മരുന്ന്

മരുന്ന്

മുഹമ്മദ് ഷെമിൽ

ഭയങ്കര ഓർമശക്തി. ഇത്തിരി മറക്കണം. മറക്കാനുള്ള മരുന്നിന് സർക്കാർ വില കുറച്ചത് കാരണം ക്യൂവിൽ തിരക്ക് കൂടുതലാണ്.

മരുന്ന് കുടിച്ചിട്ട് വീട്ടിലേക്ക് തിരിച്ചപ്പോൾ അവൻ മുണ്ടും ചെരുപ്പും എടുക്കാൻ മറന്നു. രണ്ട് കാലിന്റെ ഓർമയില്ലാതെ നാല് കാലിൽ ഇഴയാൻ തുടങ്ങി. നാട്ടുഭാഷ മറന്ന് പുതിയ സാഹിത്യവാക്കുകൾ പുറത്ത് വന്നു. കാളിംഗ് ബെല്ലിന്റെ ഓർമയില്ലാതെ കതകിൽ ആഞ്ഞടിച്ചു. കതക് തുറന്ന ഭാര്യയും “മോനേ” ന്ന് വിളിച്ച അമ്മയും പോർക്കളത്തിലെ ശത്രുക്കളായി. പോരാട്ടം കഴിഞ്ഞ് റൂമിന്റെ ഓർമയില്ലാതെ കോലായിലാണ് അവൻ ഉറങ്ങിയത്.

പിറ്റേന്ന് ഉണർന്നപ്പോൾ തലേന്നത്തെ മറവിയുടെ കാര്യം അവൻ പാടെ മറന്നിരുന്നു.