിന്ധു അവൾക്കു കൂട്ടുപോയിരുന്നു. ചെക്കപ്പിന് ശേഷം അവർ ആസ്പത്രിക്കടുത്തുള്ള ഒരു റെസ്റ്റോറന്റിൽ ചായകുടിക്കാൻ കയറി. അംബികയെ അവിടെ ഇരുത്തി സിന്ധു തൊട്ടടുത്തുള്ള പഴക്കടയിൽ നിന്നും ആപ്പിൾ വാങ്ങാനിറങ്ങി.
അവൾ തെരഞ്ഞെടുത്ത ആപ്പിളുകൾ കടക്കാരൻ പൊതിഞ്ഞുകെട്ടുമ്പോൾ സിന്ധു കോയിൻ ഇട്ട് വിളിക്കുന്ന ഫോണിൽ നാണയമിട്ട് അവളുടെ വീട്ടിലെ നമ്പർ ഡയൽ ചെയ്തു. റീസിവർ ചെവിയോടടുപ്പിച്ച് അവൾ അൽപനേരം കാത്തു. ഏതാനും സെക്കന്റുകൾക്കകം അവളുടെ അമ്മയുടെ ശബ്ദം സിന്ധു കേട്ടു.
“ഹലോ, ആരാണ് വിളിക്കുന്നത്?” അവളുടെ അമ്മ ചോദിച്ചു.
സിന്ധു ഒന്നും മിണ്ടാതെ റീസിവർ ചെവിയോട് ചേർത്ത് ഇറുക്കിപ്പിടിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞു. അമ്മ ചോദ്യം വീണ്ടും ആവർത്തിച്ചു. സിന്ധു റീസിവർ ക്രാഡിലിൽ വച്ചശേഷം സാരിത്തുമ്പു കൊണ്ട് മുഖം തുടച്ചു.
കടക്കാരന്റെ കയ്യിൽ നിന്നും ആപ്പിളുകൾ അടങ്ങിയ പൊതി വാങ്ങി വില കൊടുത്ത ശേഷം സിന്ധു അംബികയുടെ അടുത്തേക്ക് തിരിച്ചുപോയി. ബാഗിലിരുന്ന ചെറിയ ടർക്കി ടവൽ നിവർത്തി കയ്യും മുഖവും തുടച്ചശേഷം അംബിക പോകാനെഴുന്നേറ്റു. “ഇന്ന് എന്തൊരു ചൂടാണ്.” അവൾ സിന്ധുവിന്റെ വിയർപ്പുതുള്ളികൾ പൊടിഞ്ഞ മുഖത്തേക്ക് നോക്കി പറഞ്ഞു.
സതീശൻ എഴുന്നേറ്റപ്പോൾ വീട്ടിൽ വേറെ ആരും ഉണ്ടായിരുന്നില്ല. നേരം വൈകുംതോറും അവന്റെ കോപം വർദ്ധിച്ചുകൊണ്ടിരുന്നു. ഉച്ചയോടടുത്ത് സിന്ധു തിരിച്ചെത്തിയപ്പോഴേക്കും ചോറും കറികളും കുറെ പാത്രങ്ങളും അടുക്കളമുറ്റത്ത് ചിതറിക്കിടപ്പുണ്ടായിരുന്നു.
“നിങ്ങൾ എന്താണീചെയ്തത്?” അടുക്കളവാതിൽക്കൽ നിന്ന് മുറ്റത്തു ചിതറിക്കിടക്കുന്ന ചോറും പാത്രങ്ങളും നോക്കി സിന്ധു സതീശനോട് ചോദിച്ചു. “നിങ്ങൾക്ക് ഭ്രാന്തുപിടിച്ചോ?” പിറകിൽ എന്തോ ഒരു അനക്കം കേട്ടു തിരിഞ്ഞുനോക്കിയ സിന്ധു പെട്ടെന്ന് ഒഴിഞ്ഞുമാറിയതിനാൽ സതീശൻ അവൾക്കു നേരെ എറിഞ്ഞ സ്റ്റീൽ ടംബ്ലർ വാതിലിൽ തട്ടി നിലത്തുവീണ് കടകട ശബ്ദത്തോടെ ഉരുണ്ടുപോയി.
