മൂന്നാമന്‍

മൂന്നാമന്‍

ബാബു ആലപ്പുഴ

തങ്കപ്പന്‍ സാറ് ഇപ്പോള്‍ നഗരത്തിലെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലെ ഐ.സി.യു.വില്‍ കിടപ്പാണ്. അവശനും അബോധനുമായി. പുറത്ത് മക്കള്‍ ആകാംഷാഭരിതരായി കാത്തിരിക്കുന്നു.

ഐ.സി.യു.വിലെ കാര്‍ഡിയോഗ്രാഫിലെ പച്ചബള്‍ബ് മേല്‍കീഴ് ഓടിക്കളിക്കുന്നു. അബോധാവസ്ഥയിലാണെങ്കിലും തങ്കപ്പന്‍ സാറിന്റെ മനസ്സ് എന്തൊക്കെയോ ചിന്തിച്ചുകൂട്ടുന്നുണ്ട്.

തൊട്ടടുത്ത്‌ രണ്ടു പേര്‍ ഇരിക്കുന്നു. ഇരുവരും സാറിന്റെ ചിരകാല സുഹൃത്തുക്കള്‍. ഒന്നാമന്‍ മജീദ്സാര്‍ ചോദിക്കുന്നു: “എങ്ങനുണ്ട് തങ്കപ്പാ സുഖം തോന്നുന്നുണ്ടോ..?” അപ്പോള്‍ തങ്കപ്പന്സാര്‍ പറയുന്നു: “എനിക്കൊരസുഖവുമില്ലെടോ? പിള്ളേര്‍ക്ക് വേറെ പണിയോന്നുമില്ലാഞ്ഞിട്ടാ എന്നെ ഇവിടെ പിടിച്ചുകിടത്തിയിരിക്കുന്നേ..?” അപ്പോള്‍ അടുത്തിരുന്ന രണ്ടാമന്‍ ജേക്കബ്സാര്‍: “എടോ തങ്കപ്പാ അസുഖമില്ലാഞ്ഞിട്ടാണോ താനിങ്ങനെ കിടക്കുന്നേ..? തന്റെ ഉള്ളിലെന്തോ അസുഖമുണ്ട്? അത് ഡോക്ടര്‍മാര് കണ്ടുപിടിച്ചു ഭേദമാക്കട്ടെടോ..? കുറച്ചുദിവസം ഇവിടെ കിടന്നു വിശ്രമിക്ക്. അപ്പോ ക്ഷീണം മാറും..” തങ്കപ്പന്സാറിന്റെ മറുപടി: “ഓ..എന്തോന്ന് ക്ഷീണം..? എനിക്കൊരു ക്ഷീണവുമില്ലെന്നേ.. ഒന്നെണീറ്റു നടക്കാന്‍ സാധിക്കുമാരുന്നെങ്കീ ഞാന്‍ നിങ്ങളോടൊപ്പം വരുമാരുന്നു..? അല്ല പിന്നേ..?”

ഇതെല്ലാം കേട്ട് അവരറിയാതെ ഒരു “മൂന്നാമന്‍” അവരോടൊപ്പം അവിടെ ഇരിപ്പുണ്ടായിരുന്നു.

വര്‍ണചിറകുകളണിഞ്ഞ ഓര്‍മ്മകള്‍ അവിടവിടെ പാറിനടക്കുന്നുണ്ടായിരുന്നു…..

ഒന്നാം ക്ലാസ്സിലെ അവസാന ബഞ്ച്‌. അവിടെ മൂന്നു പേര്‍ ഇരിന്ന് കുശലം പറയുന്നു. ആര്‍ത്തു ചിരിക്കുന്നു.

ക്ലാസ്സ്ടീച്ചര്‍ കേശവന്കുട്ടി സാര്‍ സംഭവം കണ്ട് കണ്ണ് മിഴിച്ചു.

“തങ്കപ്പനും മജീദും ജേക്കബ്ബും എണീറ്റ്‌ നില്‍ക്ക്.” സാറിന്റെ ആജ്ഞയാണ്.

അവര്‍ മൂവരും എണീറ്റ്‌ നിന്നു.

“ബഞ്ചില്‍ കയറി നില്‍ക്ക്..”

അവര്‍ ബെഞ്ചില്‍ കയറി നിന്നു. അതുകണ്ട് മറ്റു കുട്ടികള്‍ ചിരിക്കുന്നു. സാറ് ചൂരല് നീട്ടി. ചിരി നിന്നു.

