ലക്ഷ്മി പി
ഭാഷയിൽ അപൂർവ്വമായി സംഭവിക്കുന്ന വിസ്മയങ്ങളുണ്ട്. അത്തരമൊരു വിസ്മയമാണ് മാധവിക്കുട്ടി എന്ന കമലാ സുരയ്യ .കൊച്ചു കൊച്ചു വാക്കുകൾ കൊണ്ട്, അനന്യമായ രൂപകങ്ങൾ കൊണ്ട്, അന്യാദൃശമായ ഭാവനാ ലോകം കൊണ്ട് ഭാഷയെ അവർ പുതുക്കിപ്പണിതു. ആ വികാര പ്രപഞ്ചത്തിന്റെ ജീവവായു സ്നേഹമായിരുന്നു. മലയാളി ഇന്നോളം അനുഭവിച്ചിട്ടില്ലാത്ത, അനുഭവിക്കാനോ ആവിഷ്കരിക്കാനോ തുനിയാത്ത, വന്യവും തീക്ഷ്ണവും തരളവുമായ ഗതിക്രമങ്ങളായിരുന്നു ആ സ്നേഹം. പഴയ ബോധത്തിന്റെ സദാചാരത്തെ പറത്തിയ ഒരു കൊടുങ്കാറ്റ് ആയിരുന്നു ആ സ്നേഹം. അർത്ഥഭരിതമായ ജീവിതവും ഭാഷയുമായി മലയാളിയുടെ വായനാലോകത്ത് മാധവിക്കുട്ടി നിറഞ്ഞുനിന്നു.
മാധവിക്കുട്ടിഎന്നുംസത്യാന്വേഷകയായിരുന്നു. സ്ത്രീ പുരുഷ സ്നേഹം ഹൃദയ രഹസ്യങ്ങൾ കണ്ടെത്താനുള്ള അനന്ത സാധ്യതകൾ നിറഞ്ഞ ഒരു പ്രതിഭാസമാണെന്ന് അവർ തിരിച്ചറിഞ്ഞു. അതിന്റെ അടങ്ങാത്ത പ്രേരണയാൽ അവർ സ്നേഹത്തിനെയും, സ്നേഹഭംഗത്തിനെയും, സ്നേഹരാഹിത്യത്തിനെയും, ചേർത്തും പിരിച്ചും രചിച്ചവയാണ് അവരുടെ ചെറുകുകളും നോവലുകളും ഭൂരിഭാഗവും കിളിവാതിലിലൂടെ പറന്നു വന്ന് ചുറ്റിത്തിരിയുന്ന പങ്കയിൽ ചെന്നിടിച്ചു തെറിച്ചുവീണ കുരുവി കുഞ്ഞിന്റെ രക്തമൊഴുക്കു പോലെയാണ് തന്റെ എഴുത്തിലെ ജീവരക്തം എന്ന് അവർ പറഞ്ഞിട്ടുണ്ട്.
സ്നേഹം മനസ്സിലെ ഏറ്റവും അനർഘമായ രത്നവും ആത്മാവിന്റെ സൗന്ദര്യവും മരുഭൂമികളിലെ പൂങ്കാവനവുമാണെന്ന് നമ്മോട് പറഞ്ഞത് ആശാനാണ്. എന്നാലത് സ്വന്തം ഹൃദയരക്തത്തിലൂടെ അറിഞ്ഞ എഴുത്തുകാരിയാണ് മാധവിക്കുട്ടി. സ്നേഹ പര്യവേഷണത്തിലൂടെ അവർ അതിർത്തി വിട്ട് ആത്മദർശനത്തിന്റെ മേഖലയിലും എത്തിച്ചേരുന്നു. തനിക്ക് (ഭാന്താണെന്ന് പറഞ്ഞ് ബന്ധുക്കളേയും അയൽപക്കക്കാരെയും വിശ്വസിപ്പിച്ച് ജീവിതാസ്വാസ്ഥതയിലും രോഗിണിയാക്കിയ ഒരു ഭർത്താവിനെ അവൾ വിട്ടുപോവാൻ ഇഷ്ടപ്പെടുന്നില്ല. കാരണം അവിശ്വസനീയമാണ്. ” രാത്രി ഇടയ്ക്കു ഞാൻ വിളക്ക് കാണിച്ചു നോക്കിയപ്പോൾ അദ്ദേഹം ചെരിഞ്ഞ് കിടന്നുറങ്ങുന്നത് കണ്ടു. ആ കിടപ്പ് കണ്ടാൽ എല്ലാ വ്യസനങ്ങളും മറക്കും. ഇല്ല, ഒരിക്കലും ഞാനദ്ദേഹത്തെ വിട്ട് പോവില്ല.”