അതിനുശേഷം സതീശൻ നിത്യേനയെന്നോണം കുടിച്ചു വീട്ടിൽ വരാൻ തുടങ്ങി. മൂന്നാഴ്ചകൾക്ക് ശേഷം ഒരു ദിവസം പുലർച്ചെ സിന്ധുവിനെ വീട്ടിൽ നിന്നും കാണാതായി. അവൾ ഒരു ബാഗുമെടുത്ത് മെയിൻ റോഡിലുള്ള ബസ് സ്റ്റോപ്പിലേക്ക് നടന്നുപോകുന്നത് കണ്ടവർ കുറേപ്പേർ ഉണ്ടായിരുന്നു. ബസ്സിലെ കിളിയായി ജോലിചെയ്തിരുന്ന സതീശന്റെ ബന്ധുക്കളിലൊരാൾ അവൾ അവളുടെ നാട്ടിലേക്കുള്ള ബസ്സുകളിൽ ഒന്നിൽ കയറി പോകുന്നത് കണ്ടിരുന്നു.
അതിന്റെ അടുത്ത വ്യാഴാഴ്ച, വീട്ടിലാരും ഇല്ലാതിരുന്ന ഒരു നട്ടുച്ച നേരത്ത്, അഞ്ചു വ്യത്യസ്ത ദൈവങ്ങളുടെ ഫ്രെയിം ചെയ്ത പടങ്ങളും, ചുവന്ന പട്ടുചാർത്തിയ ഒരു ദേവീവിഗ്രഹവുമായി കണ്ണൻ വീട്ടിൽ എത്തി. വരാന്തയുടെ ഒരു ഭാഗം ചോക്ക് കൊണ്ട് മാർക്ക് ചെയ്തശേഷം, അവിടെ ഒരു കസവുതുണി വിരിച്ച് ഫോട്ടോകളും വിഗ്രഹവും അതിൽ നിരത്തി വച്ചു.
വീട്ടുവരാന്തയിൽ മകൻ ചെയ്തുവച്ചിരിക്കുന്നതുകണ്ട് വൈകീട്ട് പണികഴിഞ്ഞുവന്ന നളിനി അമ്പരന്നു. “ഇതൊക്കെ നിനക്ക് എവിടുന്നു കിട്ടി?” വരാന്തയിൽ ചമ്രം പടിഞ്ഞിരിക്കുന്ന കണ്ണനോട് അവൾ ചോദിച്ചു. “ടൗണിലെ ഒരുകടയിൽ നിന്ന്.” കണ്ണൻ അവൾക്ക് മുഖം കൊടുക്കാതെ മറുപടി പറഞ്ഞു.
“ഇത്തരം കാര്യങ്ങൾ തുടങ്ങിവച്ചാൽ പാതിവഴിക്ക് നിർത്താൻ പറ്റില്ല.” വാതിൽക്കലെത്തിയ നളിനി കണ്ണന്റെ മറുപടി പ്രതീക്ഷിച്ച് തിരിഞ്ഞു നിന്നു. കുറച്ചുനേരം കാത്തിട്ടും മറുപടി ലഭിക്കാതായപ്പോൾ നളിനി അകത്തുപോയി കുളിച്ചു വസ്ത്രം മാറി അത്താഴമൊരുക്കാൻ തുടങ്ങി. സതീശൻ പണികഴിഞ്ഞു വരുന്നവഴിക്ക് വരാന്തയിലെ കാഴ്ച കണ്ടെങ്കിലും അഭിപ്രായം ഒന്നും പറയാതെ വേഗത്തിൽ കിണറ്റിങ്കരെ പോയി കുളിച്ചു പുറത്തേക്കുപോകുകയും ചെയ്തു.
വീട്ടിലേക്ക് വന്നുകയറിയപ്പോൾ വരാന്തയിലെ കാഴ്ചകണ്ട കുമാരൻ ചവിട്ടുപടിയിലേക്ക് വച്ച കാൽ പിന്നോട്ടെടുത്തു.
“എന്റെ വീടിനുമുന്പിൽ ഇതൊക്കെ ആര് കൊണ്ടുവച്ചു?” കുമാരൻ ഉച്ചത്തിൽ ചോദിച്ചു.
“ഞാനാണ് ഇതെല്ലാം ഇവിടെ വച്ചത്.” കണ്ണൻ മറുപടി പറഞ്ഞു.
“ആരോട് ചോദിച്ചിട്ട്? ഇതെല്ലാം പടിക്കുപുറത്ത്. എന്റെ വീടാണിത്.” കുമാരൻ ശബ്ദം വീണ്ടും ഉയർത്തി.