മൂന്നുപേരും കണ്ണില്‍ കണ്ണില്‍ നോക്കി. ഊറി ചിരിച്ചു. അവര്‍ ഉച്ചവരെ ആ നില്‍പ്പ് നിന്നു.

അങ്ങനെ അവര്‍ മൂന്നും പത്താംതരം പാസ്സായി. പിന്നെ ടി.ടി.സി.ക്ക് ചേര്‍ന്നു. അതും ഒരേ ബഞ്ചില്‍! അവസാനത്തെ ബഞ്ച്‌!! ടി.ടി.സി. പാസ്സായി. മൂന്നു പേര്‍ക്കും ജോലികിട്ടി അധ്യാപകരായിട്ട്. നീണ്ട വര്‍ഷങ്ങള്‍ ഒന്നിച്ചു പഠിച്ച അവര്‍ പിരിയുകയാണ്. മൂന്നു പേര്‍ക്കും മൂന്നു സ്ഥലത്ത് ജോലി! തങ്കപ്പന് വയനാട്ടില്‍. മജീദ്‌ മലപ്പുറത്ത്‌. ജേക്കബ്ബിനു കിട്ടിയതോ പാറശാലയിലും!

അകലങ്ങളിലാണെങ്കിലും ഇടയ്ക്കിടയ്ക്ക് അവര്‍ ഒത്തുകൂടും. വിഷുവിനും ഓണത്തിനും ക്രിസ്മസ്സിനും ബക്രീദിനും. പിന്നെ നീണ്ട രണ്ടു മാസത്തെ സ്കൂള്‍ വെക്കേഷനും.

മജീദ്സാറാണ് ആദ്യം നിക്കാഹ് കഴിച്ചത്. ഭാര്യ മുംദാസ്.

അടുത്ത വെക്കേഷനായിരുന്നു ജേക്കബ്ബിന്റെ മിന്നുകെട്ട്. കെട്ടിയോള് സൂസമ്മ.

തൊട്ടടുത്ത വെക്കേഷന്‍ കാലത്ത് തങ്കപ്പന്സാറിന്റെ കല്യാണവും നടന്നു. ഭാര്യയുടെ പേര് ജാനകി.

മജീദ്‌ സാറിനു നാല് കുട്ടികള്‍ ജനിച്ചു. ജേക്കബ്സാറിനു മൂന്ന്. തങ്കപ്പന്സാറിനു രണ്ടും.

മറ്റൊരു ബഞ്ച്‌ ഇതാ തെളിഞ്ഞുവരുന്നു. ഷാപ്പിലെ ബഞ്ച്‌! ഇടയ്ക്കിടെ മൂവരും ഒരുമിച്ച് മദ്യപിക്കാനിറങ്ങും. അകലെയുള്ള ഒരു ഷാപ്പില്‍. ആ ഷാപ്പിലെ ബഞ്ചിലിരുന്നു നീണ്ട് നീണ്ട കുശലങ്ങള്‍ പറയും. കപ്പയും കക്കായിറച്ചിയും കൊഞ്ച് വറുത്തതും കരിമീനും! അങ്ങനെ പലതും തിന്നും കുടിച്ചും വെടിപറഞ്ഞും മണിക്കൂറുകള്‍ നീളും. പിന്നെ കടപ്പുറത്തേയ്ക്കൊരു നടത്തം. അവിടെ കാറ്റ്കൊണ്ടങ്ങനെ ഇരിക്കും. പിന്നെ സ്വന്തം വീടുകളിലേക്ക്…

പിള്ളാര് വളര്‍ന്നു. ഉദ്യോഗസ്ഥരായി. പലവഴിക്കായി. പിന്നെ അവരുടെ വിവാഹം.

ഇതിനിടയില്‍ വയസ്സായതൊന്നും മൂവരും അറിഞ്ഞില്ല. മൂന്നു പേരും ജോലിയില്‍നിന്നും പിരിഞ്ഞു. നാട്ടില്‍ ഒത്തുകൂടി.

ഇപ്പോഴും പഴയ ആ ഷാപ്പുണ്ട്. പെന്‍ഷന്‍ കിട്ടുന്ന ദിവസം അവര്‍ ആ ഷാപ്പില്‍ ഒത്തുകൂടും. പഴയ കപ്പയും കക്കയിറച്ചിയും കൊഞ്ചും കരിമീനും എല്ലാം ഇപ്പോഴുമുണ്ട്!! വെടിപരഞ്ഞും ചിരിച്ചും കളിച്ചും കുടിച്ചും കഴിഞ്ഞ് പുറത്തിറങ്ങും. നേരേ കടപ്പുറത്തേയ്ക്ക്. കടലമ്മയുമായി കുശലം പറഞ്ഞ് തിരിച്ചു വീടുകളിലേയ്ക്ക്…

ഒരു ദിവസം ആഘോഷം കഴിഞ്ഞ് രാത്രി മൂവരും കൂടി മടങ്ങുമ്പോള്‍ മജീദുസാര്‍ പെട്ടെന്ന് കുഴഞ്ഞു വീണു. ഉടന്‍ മയ്യത്തായി!!

