മുഖലോകം

മുഖലോകം

അലി കടുകശ്ശേരി

കാലത്തെഴുന്നേറ്റ്,
ഫെയ്സ് ബുക്ക് തുറന്ന്
ജപ്പാനിലെ സുഹൃത്തിനോട്
ഹായ് പറഞ്ഞു,
ജർമ്മനിയിലെ സുഹൃത്തിൻ്റെ
വിശേഷങ്ങൾ തിരക്കി,
ബ്രസീലിലെ സുഹൃത്തിൻ്റെ
പുതിയ പ്രൊഫൈൽ ഫോട്ടോക്ക് കമൻ്റിട്ടു,
കാനഡയിലെ സുഹൃത്തിനോട്
ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്ന
നോവലിനെപ്പറ്റി സംസാരിച്ചു,
പാരീസിലെ സുഹൃത്തിൻ്റെ
പട്ടിക്ക് ഇടാനുള്ള
പേര് നിർദേശിച്ചു.

ഇംഗ്ലണ്ടിലെ സുഹൃത്തിനോട്
മനുഷ്യൻ നേരിടുന്ന
ആഗോള പ്രതിസന്ധികളെപ്പറ്റി
ചർച്ച ചെയ്തുകൊണ്ടിരിക്കുമ്പോഴാണ്
അപരിചിതനായ ഒരാൾ
വീട്ടിലേക്ക് കയറിവന്നത്.

അയൽവാസിയാണെന്ന്
അയാൾ സ്വയം പരിചയപ്പെടുത്തിയെങ്കിലും
തിരക്കിലായതുകൊണ്ട്
വേഗം തിരിച്ചയച്ചു.

കഷ്ടം.
അയാൾ
ഉറുഗ്വേയിലോ,
യുഗോസ്ലോവിയായിലോ
ആയിരുന്നെങ്കിൽ
വല്ലതുമൊക്കെ
സംസാരിച്ചിരിക്കാമായിരുന്നു!