“പാരമ്പര്യമായി കിട്ടിയ സ്വത്തല്ലേ? ചോക്ക് കൊണ്ട് അതിർത്തിവരച്ച ഭാഗം എന്റെയാണ്.” കണ്ണൻ മുരണ്ടു.
കുമാരൻ ലുങ്കി ഒന്നുകൂടി മുറുക്കിയുടുത്തു.
“കൂത്തിച്ചി മോനെ!”
കണ്ണന്റെ ശ്വാസവേഗം ഇരട്ടിച്ചു. അവന്റെ ദൃഷ്ടി വിഗ്രഹത്തിനുമുന്പിൽ വച്ചിരുന്ന സ്റ്റീലിന്റെ നിലവിളക്കിൽ ഉടക്കിനിന്നു.
അയല്പക്കത്തെ വീട്ടിൽ ഇരുന്നു ടീവി കാണുകയായിരുന്നു നളിനിയും മറ്റുപെണ്ണുങ്ങളും നളിനിയുടെ വീട്ടിൽനിന്നും ഉയരുന്ന കുമാരന്റെ ശബ്ദം കേട്ടു. മാധവി ടീവിയുടെ വോള്യം കൂട്ടിയപ്പോൾ നളിനിയുടെ വീട്ടിലെ ബഹളം അതിൽ മുങ്ങിപ്പോയി. നളിനി ടീവി കണ്ടു മടങ്ങിയെത്തുമ്പോഴേക്കും കുമാരൻ ദേഷ്യപ്പെട്ട് വീട്ടിൽ നിന്നും പോയിരുന്നു.
കുമാരന്റെ വീട്ടിലെ പുതിയ സംഭവവികാസങ്ങളിൽ അയല്പക്കക്കാർ തൃപ്തരായിരുന്നില്ല.
“ഉഗ്രമൂർത്തിയായ ഒരു ദേവിയുടെ കോപഭാവത്തിലുള്ള വിഗ്രഹമാണത്.” കുമാരന്റെ സഹോദരഭാര്യമാരിലൊരുവൾ റേഷൻ കടയിൽ നിന്ന് മണ്ണെണ്ണ വാങ്ങാൻ പോകുന്ന വഴി കണ്ടുമുട്ടിയ പരിചയക്കാരിയോട് പറഞ്ഞു. “പൂജയിൽ തെറ്റ് വന്നാൽ കുടുംബത്തിനാകെ ഏഴുതലമുറക്ക് ദേവീകോപമുണ്ടാവും. ഞങ്ങളും അതിൽപെടും.”
“പൂജ തുടങ്ങിയതിന്റെ പിറ്റേ രാത്രി തൊട്ട് ഞാൻ പേടിസ്വപ്നം കാണാൻ തുടങ്ങി.” വേറൊരുവൾ കൂട്ടിച്ചേർത്തു.
“ഇനി ഈ വിഗ്രഹം വേണ്ടെന്നു വെക്കാൻ ബുദ്ധിമുട്ടാകും. അഥവാ അങ്ങിനെ നടന്നാൽ തന്നെ കാശു കുറെ ചെലവാകും.” മുടിവെട്ടാൻ ഇരിക്കുന്നതിനിടയിൽ കുമാരന്റെ വല്യച്ഛന്റെ മകൻ രഘു, ബാർബറോട് പറഞ്ഞു.
“തൊട്ടടുത്തു താമസിക്കുന്ന ഞങ്ങൾ, ദേവിക്ക് കോപം വരാതിരിക്കാൻ വളരെ ശ്രദ്ധിക്കണം. ഇത് വലിയ കഷ്ടം തന്നെ അംബികേ. ഞങ്ങളെന്തു ചെയ്യും?” ജനലിലൂടെ നോക്കിയാൽ ദേവീവിഗ്രഹം കാണാവുന്ന കിടപ്പുമുറിയുള്ള വീട്ടിൽ താമസിക്കുന്ന കുമാരന്റെ അനുജന്റെ ഭാര്യ അംബികയോട് സ്വകാര്യമായി പറഞ്ഞു.