സ്നേഹം ജീവിതത്തിലെ ഒരു കടുത്ത ദാഹമാണെന്ന് മാധവിക്കുട്ടി കാണിച്ചുതരുന്നു.’സ്നേഹിക്കപ്പെട്ട സ്ത്രീ’ എന്ന കഥയിൽ തന്നെ വഞ്ചിച്ച്, മേൽവിലാസം കൂടി തെറ്റിദ്ധരിപ്പിച്ച് കടന്നുകളഞ്ഞ ഭർത്താവിനെ ഒരു സ്ത്രീ ഒരിക്കലും വെറുക്കാനാവാതെ ഓർത്തിരിക്കുന്നുണ്ട്. ചതിക്കപ്പെട്ടു എന്ന് ബുദ്ധി പറഞ്ഞേക്കാം. ഒരിക്കൽ സ്നേഹിക്കപ്പെട്ടു എന്ന ഹൃദയത്തിന്റെ സത്യം ആണ് അവളെ അയാളെ വെറുക്കാനശക്തയാക്കുന്നത്. അത് സ്നേഹമല്ലെന്ന് അവൾ തിരിച്ചറിഞ്ഞില്ല.
‘ നീലാംബരി’ ഒരു രാഗമാണ്. ഡോ.സുഭദ്രാദേവിക്ക് അത് അനുരാഗവുമാണ്. കുട്ടിയായിരിക്കേ, മധുരയിൽ വെച്ച് ശാത്രികളിൽ നിന്ന് സംഗീതം പഠിച്ചപ്പോൾ തനിക്ക് പഠിക്കാനാവാതിരുന്ന നീലാംബരി രാഗത്തിനു വേണ്ടിയാണോ, അതോ പത്തു മുപ്പത്തേഴു വർഷത്തിനു ശേഷം വിധവയായിരിക്കെ ഒരിക്കൽ നഷ്ടപ്പെട്ട അനുരാഗം വീണ്ടെടുക്കാൻ വേണ്ടിയാണോ ചെന്നൈയിൽ നിന്ന് അവർ മധുരയിലേയ്ക്ക് ഒറ്റയ്ക്ക് കാറിൽ പോയത്? (നഷ്ടപ്പെട്ട നീലാംബരി ).
മാധവിക്കുട്ടിയുടെ രചനാ ലോകത്തെക്കുറിച്ച് പറയുമ്പോൾ അവർ രണ്ടു ലോകങ്ങളുടെ കഥാകാരിയാണ്. ഒന്ന് മറ്റേതിന്റെ സൂക്ഷ്മമായ വികാസമാണ്. മാധവിക്കുട്ടിയുടെ തന്നെ വാക്കുകളിൽ – “ഒരു കാല് ജീവിച്ചിരിക്കുന്നവരുടെ ലോകത്തും മറ്റേ കാല് മരിച്ചവരുടെ ലോകത്തും ചവിട്ടുക. ഇതാണ് ഒരു മനുഷ്യജീവിക്ക് സ്വീകരിക്കാൻ കഴിയുന്ന ഏറ്റവും പൂർണ്ണമായ നില അപ്പോൾ ആ വ്യക്തിക്ക് സമനില കിട്ടുന്നു. അപ്പോൾ ഉൾക്കാഴ്ച കൂടുതൽ അഗാധമാവുന്നു. മറ്റൊരു മാർഗ്ഗമുണ്ടായിരുന്നെങ്കിൽ, നിഴലുണ്ടുടേതായ മറ്റൊരവ്യക്ത ലോകമോ, ഒരു ചന്ദ്രലോകമോ; അങ്ങനെ ഏതെങ്കിലുമൊരു സ്ഥലം എനിക്കുണ്ടായിരുന്നെങ്കിൽ ഞാനിപ്പോൾ അങ്ങോട്ട് പോവുമായിരുന്നു. ഈ രണ്ടു ലോകങ്ങളും നശിക്കട്ടെ.
