മഴ

മഴ

അനീഷ് ഹാറൂൺ റഷീദ്

ഭൂമിയിൽ
ആത്മാവിഷ്ക്കാരമെഴുതുവാനെത്തിയൊരു
മഴ കന്യക
മണ്ണിൽ പതിച്ചു തട്ടിത്തകർന്നു
കുത്തിയൊഴുകി ,.

മഴയെന്നും
മരങ്ങളിലെ
പൊഴിയാത്തയിലകളോട്
കിന്നാരം ചൊല്ലാറുണ്ടായിരുന്നു….

മഹാസമുദ്രങ്ങളിൽ നിന്നും കാറ്റെത്തി
വൃക്ഷശിഖരങ്ങളിൽ
കാറ്റും മഴയും
ഊയലാടാറുണ്ടായിരുന്നു…

ആകാശത്തിലെ
അനന്ത വിഹായസ്സിൽ
പാറി പറക്കുന്ന
പക്ഷികളുടെ ചിറകിൽ
പറ്റിപ്പിടിച്ചിരിന്നു
പാറി പറക്കുമായിരുന്നു…

മണ്ണിലാഴ്ന്നിറങ്ങി
വേരുകളിലൂടെ
ഊർന്നു കേറി
വൃക്ഷശിഖരങ്ങളെ
കുളിരണിയിക്കുമായിരുന്നു…

കൈത്തോടിലോടി
തിമിർക്കുന്ന
ചെറുമീനുകളോടൊപ്പം
നീന്തി തുടിക്കുമായിരുന്നു…

മരമില്ല
തോടില്ല
മഴയൊച്ചകൾക്കിന്നു
താളമില്ല
നാദവുമില്ല
വിലാപങ്ങളുടേയും
മരണത്തിന്റെയും
ശബ്ദം….

വിണ്ണിൽ നിന്നും
മണ്ണിലേക്ക്
ആത്മാവിഷ്ക്കാരത്തിനെത്തിയൊരു മഴ
മഹാ സമുദ്രത്തിനാഴങ്ങളിലേക്കൊഴുകി
ആത്മഹത്യ ചെയ്തു…