“എന്റെ ഭാര്യയുടെ മാമന്മാരിലൊരാൾ ഇതേ കാര്യം ചെയ്തു. ദൈവം വേറെയാണെന്നു മാത്രം. അവസാനം നാലയല്പക്കത്തുള്ള എല്ലാവർക്കും വീടും പറമ്പും കിട്ടിയ വിലയ്ക്ക് വിറ്റു നാടുവിട്ട് പോകേണ്ടിവന്നു.” മുറ്റത്തെ നിലാവത്തിരുന്നു നാടൻ വാറ്റു കുടിക്കുന്നതിനിടെക്ക് കുമാരന്റെ ചേട്ടന്മാരിലൊരാളുടെ അളിയൻ പറഞ്ഞു.
നളിനി ദിവസവും വിഗ്രഹം വച്ച വരാന്ത ശ്രദ്ധാപൂർവം അടിച്ചുതുടച്ചു വൃത്തിയാക്കാൻ തുടങ്ങി. വീട്ടിൽ ഇറച്ചിയും മീനും കയറ്റാതെയുമായി. കണ്ണൻ ദിവസവും ഒരു പുസ്തകം നോക്കി ശ്ലോകങ്ങൾ ഉരുവിടുകയും പൂജ നടത്തുകയും ചെയ്തു. രണ്ടാഴ്ചകഴിഞ്ഞപ്പോൾ നളിനിയുടെയും അയല്പക്കത്തുള്ളവരുടെയും നിർബന്ധപ്രകാരം വീട്ടുമുറ്റത്തു ചെറിയ ഒരു അമ്പലം പണിതു വിഗ്രഹം അങ്ങോട്ട് മാറ്റി.
അയല്പക്കത്തുള്ളവർ ഒന്നും രണ്ടുമായി ഇടക്കിടെക്ക് അമ്പലത്തിൽ തൊഴാൻ വന്നു തുടങ്ങി. മുൻകോപിയും വായാടിയും എന്ന് തറവാട്ടിലാകെ അറിയപ്പെട്ടിരുന്ന കുമാരന്റെ ഏറ്റവും മൂത്ത ചേട്ടന്റെ പേരമകൾ വേഗത്തിൽ കല്യാണം കഴിയാനുള്ള ഉപായമായി ഒരു ജ്യോൽസ്യൻ പറഞ്ഞതനുസരിച്ച് എല്ലാ തിങ്കളാഴ്ചയും മുടങ്ങാതെ അമ്പലത്തിൽ വരാൻ തുടങ്ങി.
ഒരു ദിവസം രണ്ട് അപരിചിതർ അമ്പലത്തിൽ തൊഴാൻ വന്നു. അവർ അയ്യായിരം രൂപയും രണ്ട്കുപ്പി എണ്ണയും വഴിപാട് നൽകി തിരിച്ചുപോയി. അക്കഥ വായുവേഗത്തിൽ അയല്പക്കത്തെങ്ങും പരന്നു. സതീശൻ മാത്രം അമ്പലത്തിന്റെ കാര്യത്തിൽ വലിയ ശ്രദ്ധയൊന്നും കാണിച്ചില്ല.
രണ്ടാഴ്ചകഴിഞ്ഞ് ഒരുദിവസം പാതിരാവോട് അടുത്തനേരത്ത് മൂക്കറ്റം കുടിച്ചു വീട്ടിൽ തിരിച്ചെത്തിയ സതീശൻ അടുക്കളെയാകെ തപ്പിയെങ്കിലും ഭക്ഷണമൊന്നും കിട്ടിയില്ല. നിലത്തു വിരിച്ചിട്ട ഒരു കിടക്കയിൽ കണ്ണൻ കിടന്നുറങ്ങിയിരുന്ന തളത്തിലേക്ക് വന്ന സതീശൻ ലൈറ്റിന്റെ സ്വിച്ച് ഓൺ ചെയ്തു.
പെട്ടെന്ന് മുറിയിൽ വെളിച്ചം പരന്നപ്പോൾ ഉറക്കം മുറിഞ്ഞ കണ്ണൻ എഴുന്നേറ്റിരുന്നു സതീശനെ തന്റെ ഒറ്റക്കണ്ണുകൊണ്ട് രൂക്ഷമായി നോക്കി.
“ആരാണ് ലൈറ്റ് ഓൺ ചെയ്തത്? അത് കെടുത്ത്.” കണ്ണൻ പറഞ്ഞു.
അടുത്ത മുറിയിൽ ഉറങ്ങിയിരുന്ന കുമാരനും നളിനിയും ശബ്ദം കേട്ട് എഴുന്നേറ്റു.
“ഈ വീട്ടിൽ തിന്നാനെന്തെങ്കിലും ഉണ്ടോ?” സതീശൻ അടുക്കളയുടെ വാതിലിൽ ആഞ്ഞുചവിട്ടി.
