സതീഷ് അയ്യർ
അല്പം പറയാനുണ്ടായിരുന്നു..
കാതുകളടച്ച് കടന്നു പോയപ്പോൾ…
ഞാൻകരുതിയില്ല നീയെല്ലാം
നെഞ്ചിൽ പകർത്തിയിരുന്നെന്ന്…!!
ഇന്ന് എന്നിൽനിന്നെല്ലാം മറവി കൈയ്യടക്കിയപ്പോൾ…
എൻ നിഴൽപറ്റി
ഒരു ജീവനെന്നിൽ പടർന്നപ്പോൾ…
വൈകിവന്ന വസന്തമായ് നീയുമെൻ മുന്നിൽ…!!
വിധിയെ പഴിചാരി നമ്മളകലുമ്പോൾ…
പറയാൻ ബാക്കി വച്ചത് ഓർമ്മകളിൽ തിരിതെളിക്കേ…
കണ്ണീരുപ്പിന്റെ രുചി പടരുന്നു…!!
ഉപബോധമനസ്സിന്റെ അടിത്തട്ടിൽ
ഞെരിഞ്ഞമരുന്ന പ്രണയം
പ്രാണനെ കുത്തിനോവിക്കുന്നത് താങ്ങുവാനാകാതെ പിടയുന്നുണ്ട്…!!
വേർപാടിന്റെ നോവ് എന്നിൽ പുനർജ്ജന്മമെടുക്കുകയാണ്…
ആവർത്തനങ്ങൾ മൂകമായ ദുഃഖത്താലെന്നെ
കുരുതി കഴിക്കുന്നു..!!
മൗനത്തിന്റെ മുഖം മൂടി
ചിതറിത്തെറിക്കുന്നു…
യാഥാർഥ്യം ഉറഞ്ഞു തുള്ളുന്ന കോമരമായ് ചിത്തത്തെ ഭ്രമിപ്പിക്കുന്നു…!!
ഇല്ലാത്ത പുനർജ്ജന്മത്തെ നീ വീണ്ടും വീണ്ടും സ്വപ്നം കാണുകയാണ്…
വ്യർത്ഥമായ കാത്തിരിപ്പ്…!!
അതുമല്ലെങ്കിൽ നിന്നെത്തന്നെ നീ പറഞ്ഞു പഠിപ്പിക്കുന്ന തെറ്റായ ചിന്തകൾ…!!
ഞാൻ കണ്ണുകളടച്ച് ഇരുട്ടിനെ തേടുകയാണ്…
ഉണ്മകൾമറയ്ക്കാൻ…
പറയാൻ കഴിയാഞ്ഞത്, നേടാനാകാത്തത് മറവിയുടെ
കരങ്ങളിൽ തിരികെയേൽപ്പിക്കുകയാണ് എന്നേയ്ക്കുമായ്…!!