ഷെരീഫ്
ചോദ്യങ്ങള്‍ മരിച്ചു വീണു
കൊണ്ടിരിക്കുന്ന രാത്രിയുടെ
നിശ്ചലമായ ഒരു കയം.
സ്നിഗ്ദ്ധമായ് തഴുകിയു
റക്കാറുള്ള കൈകളില്‍
മുള്ളുകള്‍ പൂക്കുന്നു.
മെല്ലെ മെല്ലെ അതെന്‍റെ
പതിറ്റാണ്ടിന്‍റെ പഴക്കമുള്ള
ഭ്രാന്തിന്‍റെ ഉച്ചസ്ഥായിയി
ലേക്ക് പടര്‍ന്നു കയറുകയും
ചോര വാര്‍ക്കാതെ
മുറിവേല്പ്പിക്കുകയും
ചെയ്യുന്നു.
എന്നിട്ടും ബാക്കിയാവുന്ന
ജീവിതം വീണ്ടും
കൂട്ടിയും കിഴിച്ചുമെങ്ങുമെ-
ത്താതെയൊടുക്കം
ഉത്തരങ്ങളുടെ കടലിരമ്പത്തെ
കാതോര്‍ത്തിരിക്കുന്നു.
അതിനിടയിലെപ്പൊഴോ
റയില്‍ പാളവും കടലും
ഒരേ നാണയത്തിന്‍റെ
രണ്ടു വശങ്ങളാകുന്ന
രസതന്ത്രം മനസിലായി
വരുമ്പൊഴേക്കും,
ഒരു ചോദ്യത്തിന്‍റെ മാത്രം
ഉത്തരമല്ല പ്രണയം
എന്നെന്നെ പുണര്‍ന്നു
കൊണ്ട് പ്രഭാതം
ജനലിനപ്പുറം
വെളുത്തു നിവര്‍ന്നു വരുന്നു.
ഇപ്പോള്‍
രാത്രിയില്‍ കയങ്ങളില്ല
ഭ്രാന്തിനും മുള്ളുകള്‍ക്കും
വെളുത്ത നിറമാണ്
പുലരിയുടെ തൂവെള്ള നിറം.