കുമാരൻ താൻ കിടന്നിരുന്ന മുറിയുടെ വാതിൽക്കൽ വന്ന് കൈകൾ ഇരുവശങ്ങളിലുമുള്ള കട്ടിളയിൽ വച്ച് സതീശനെ നോക്കി. നളിനി പിറുപിറുത്തുകൊണ്ട് താൻ കിടന്നിരുന്ന പായും തലയിണയും ചുരുട്ടി, ജനൽപ്പടിയിൽ വച്ചിരുന്ന ടോർച്ചെടുത്തു.
“ആ നശിച്ച ലൈറ്റ് കെടുത്ത്.” കണ്ണൻ ശബ്ദമുയർത്തി.
“എനിക്കുള്ള ചോറെവിടെ?” സതീശൻ തളത്തിലുണ്ടായിരുന്ന പ്ലാസ്റ്റിക് കസേര ചവിട്ടിത്തെറിപ്പിച്ചു.
“മിണ്ടാതിരിക്കെടാ കഴുവേറി!” കുമാരൻ ഒരു പ്ലാസ്റ്റിക് കസേരയെടുത്ത് സതീശന് നേരെ എറിഞ്ഞു. അടുക്കളവാതിൽക്കൽ നിൽക്കുകയായിരുന്ന സതീശൻ പിറകോട്ടു ചാടി അടുക്കളയിലേക്ക് കയറി.
നളിനി ചുരുട്ടിയ പായും തലയിണയുമായി വീട്ടിൽ നിന്നും ഇറങ്ങി മാധവിയുടെ വീട്ടിലേക്ക് നടന്നു. അടുക്കളയിൽ നിന്ന് പുറത്തുവന്ന ശബ്ദങ്ങൾ കേട്ട് സതീശൻ കത്തി തിരയുകയാണെന്ന് മനസ്സിലാക്കിയ കുമാരൻ, സതീശൻ കത്തിയുമായി അടുക്കളയിൽ നിന്ന്
വരുന്നതിനുമുന്പേ വീടിനു പുറത്തെത്തിയിരുന്നു. കണ്ണന് പക്ഷെ രക്ഷപ്പെടൽ അത്ര എളുപ്പമായിരുന്നില്ല. വേഗം പുറത്തുകടക്കാനുള്ള ശ്രമത്തിൽ അവന്റെ കാൽമുട്ട് വാതിലിൽ ഇടിച്ചു മുറിഞ്ഞു. സതീശനിൽ നിന്നും രക്ഷനേടി അവൻ വീടിന്റെ പിൻഭാഗത്തുള്ള ഒഴിഞ്ഞു കിടക്കുന്ന പറമ്പിലേക്ക് നീങ്ങി. കുമാരൻ ഇതിനകം ഓടി രക്ഷപ്പെട്ടിരുന്നു. രാത്രികാലങ്ങളിൽ പുറത്തിറങ്ങുന്ന തേളുകളെ ചവിട്ടാതെ ശ്രദ്ധയോടെ കണ്ണൻ മരങ്ങൾക്കിടയിൽ മറഞ്ഞു.
കയ്യിൽ കത്തിയുമായി സതീശൻ പറമ്പു മുഴുവൻ തിരഞ്ഞെങ്കിലും കുമാരനെയോ കണ്ണനെയോ കണ്ടു കിട്ടിയില്ല. കുമാരനും കണ്ണനും രക്ഷപ്പെട്ടെന്നുറപ്പായ സതീശൻ വീട്ടിനകത്തുകയറി അലമാരകളും പെട്ടികളും തുറന്ന് അവകളിലുള്ള തുണികളെല്ലാം വാരി എടുത്ത് വീട്ടുമുറ്റത്ത് കൊണ്ടിട്ട്, അടുക്കളയിൽ നിന്നും മണ്ണെണ്ണ എടുത്തുകൊണ്ടുവന്നു കുപ്പിയോടെ തുണികൾക്കുമീതെ കമിഴ്ത്തി തീ കൊളുത്തി. അമ്പലത്തിനടുത്തേക്ക് തുറക്കുന്ന ജനാലകളുള്ള കിടപ്പുമുറിയിൽ കിടന്നുറങ്ങിയിരുന്ന കുമാരന്റെ അനുജനും ഭാര്യയുമാണ് തീ കത്തുന്നത് ആദ്യം കണ്ടത്.
