അമൽ പി എം
മഴക്കാലമാവുമ്പ ഞാൻ,
എന്റെ വീടിനെ ഓർക്കും.
കാറ്റിലാടി ഉലയുന്ന ഇലകളെപ്പോലെ
അപ്പോഴെന്റെ നെഞ്ചും വിറയ്ക്കുന്നുണ്ടാവും.
പണ്ട്,അപ്പനപ്പൂപ്പന്മാര്
കാട് വളച്ചുകെട്ടിയ പൊറമ്പോക്ക്
ഭൂമീല്
ഓലമേഞ്ഞ വീടാർന്ന്.
പശമണ്ണോണ്ട് ഭിത്തിപൊക്കി
മൊഴുമനും ചാണകോണ്ട് മെഴുകിയ
പച്ച മണമുള്ള ഒറ്റ മുറി വീട്.
മഴക്കാലമാവുമ്പ വഴുക്കണ തറയിലും
മേൽപ്പൂര കാറ്റെടുക്കണതും പേടിച്ച്
മഴയെണ്ണി കാറ്റെണ്ണി ചുരുണ്ടുകൂടിയ
എത്രയെത്ര പഞ്ഞമാസക്കാലങ്ങൾ.
അക്കാലമാത്രയും മണലിലിട്ട്
മുള പൊന്തിയ ചക്കകുരുവും
ഒണക്ക കപ്പയും വറ്റല് മുളകും ചവച്ച്
ഉയിരു നിറുത്തിയ കാലം.
മഴക്കാലമോരോന്നും പെയ്തു നിറയെ
കാലമോരൊന്നും ഒഴുകി നീങ്ങി പതിയെ.
ഓലമാറ്റി കറുത്ത റബ്ബർ ഷീറ്റ് മേഞ്ഞു
തകരയും ആസ്ബറ്റോസും മേഞ്ഞു.
കാലമങ്ങനെ വീടിനെ
നാലു കോണ്ക്രീറ്റ് ചുവരിനുള്ളിൽ
ഭദ്രമായി പൊതിഞ്ഞു.
എങ്കിലും,
മഴക്കാലമാവുമ്പോൾ
ഞാനാ പഴയ കാലമോർക്കും.
അച്ഛനുമമ്മേം ഞങ്ങളും ചേർന്നിരുന്ന്
മഴ കഴിച്ച കാലം.
ഇന്നീ സദനത്തിൽ,
ഓരോരുത്തർക്കും ഓർക്കാൻ
ഓരോ വീടുണ്ടാവും
പഴമയുടെ പേമാരി പെയ്യുന്ന
മഴക്കാല ഓർമ്മകളുണ്ടാവും.