ഭ്രാന്തന്‍

ഭ്രാന്തന്‍

സുദർശൻ

അലഞ്ഞു നടപ്പൂ ഞാനീ നാട്ടില്‍
ചങ്ങലകള്‍ തേടി.
കണ്ണാല്‍ കണ്ടതും കാതില്‍ കേട്ടതും
പറഞ്ഞു നടന്നൂ ഞാന്‍.
അത് കേട്ടവരാരോ പറഞ്ഞുവത്രേ
അവന്‍ ഭ്രാന്തനാണെന്ന്..
അത് കേട്ടവരെല്ലാം ഏറ്റുപറഞ്ഞു
അവനു ഭ്രാന്താണെന്ന്
അതെ, അത് കേട്ടവരെല്ലാം ഏറ്റുപറഞ്ഞു
എനിക്കു ഭ്രാന്താണെന്ന്!
ഞാന്‍ എന്‍റെ കണ്ണുകളോട് പറഞ്ഞു
നിനക്കു ഭ്രാന്താണെന്ന്
എന്‍റെ കാതുകളോടു ഞാന്‍ പറഞ്ഞു
നിനക്കു ഭ്രാന്താണെന്ന്.
ഇന്നു ഞാന്‍ അലഞ്ഞു നടക്കുന്നു
ചങ്ങലകള്‍ തേടി
ഇരുട്ടുകൊണ്ടൊരു ചങ്ങല വേണം
എന്‍റെ കണ്ണുകളെ പൂട്ടാന്‍
ഭ്രാന്തന്‍ കാഴ്ചകള്‍ കാണാതിരിക്കാന്‍
എന്‍റെ കണ്ണുകളെ പൂട്ടാന്‍
ഈയ്യമുരുക്കിയ ചങ്ങലവേണം
എന്‍റെ കാതുകളെ പൂട്ടാന്‍
ഭ്രാന്തന്‍ വാര്‍ത്തകള്‍ കേള്‍ക്കാതിരിക്കാന്‍
എന്‍റെ കാതുകളെ പൂട്ടാന്‍
അലഞ്ഞു നടപ്പൂ ഞാനീ നാട്ടില്‍
ചങ്ങലകള്‍ തേടി.