മൂകസാക്ഷികൾ

മൂകസാക്ഷികൾ

വിനീത് വിശ്വദേവ്

വെള്ളിവെളിച്ചം പകർന്ന പകലുകൾ രാവിൻ മാറിലായി ചായുമ്പോൾ
ചക്രവാള സീമയിൽ ചുവന്ന സൂര്യനെ പുൽകുന്നു ആഴിയും.
ഇന്നുകൾക്ക് എന്നും ശവമഞ്ചം തീർക്കുന്നു രാത്രിയുടെ ലാളനകൾ
നാളകൾ കാത്തിരുന്ന ഇന്നുകൾ വെറും മൂകസാക്ഷികൾ.

നിമിഷങ്ങൾ പൊഴിച്ച ദിനങ്ങൾ വരില്ലെന്നറിയുമ്പോഴും
നാളെയുടെ വിരിമാറിടം കാത്തുകുതിക്കുന്നു എന്മനം.
നാഴികകൾ ധൃതിയിൽ താണ്ടിക്കടക്കുന്നു രാപ്പകലുകൾ
ചരിത്രം പേറിയ ഇന്നലകളേ നിങ്ങൾ വിചിത്രമാക്കു എൻ നാളകളേ…

പുഞ്ചിരി തൂകിയ മുഖങ്ങൾ നിങ്ങൾക്കായി തന്നിടാം നിമിഷാർദ്രമാം സൗഹൃദങ്ങൾ
സ്വപ്‌നങ്ങൾ നേടുവാൻ യാത്രയിലാണ്ടുപോയി ഏവരും.
കാതങ്ങൾ താണ്ടിയവർ നിങ്ങൾ കാലമറിയാതെ പൊയ്പോകുമ്പോൾ
ആഗസ്മികങ്ങളാം കാഴ്ച്ചയിൽ അറിയാതെപോകുന്നു സുപരിചിതരായവർ.

ജീവിത ശാഖിയിൽ നിമിഷ വേഗങ്ങളെ ഓടിപ്പിടിക്കുന്നവർ നിങ്ങൾ
ഇന്നുകളിലെ ജീവിതം കാണാതെ നാളയുടെ മറയിലേക്കുപോകുന്നു.
പരിഭ്രാന്തനായി ഓടുന്നു നീയും ഞാനും നമ്മുടെ ലോകവും
ക്ഷണഭംഗുരമായ ജീവിതാന്ത്യത്തിൽ കയ്യൊപ്പ് ചേർക്കുന്നു സാക്ഷിയായി, മൂകസാക്ഷിയായി.