താരാനാഥ് ആർ
സ്ഥിരമായ് പോകും “മായാ ” ബസ്സിലെ
വിൻഡോ സീറ്റിൽ
ആരോ ചുരണ്ടി പെയ്ൻ്റ് കളഞ്ഞ
പേരിൽ നിന്നും
ഒരുനാൾ എന്നെത്തേടി വന്നൊരു പ്രേതാത്മാവ്
നിറമോ മണമോ ഇല്ല
രൂപവും ഭാവവും ഇല്ല
അവളെന്നതിനെ ഞാൻ പേരിട്ടു വിളിക്കുന്നു
പണ്ടൊരു കാലത്തിതേ സീറ്റിലെ യാത്രക്കാരി
അവളും ഞാനും കണ്ട ദീർഘമാം വഴിക്കാഴ്ച്ച
അവളും ഞാനും കേട്ടതൊരു കേസറ്റിൻ നാദം
അത്രമേൽ സാമ്യം തോന്നി
ഒട്ടു സൗഹാർദ്ദം തോന്നി
ഇത്തിരിയടുപ്പത്തിൻ പുഞ്ചിരിയെന്നിൽ മിന്നി
അവളോ പനങ്കുല വിടരും കൂന്തൽ മാടി ,
തെന്നലിൽ പാറും ഗന്ധം
എൻ മുഖം പൊതിയുന്നു ,
മിണ്ടാനും മണക്കാനും വയ്യാതെ
വഴിവക്കിൽ
നിന്നൊരു സർബത്തിലെൻ
പരവേശം ലയിപ്പിച്ചു
പലനാൾ പതിവായി, യാത്രികർ ചോദ്യങ്ങളാൽ വരവായ്, ഞാനോ
കണ്ണിൽ കഞ്ചാവരച്ചു മഷിയിട്ടു !
കയ്യുകൾ പുറത്തിട്ടു ലാസ്യ ഭാവത്തിൽ
മുദ്രാസഞ്ചിതം , പുറത്തെത്ര കാഴ്ചക്കാർ , നൃത്ത പ്രിയർ
കാലുകൾ പതിവിലും ചടുലം
പല രാഗം ചുണ്ടിലും ചെവിയിലും
അലസം നടമാടി
നാൾക്കുനാൾ ബസ്സിൽ ആൾക്കാർ കുറഞ്ഞൂ
മണിച്ചിത്രത്താഴൊന്നു പണിഞ്ഞത്രേ
കാലമാ ബസ്സിൻ ഡോറിൽ !
ഞാനതിനുള്ളിൽ ത്തീർത്ത തടങ്കൽ മുറിയിലെ
ഏകനായ് വിധി കാത്തു കിടക്കും കൊലയാളി
അവളോ പേരിൽ നിന്നും മോചനം നേടിപ്പറന്നകലും കടവാതിൽ,
ക്രൂരയാം നിശാചരി
നീയൊരു പ്രേതാത്മാവ് !
തെല്ലഹങ്കരിച്ചിടാം , ഞാനോ കെട്ടിറങ്ങിയാൽ പിന്നെ അഞ്ചു കാശിനു കൊള്ളാം !
ഇരുളും വെളിച്ചവും മഴയും കൊടുങ്കാറ്റും പലതും മാറിക്കൊണ്ടു ..
ബസ്സചഞ്ചലമായ് നിന്നു .
നിന്നിലെ പ്രേമാത്മാവും എന്നിലെ പ്രേതാത്മാവും
പൂരകക്രിയയെന്നൊരാഭിചാരത്തെ ചെയ്തു
ആകയാൽ അമാവാസി ദിനത്തിൽ ബസ്സിൽ നിന്നും
ആരെയും കൊതിപ്പിക്കും ദിവ്യപ്രകാശം വന്നു
ക്രമേണ
കട്ടപ്പുറത്തമ്മയായ് നീ വാഴുന്നു
ഞാനത്രേ പുതുയുഗം കാക്കുന്നൊരാൾ ദൈവവും !