മരണവേള

മരണവേള

ഷാനവാസ് കുലുക്കല്ലൂർ

ഉച്ചിയിലേക്കടിച്ച്
വീഴ്ത്തിയാണവർ
ആഘോഷിച്ചത്

വീട്ടു വെളിച്ചം കെടുത്തിയവർ
പുറത്തു ബൾബുകൾ കത്തിച്ചു

ഒഴിഞ്ഞു നിന്ന്
പരദൂഷണം പറഞ്ഞവർ
ചുറ്റിലുമിരുന്ന്
വേദസൂക്തങ്ങളുരുവിട്ടു

കുടിനീരിനെ തടഞ്ഞവർ
കുളിപ്പിച്ചൊരുക്കി

മുറ്റത്തേക്ക്
മലിനജലം ഒഴുക്കിയവൻ
ശവപ്പുടവയിൽ സുഗന്ധം വിതറി

നാവു കുഴഞ്ഞ്
തെറിയഭിഷേകം നടത്തിയവൻ
സംസ്കരണ യാത്രക്കൂ
കൊടി പിടിച്ചു

പാപക്കറ പുരണ്ട കൈകളും
തിന്മയെ കൂട്ടിക്കൊടുത്തവനും
ദേഹത്തെ കല്ലറയിലിറക്കി വെച്ചു.

പരേതനെ
ദൈവ സന്നിധിയിലേക്കു
യാത്രയാക്കിയവരുടെ യിടയിൽ നിന്നും
എന്റെ മൗനം വീർപ്പുമുട്ടി.