‘രുഗ്മിണിക്കൊരു പാവക്കുട്ടി’യിലെ സീത പറയുന്നു.-
“നിന്റെ അച്ഛനെവിടെ സീത?” – രുഗ്മിണി ചോദിച്ചു.
അവൾ ചുമലുകുലുക്കി.” അച്ഛൻ മരിച്ചു.എല്ലാവരും മരിച്ചു.നാലു കൊല്ലം മുമ്പ് കോളറ എല്ലാവരേം കൊണ്ടുപോയി. എന്റെ വീട്ടിൽ അഞ്ചു മരണങ്ങൾ ഉണ്ടായി.- എന്റെ അച്ഛൻ, എന്റെ അമ്മ, എന്റെ മൂന്നു ജ്യേഷ്ഠന്മാർ… “
“വെളുത്ത ചുമരുകളുള്ള ആ വീടിനെന്തു പറ്റി? ” രുഗ്മിണി ചോദിച്ചു.
” അതും ചത്തുപോയിക്കാണും. ” സീതയും രുഗ്മിണിയും ചിരിച്ചു.
“എല്ലാം ചാകും, രുഗ്മിണീ .ഈ ആകാശം പോലും. ” – സീത പറഞ്ഞു. ആകാശത്തിലെ പ്രഭാപൂരം രുഗ്മിണി നോക്കിക്കൊണ്ടു നിന്നു.അതവളുടെ കണ്ണുകളെ മഞ്ഞളിപ്പിച്ചു. “
ആകാശത്തിലേക്ക് നോക്കുന്ന വിഹ്വലമായ കണ്ണുകൾ, സൂര്യനിലെ പുരുഷനെ നോക്കുന്ന പെൺകണ്ണുകൾ മാധവിക്കുട്ടിയുടെ കഥകളിൽ ഇങ്ങനെ പലയിടത്തും കാണാനാവുന്നുണ്ട്. ‘സൂര്യൻ’ എന്ന കഥ തന്നെ പ്രഥമ ഉദാഹരണം.
മുതിർന്നവരുടെ ലോകത്ത് അന്വരായി, അതിന്റെ കാപട്യങ്ങൾക്കു മുമ്പിൽ അമ്പരപ്പോടെയും വിങ്ങുന്ന വിഷാദത്തോടെയും നിൽക്കുന്ന കുട്ടികളെ മാധവിക്കുട്ടി തന്റെ കഥകളിലൂടെ നമുക്ക് കാണിച്ചുതരുന്നു. ഒരു നോവലെറ്റിന്റെ വലുപ്പമുള്ള നീണ്ട കായാണ് ‘ രുഗ്മിണിക്കൊരു പാവക്കുട്ടി.’ രണ്ടാനച്ഛൻ പീഡിപ്പിച്ച പത്തുവയസ്സുകാരി മകളെ ഒരമ്മ വേശ്യാലയത്തിൽ ഏൽപ്പിക്കുന്നിടത്തു നിന്നാണ് കഥ തുടങ്ങുന്നത്. അവിടെ അവൾക്ക് സീത എന്ന കുട്ടിയെ കൂട്ടുകാരിയായി കിട്ടുന്നു. സീതയുടെ കുടുംബം കോളറയിൽ നശിച്ചു. ചാരനിറമുള്ള ആകാശം നോക്കി അവൾ തന്റെ വീടിന്റെ ചുമരുകളെ ഓർക്കുന്നു. ആകാശവും മരിക്കുമെന്ന വാക്കിൽ അവളുടെ അനാഥത്വമുണ്ട്. അവളുടെ മരണത്തിന്റെ ദീർഘദർശനമുണ്ട്. വയസ്സറിയിക്കും മുമ്പ് ഗർഭിണിയായി രക്തമൊഴുകി മരിക്കുന്ന ആ പെൺകുട്ടിയെ നോക്കി, “കണ്ണേ മടങ്ങുക ” എന്ന് നിസ്സഹായതയുടെ താരസ്ഥായിയിൽ വിലപിക്കാമെന്നല്ലാതെ എന്തുണ്ട് !
