രാജേഷ് അണിയാരം
ആധുനിക വൈദ്യശാസ്ത്രം എന്റെ കുഞ്ഞിന്റെ ജനനത്തിനായി കുറിച്ചു വെച്ചിട്ടുള്ള ദിവസമെത്താൻ മൂന്നാഴ്ച ഇനിയും ബാക്കി നിൽക്കുന്നു. എന്നിട്ടും ശാസ്ത്രീയതയുടെ വീമ്പു പറച്ചിലിനെ തകിടം മറിച്ച്, സ്ത്രീ സഹജമായ സകല പ്രതിരോധങ്ങളും തകർത്തു കൊണ്ട് ,വേദനയാൽ പിടഞ്ഞ് ഭാര്യ ആശുപത്രിയിലെ ലേബർ റൂമിൽ അടക്കപ്പെട്ടിരിക്കുന്നു.
റൂമിനു പുറത്ത് ഭീതിദമായ നിശ്ശബ്ദതയ്ക്കു മേൽ വന്നിടിക്കുന്ന നെഞ്ചിടിപ്പുകൾ. അടഞ്ഞുകിടക്കുന്ന വാതിലിനു മേലെ പതിഞ്ഞു കിടക്കുന്ന നിരവധി ആശങ്കക്കണ്ണുകൾ. വാതിലിനപ്പുറം സൃഷ്ടിയുടെ നോവാൽ പിടയുന്ന പെണ്ണിന്റെ വേദനങ്ങളത്രയും ആവാഹിച്ചെടുക്കുന്ന മുഖഭാവവുമായി നിൽപ്പാണ് ഞങ്ങളെല്ലാവരുo (ഞാൻ, അച്ഛൻ, അമ്മ, അമ്മായിയപ്പൻ, അമ്മായിയമ്മ)
വല്ലപ്പോഴും കരഞ്ഞു തുറക്കുന്ന വാതിലിൻ പിന്നിൽ നിന്നും പുറത്തേക്ക് വരുന്ന നേഴ്സിനെ ഞങ്ങൾ ആകാംക്ഷയോടെ നോക്കുകയും ഞങ്ങളെയൊന്നും ഗൗനിക്കാതെ നടന്നു നീങ്ങുന്ന നേഴ്സിന്റെ മൗനത്തിൽ നിരാശ പൂണ്ട് ഞങ്ങൾ അസ്വസ്ഥരാകുകയും ചെയ്തു കൊണ്ടിരുന്നു.
അൽപം കഴിഞ്ഞപ്പോൾ പാതി തുറന്ന വാതിലിനിടയിലൂടെ തല നീട്ടി മധ്യവയസ്കയായ ഒരു നേഴ്സ് നാവനക്കി.” ദീപയുടെ ആളാരാ..?”
കേൾക്കേണ്ട താമസം ഞങ്ങളെല്ലാവരും നേഴ്സിന്റെ അടുത്തേക്കോടി.
”ദീപപ്രസവിച്ചു. ആൺ കുഞ്ഞാ..”
നേഴ്സിന്റെ കരിഞ്ഞ ചുണ്ടുകൾക്കിടയിൽ പുഞ്ചിരിയുടെ ചന്ദ്രക്കല വെളിപ്പെട്ടു. ഞൊടിയിടയിൽ എല്ലാവരിലേക്കും പടർന്നു കയറിയ മാന്ത്രിക ശക്തിയുള്ള ഒരു മന്ദഹാസം. സന്തോഷം കൊണ്ട് ആശുപത്രിയിലാകെ ഓടി നടക്കാൻ തോന്നി എനിക്ക്
നേഴ്സ് കൊണ്ടുവന്നെ ദെെവമുഖമുള്ള ചോരക്കുഞ്ഞിനെ അനശീലനത്തിന്റെ വാഴക്കമില്ലായ്മയോടെ എടുത്തപ്പോൾ കുഞ്ഞ് കോച്ചി വലിച്ച് പ്രതിക്ഷേധിച്ച് നീട്ടിക്കരഞ്ഞു.
വെറുമൊരു രാജേഷിൽ നിന്നും ദീപയുടെ ഭർത്താവിലേക്കും അവിടെ നിന്ന് ഒരു പരീക്ഷയും പരിശീലനവുമില്ലാതെ മകന്റെ അച്ഛനിലേക്കുമുള്ള ഉത്തരവാദിത്തബോധത്തിൽ ഉറക്കം വരാതെ അന്നത്തെ രാത്രി മുഴുവൻ ഞാൻ ആശുപത്രി വരാന്തയിൽ കണ്ണു മിഴിച്ച് കിടന്നു. നവജാത ശിശുവിൽ നിന്നും ജന്മമെടുത്ത ഒരു സ്വപ്നം എന്റെ അച്ഛനിലേക്ക് പതുക്കെ പതുക്കെവളർന്നു വന്നു.
