സ്വപ്ന ഷെമീർ
മഴനൂലു പെയ്യുമീ രാവിൽ
ഞാനെൻ ജാലകപ്പടിയിൽ
തല ചായ്ച്ചിരിക്കവെ
ഇരുളുപരന്നെങ്കിലും എപ്പോഴോ
ചടുലതാളത്തിലായ്
സംഗീതമെന്നിൽ കുളിരായി പെയ്തിറങ്ങി.
ഇലച്ചാർത്തിനെ പുളകമണിയിച്ച്
ഓരോ മഴനൂലുമേതോ
വർണ്ണചിത്രം വരക്കുകയായിരുന്നോ?
ഭൂമി തൻമാറിലായ്
മിഴികൾ പൂട്ടി നിന്നിൽ മാത്രമായെൻ
അന്തരംഗത്തെ ചേർത്തു നിർത്തിയ
നേരമെന്നിൽ നീയറിയാതെ
ചേർത്തു നിർത്തിയോ?
രാത്രിമഴയായ് ഒരു താരാട്ടായ്
അനുഭൂതിയായ് നിശബ്ദതയിൽ
നിറഞ്ഞു നിൽക്കുമൊരു നിശ്വാസമായ്
ചാരെയെത്തിയ വേളയിൽ
നിന്നിലലിഞ്ഞു ചേരാൻ കൊതിപ്പൂ
ഇടമുറിയാതെ നീ പറഞ്ഞതത്രയും
എനിക്കായ് മാത്രമായിരുന്നോ
എൻ്റെ ഏകാന്ത നിമിഷങ്ങൾക്കു
വിരാമം കുറിക്കാനായ് താളമായ്
സ്നേഹാർദ്രമായ് പെയ്തിറങ്ങി.
എനിക്കും നിനക്കുമിടയിലെ
പരിഭവങ്ങളുടെ പ്രവാഹമായിരുന്നോ
പറയാതെ പറഞ്ഞു തീർത്തത് ?
നിൻ്റെ ആർദ്രമാം സംഗീതത്തിനായ്
കാതോർക്കുമ്പോൾ ഞാനെല്ലാം
മറന്നു പോയിടുന്നു
ഒരു മാത്രയെന്നിൽ നീയും ഞാനും
മാത്രമാണെന്നു നിനച്ചു പോയ്
അത്രമേൽ പ്രണയാർദ്രമാം നിൻ
സംഗീതമെന്നിൽ നിറഞ്ഞു നിന്നുപോയ്