മുതിർന്നവരുടെ കാപട്യങ്ങളുടെയും കാമത്തിന്റെയും വൈകൃതങ്ങളുടെയും ലോകത്ത് നിഷ്കളങ്കരായ രണ്ടു പെൺകുട്ടികൾ ജീവിക്കാൻ നടത്തുന്ന തീവ്രശ്രമങ്ങളുടെ കാഴ്ച ഈ കഥയിലുണ്ട്. മുത്തച്ഛനാവാൻ പ്രായമുള്ള കാമഭ്രാന്തരായ കിഴവന്മാരുടെ ഉരുക്കുമുഷ്ടിയിൽ പെട്ട് വേദനിക്കുമ്പോഴും ആ പെൺകുട്ടി തനിക്ക് അയാൾ തരുമെന്നു വാക്കു തന്ന, വയറ്റിലമർത്തിയാൽ “മമ്മീ ” എന്നു കരയുന്ന പാവക്കുട്ടിയെയാണ് ഓർക്കുന്നത്. സീതയെ ഒരാൾ കൊണ്ടുപോവുമ്പോൾ ആ പെൺകുട്ടി തന്റെ കൂട്ടുകാരിയുമൊത്ത് വട്ടു കളിക്കുകയായിരുന്നു. കളം മായ്ക്കരുതെന്നും വന്നിട്ട് നമുക്ക് കളി തുടരണമെന്നും പറഞ്ഞു പോവുന്ന ആ പെൺകുട്ടി വായനക്കാരന്റെ മനസ്സിൽ വലിയ വേദനയാണ് ഉണ്ടാക്കുക.
“സ്ത്രീയെ ഒരു ഭാരമായി, ഒരു ബാദ്ധ്യതയായി ഗണിച്ചു പോരുന്ന ഒരു സമൂഹത്തിൽ പെൺകുട്ടികളായി പിറന്ന തെറ്റിനായിരിക്കാം ഈ വിധം തങ്ങൾ ശിക്ഷിക്കപ്പെടുന്നതെന്ന് അവർ വിചാരിച്ചു. അത്രയ്ക്കവർ നിർദ്ദോഷികളായിരുന്നു. അപ്പൂപ്പനാകാൻ തക്ക പ്രായമുള്ള പരുക്കന്മാരായ ആളുകൾ അവരുടെ ഇളം ശരീരത്തിൽ ആഹ്ലാദം കണ്ടെത്തിക്കൊണ്ടിരിക്കുമ്പോഴും അവരുടെ മനസ്സുകൾ അകലെയായിരുന്നു. പൂമുഖത്തെ ചതുരക്കളത്തിൽ വലിയ വട്ട് കാൽ കൊണ്ട് തെന്നിച്ചു തെന്നിച്ച് ചാടുന്നതിലായിരുന്നു അവരുടെ മനസ്സ്. “
തന്നെ ഉപദ്രവിച്ച ഒരാളില്ല തന്റെ ‘പപ്പാ’യെ രുഗ്മിണിക്ക് കാണാനാവുന്നു. പപ്പ എന്ന അവളുടെ വിളിയിൽ അയാളിലൊരു മുത്തച്ഛനുണ്ടെന്ന് അയാൾ തിരിച്ചറിയുന്നു. രുഗ്മിണിക്കൊരു പാവക്കുട്ടിയുമായി വരുന്ന അയാളിൽ മനുഷ്യത്വത്തിന്റെ ഇനിയും വറ്റിയിട്ടില്ലാത്തൊരു ബിന്ദു നമ്മൾ കാണുന്നു.
ജാനുവമ്മ പറഞ്ഞ കഥകൾ, ഗോസായി പറഞ്ഞ കഥകൾ തുടങ്ങിയ കഥകളിലെല്ലാം കുട്ടികളുടെ ലോകവും മുതിർന്നവരുടെ ലോകവും പൊരുത്തപ്പെട്ടാതെ നിൽക്കുന്ന അനുഭവം വായനക്കാരനിൽ ഉളവാക്കുന്നത് അസ്വാസ്ഥ്യമാണ്. കഥ വായിച്ചു തീർത്ത് നിങ്ങളൊന്ന് ശ്വസിച്ചു നോക്കൂ.കാരമുള്ള് നെഞ്ചിൽ തറഞ്ഞതുപോലെ നിങ്ങൾക്ക് വേദനിക്കുന്നില്ലേ?