അച്ഛന്റെ കത്തുന്ന കണ്ണുകൾക്ക് മുമ്പിൽ കരിഞ്ഞു പോയ എന്റെ കുട്ടിത്തങ്ങളത്രയും ഓർത്ത് ഞാൻ സങ്കടപ്പെട്ടു. ഒരു കൗതകത്തിന് കൂട്ടുകാരോടൊത്ത് കടല വിൽക്കാൻ പോയ ബാല്യത്തിനു കിട്ടിയ ചുട്ടടിയുടെ നീറ്റലും, ത്രിസന്ധ്യ നേരത്ത് സമയബോധമില്ലാതെ മൈതാനത്തിൽ കളിച്ചു മദിച്ച കുട്ടിക്ക് കിട്ടിയ വഴക്കിന്റെ നോവും മനസ്സിൽ തികട്ടി.
അച്ഛനും മകനുമിടയിലെ ആശയ വിനിമയ ബന്ധം വിച്ഛേദിക്കപ്പെട്ടു പോയ കൗമാരത്തിൽ പല പിതൃ പുത്ര സൗഹൃദങ്ങളും എന്നെ അസൂയപ്പെടുത്തിയിട്ടുണ്ട്.
പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള തനി നാട്ടിൻ പുറത്തുകാരനായ അച്ഛന്റെ എന്നിലെ പ്രതീക്ഷയില്ലായ്മയും ,പരിമിത സ്വപ്നങ്ങളുമായി സന്ധി ചെയ്തതു കൊണ്ടാവണം ഇന്നും ആഗ്രഹങ്ങളൊന്നും നേടാൻ കഴിയാത്തതിലുള്ള നിരാശഎന്നെ വേട്ടയാടുന്നത്.
സ്വപ്നങ്ങളിൽ വിഷ സൂചിയാഴ്ത്തുന്ന കൊതുകുകളെ തച്ചു കൊന്നും, ആട്ടി പായിച്ചും ഞാൻ ഉറങ്ങാതെ നേരം വെളുപ്പിച്ചു. അപ്പോഴേക്കും ഒരു നല്ല അച്ഛനാകാൻ വേണ്ട ഗുണങ്ങളും സമീപനരീതികളും പഠിക്കേണ്ടുന്ന ആവശ്യകതയെ കുറിച്ച് ഞാൻ തികച്ചും ബോധവാനായി കഴിഞ്ഞിരുന്നു.അതു കൊണ്ടു തന്നെയാണ് തൊട്ടിലും, കൊതുകുവലയും ,കുട്ടിക്കുപ്പായവും വാങ്ങുന്നതിനൊപ്പം കുട്ടികളെ വളർത്താൻ പഠിക്കാം എന്ന പുസ്തം കൂടി വാങ്ങി കൊണ്ടുവന്നത്.
ഇതുവരെയും കുട്ടികളെ വളർത്താൻ വായിച്ച് പഠിച്ചിട്ടില്ലാത്ത എന്റെ അച്ഛനമ്മമാർക്ക് മുമ്പിൽ ഈപുസ്തകം കാണിക്കുന്നോൾഅവർ അത്ഭുതപ്പെട്ട് പോകുമെന്നും ,തങ്ങളുടെ അറിവില്ലായ്മയിൽ ലജ്ജിച്ച് പോന്നുമെന്നോർത്ത് ഞാൻ സന്തോഷിച്ചു.
രാത്രി നേരങ്ങളിൽ, വയനാമുറിയിൻ പരീക്ഷാ തലേന്ന് പഠിക്കുന്ന വിദ്യാർത്ഥിയുടെ ബദ്ധശ്രദ്ധയോടെ ഉറക്കമിളച്ചിരുന്ന് ഞാൻ കുട്ടികളെ വളർത്താൻ പഠിച്ചു തുടങ്ങുന്നു.
കുട്ടികൾ നന്നാവാൻ നമുക്കു നന്നാവാം എന്ന ആദ്യ പാഠത്തിന്റെ അറിവിൽ നിന്നും, വല്ലപ്പോഴും ഉള്ള പുകവലിയും മദ്യപാനവും ഒഴിവാക്കാൻ ഞാൻ നിർബന്ധിതനായി.( കുട്ടികൾക്ക് വേണ്ടി പലതും ത്യജിക്കുമ്പോഴാണ് നല്ല മാതാപിതാക്കളാകുന്നത് എന്ന പുസ്തകത്തിലെ വാക്യത്തെ ഞാൻ അണ്ടർലൈൻ ചെയ്തിട്ടുണ്ട്.)
ദിവസങ്ങൾ കഴിയുന്തോറും മകനെ വളർത്താൻ പഠിച്ച് പഠിച്ച് ഞാൻ സ്വയം വളർന്നുകൊണ്ടിരുന്നു. മകനുമായുള്ള മുതിർന്ന പലരുടെയും ഇടപെടലുകളിലെ അശാസ്ത്രീയത എന്നെ വല്ലാതെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു.