ആളുകൾ വെള്ളവുമായി ഓടിവന്നപ്പോളേക്കും തുണിയെല്ലാം ആളിക്കത്തിത്തുടങ്ങിയിരുന്നു. തുണികൾക്ക് സുഗന്ധം ലഭിക്കാൻ നളിനി തിരുകിവച്ച വാസനസോപ്പുകളുടെ കവറുകൾ സതീശൻ തുണികൾ കൊണ്ടുപോയ വഴിയിൽ അവിടവിടെ പൊഴിഞ്ഞുകിടന്നിരുന്നു. സതീശൻ പാതി ഉണർവോടെ വരാന്തയുടെ ഓരം ചേർന്ന് ഇരിപ്പുണ്ടായിരുന്നു. പോളിസ്റ്റർത്തുണി കത്തുന്ന മണം അന്തരീക്ഷത്തിൽ നിറഞ്ഞുനിന്നു. തീ നിമിഷങ്ങൾക്കകം കത്തിത്തീർന്നു. എല്ലാവരും താന്താങ്ങളുടെ വീടുകളിലേക്ക് തിരിച്ചുപോയി.
സതീശൻ വരാന്തയിൽ തന്നെ കിടന്ന് ഉറക്കമായി.
പുലരാറായപ്പോൾ കണ്ണൻ ശബ്ദമുണ്ടാക്കാതെ തിരിച്ചെത്തി. വരാന്തയിൽ കിടന്നുറങ്ങുന്ന സതീശനെക്കണ്ട് കണ്ണൻ ഒരു നിമിഷം നിന്നു. സതീശൻ നല്ല ഉറക്കമാണെന്നു ബോധ്യമായപ്പോൾ കണ്ണൻ കിണറ്റുകരയിലേക്ക് പോയി ഉണങ്ങാനിട്ടിരുന്ന തോർത്തെടുത്തു തിരികെ വന്നു സതീശന്റെ കാലുകൾ തോർത്തുകൊണ്ടു കെട്ടിയിട്ടു. അതിനുശേഷം പറമ്പിന്റെ അതിർത്തിക്കടുത്തുനിന്നും ഒരു കരിങ്കൽ കഷ്ണം എടുത്തുകൊണ്ടു വന്നു സതീശന്റെ തലയിൽ ഊക്കോടെ ഇടിച്ചു. ഇടിയേറ്റുണർന്ന സതീശൻ എഴുന്നേൽക്കാനാകാതെ അലറിപ്പിടഞ്ഞു. അയൽപക്കത്തുള്ള വീടുകളിൽ ലൈറ്റുകൾ തെളിഞ്ഞു തുടങ്ങിയപ്പോൾ കണ്ണൻ കല്ല് നിലത്തിട്ടു ഓടിപ്പോയി.
തന്നെ ബന്ധിച്ചിരിക്കുന്ന സ്ത്രീകളുടെ കൈകളിൽ നിന്ന് ഊർന്നിറങ്ങി നളിനി സതീശനെ കയറ്റിയ ഓട്ടോയുടെ നേരെ ഓടിച്ചെന്നു. സതീശന്റെ മുഖം പല്ലുകൾ അറ്റുതൂങ്ങി വികൃതമായ ഒരു ചോരക്കട്ടയായി മാറിയിരുന്നു. തന്റെ മകന്റെ അവസ്ഥ കണ്ട് നളിനി നെഞ്ചത്തടിച്ചു കരഞ്ഞു.
അപ്പോൾത്തന്നെ അയൽവീടുകളിലെ പെണ്ണുങ്ങൾ കുറേപേർ ചേർന്ന് കുമാരന്റെ വീടിന്റെ വരാന്തയും ചുമരും അടിച്ചുകഴുകി, ചോരകലർന്ന വെള്ളം മുറ്റത്തു തളം കെട്ടാതെ തുണികൊണ്ട് തുടച്ചെടുത്തു. സൂര്യനുദിച്ചു ഏറെനേരം കഴിഞ്ഞു പോലീസ് എത്തിയപ്പോഴേക്കും വരാന്തയും മുറ്റവും ഉണങ്ങിക്കഴിഞ്ഞിരുന്നു. പോലീസ് കണ്ണനെ ഏറെനാൾ തിരഞ്ഞെങ്കിലും ഇതുവരെ അവനെ കണ്ടുകിട്ടിയിട്ടില്ല.