പാപ്പച്ചൻ കടമക്കുടി
ചിലനേരം പ്രിയേ..
വിരൽത്തുമ്പുവിട്ടു പറക്കുന്ന
ശലഭങ്ങളാവും വാക്കുകൾ.
ഇറക്കത്തിന്റെ പാതിയിൽ
തിരിഞ്ഞു നോക്കിപ്പോവും,
നീ വിളിച്ചുവോ?
സ്നേഹം കുറിച്ചിടാൻ
മൗനത്തോളം നിർമ്മലമായി
എന്റെ കൈവശം മറ്റൊന്നുമില്ല…
യാത്രപറഞ്ഞിറങ്ങിയിട്ടും
നിന്നോടൊത്ത്
പിന്നാലെ
സഞ്ചരിക്കുകയാണ്
എന്റെ
കുഞ്ഞുകുഞ്ഞു ആധികൾ.
പെരുമഴയത്ത്
തനിച്ചിരിക്കുമ്പോഴൊക്കെയും
കിതച്ചോടിവന്ന്
കുട നിവർത്തുന്നുണ്ട്
നിന്നോർമ്മകൾ.
പെയ്തുതീരി –
ല്ലൊരിക്കലുമെന്നിൽ
നീയെന്ന മഴക്കാലം പ്രിയേ…