അച്ഛൻ അവനോട് കാണിക്കുന്ന അമിത വാത്സല്യങ്ങളിൽ എനിക്കു പോലും അസൂയ തോനിത്തുടങ്ങി.സ്വന്തം മകനോട് കാണിക്കാതിരുന്ന സ്നേഹമത്രയും ഇത്രയും കാലം എവിടെയാണച്ഛൻ ഒളിപ്പിച്ചു വെച്ചിരുന്നത്…!. കൊച്ചുമകന് വേണ്ടി ആനയായി മുടിലിഴഞ്ഞും അവന്റെ കുസൃതികളിൽ ആർത്തു ചിരിച്ചും., അച്ഛൻ ഇപ്പോൾ അവന്റെ ഒളിക്കൂട്ടുകാരനായിരിക്കുന്നു. അവന്റെ ദു:ശാഠ്യങ്ങളത്രയും ക്ഷമാപൂർവ്വം നിറവേറ്റിക്കൊടുക്കാൻ അച്ഛൻ കാണിക്കുന്ന ഉത്സാഹത്തിന് ശാസ്ത്രീയമായ അടിത്തറയില്ലെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. പക്ഷേ ആരു കേൾക്കാൻ!.. ദു:ശാഠ്യങ്ങളെ അവഗണിക്കുകയാണ് നല്ലത്.മറിച്ചാകുമ്പോൾ അവൻ ഭാവിയിൽ ദുർവാശിക്കാരനും നിക്ഷേധിയുമായി വളരുമെന്ന് എന്നെ പഠിപ്പിച്ച പുസ്തകങ്ങളൊന്നും അച്ഛൻ വായിച്ചിട്ടില്ലല്ലോ..
കുട്ടികൾഅച്ഛനമ്മമാരെയാണ് മാതൃകയാക്കുന്നത്, അതുകൊണ്ടുതന്നെ അവരോട് ഇടപഴകുന്നത് വളരെ ശ്രദ്ധയോടെയാവണം എന്ന തിരിച്ചറിവോടെ തന്നെയാണ് എന്റെ ഇടപെടലുകൾ. എന്നിട്ടും മകൻ എന്നോട് ശത്രുതയോടെ പെരുമാറുന്നതിന്റെയും എന്നെ അനുസരിക്കാത്തതിന്റെയും കാരണം പുസ്തകത്തിലൊരിടത്തും കാണാൻ കഴിയുന്നില്ല.
മകന് ഇപ്പോൾ മൂന്ന് വയസ്സ് കഴിഞ്ഞു. അവന്റെ വാശിക്ക് ഇപ്പോഴും ഒരു കുറവും വന്നിട്ടില്ല. ഇന്നലെ ഞാൻ ടി.വി ചാനലിലെ വർത്ത ശ്രദ്ധിച്ചു കൊണ്ടിരിക്കുമ്പോഴാണ് മകൻ പോഗോ ചാനൽ വെച്ചു തരണം എന്ന വാശി പിടിച്ച് അലറി കരയാൻ തുടങ്ങിയത്.
‘ ശബ്ദമുണ്ടാക്കാതെ …’ – ഞാനുറക്കെ പറഞ്ഞു.
അവനാകട്ടെ പൂർവ്വാധികം ഉച്ചത്താൽ അലറി കരയുകയാണ്.ടി.വിയിൽ രാഷ്ട്രീയ ചർച്ച കൊടുമ്പിരികൊള്ളുന്നു. അപ്പോഴാണ് അവന്റെയൊരു പോഗോ..!
മകന്റെ നിലവിളിയുടെ ബഹളത്തിൽ ചർച്ച കേൾക്കാനും കഴിയുന്നില്ല.എനിക്കാണെങ്കിൽ ദേഷ്യം തലച്ചോറിൽ ഇരച്ചുകയറാൻ തുടങ്ങിയിരുന്നു. പെട്ടെന്ന് ചാടി എഴുനേറ്റ് അവന്റെ കുഞ്ഞി തുടയിൽ അടി കൊടുത്തപ്പോൾ ജീവിതത്തിൻ ഇതുവരെ കരഞ്ഞിട്ടില്ലാത്ത ഉച്ചത്തിൽ കരഞ്ഞ് വീടാകെ കീഴ്മേൽ മറിച്ചു അവൻ. ഇതു വരെ വഴക്കിട്ടിടില്ലാത്തത്രയും ഉച്ചത്തിൽ ഞാനും എന്തൊക്കെയോ പറഞ്ഞു.
കുറച്ച് കഴിഞ്ഞ് ദേഷ്യമൊക്കെ കെട്ടടങ്ങിയപ്പോൾ, മകനെ വഴക്കു പറയാൻ ഉപയോഗിച്ച വാക്കുകളെ കുറിച്ചോർത്തു.അച്ഛൻ തന്നെ വഴക്കു പറയാൻ ഉപയോഗിച്ച ആ വാക്കുകളൊക്കെയും ഇത്ര കൃത്യമായി പറയാൻ എനിക്കെങ്ങിനെ കഴിഞ്ഞു എന്നു ഞാനത്ഭുതപ്പെട്ടു. അപ്പോഴും അച്ഛന്റെ അസ്ഥി തറയുടെ മുന്നിൽ നിന്നും മകന്റെ തേങ്ങൽ കേൾക്കുന്നുണ്ടായിരുന്നു.