തങ്കപ്പന്സാറും ജേക്കബ്സാറും ബാക്കിയായി.

വര്‍ഷങ്ങള്‍ പിന്നേയും പറന്നുപോയി.

ഒരു പെന്‍ഷന്‍ ദിനത്തിന് വൈകുന്നേരം ഷാപ്പിലെ സേവ കഴിഞ്ഞ് ഇരുവരും കടപ്പുറത്ത് കഥകളും ദുഖങ്ങളും പറഞ്ഞ് ഇരിക്കുകയാണ്. പെട്ടെന്ന് ജേക്കബ്സാര്‍ നെഞ്ച് തടകികൊണ്ട് കുഴഞ്ഞു വീണു. വണ്ടിപിടിച്ച് ആശുപത്രിയിലേക്ക് പോകുകയായിരുന്നു. പക്ഷെ..പാതിവഴിയില്‍ വച്ച്…!!

അങ്ങനെ തങ്കപ്പന്സാര്‍ മാത്രം ബാക്കിയായി..ഒറ്റയ്ക്കായി…

രണ്ടു സുഹൃത്തുക്കളും യാത്രപറഞ്ഞതില്പിന്നെ തങ്കപ്പന്സാറിനു എപ്പോഴും ചിന്തയാണ്. തനിച്ചിരുന്നു മണിക്കൂറുകളോളം ചിന്തിക്കും. ഭാര്യ ജാനകി എപ്പോഴും വഴക്ക് പറയും.

“എന്തിനാ നിങ്ങളിങ്ങനെ ഒറ്റയ്ക്കിരുന്നു ചിന്തിക്കുന്നേ..? വീട്ടിലിങ്ങനെ ചടഞ്ഞുകൂടി ഇരിക്കാതെ പുറത്തേയ്ക്കൊക്കെ ഒന്നിറങ്ങ്. അപ്പോ മനപ്രയാസം മാറും..”

“ജാനകീ. നിനക്കങ്ങനോക്കെ പറയാം. പക്ഷെ. ഒറ്റപ്പെടലിന്റെ വേദന നിനക്കറിയില്ല. ചെറുപ്പം മുതല്‍ ഒന്നിച്ചു കഴിഞ്ഞതാ ഞങ്ങള്‍ മൂന്ന് പേരും…? ഇപ്പോ ഞാന്‍ തനിച്ചായി..ഇനി ഞാനെപ്പോഴാ പോണേ..?”

“എന്താ തങ്കപ്പന്‍ ചേട്ടാ ഇങ്ങനൊക്കെ ചിന്തിക്കുന്നേ..? എപ്പോഴും മരണത്തെപ്പറ്റി ചിന്തിക്കാതെ. ചേട്ടന് ഇനി ഞങ്ങളൊക്കെയില്ലേ..? ഞാനും രണ്ടു മക്കളും? പിന്നെ പേരക്കുട്ടികള്‍ നാല് പേരും..? അവരുടെ കളീം ചിരീം കണ്ടും കേട്ടും സന്തോഷത്തോടെ കഴിയരുതോ..?”

“നീ പറയുന്നതൊക്കെ ശരിയാ. പക്ഷേ..?”

“എന്തോന്ന് പക്ഷേ..? വാ കൈ കഴുക്. കാപ്പി കുടിക്കാം..”

മനസില്ലാമനസ്സോടെ തങ്കപ്പന്സാര്‍ കാപ്പി കുടിക്കാനിരുന്നു.

ഒരു ദിവസം പെന്‍ഷന്‍ വാങ്ങാന്‍ ബാങ്കില്‍ നില്‍ക്കുകയാണ് തങ്കപ്പന്സാര്‍. പെട്ടെന്നൊരു തളര്‍ച്ച! കുഴഞ്ഞു വീണു!!….

“എന്താ തങ്കപ്പാ… കുറേ നേരായല്ലോ ചിന്തിച്ചു ചിന്തിച്ച് കിടക്കാന്‍ തുടങ്ങീട്ട്..? നമുക്ക് പോകണ്ടേ..?”

“മൂന്നാമന്റെ” ലോലമായ ആ സ്വരം കേട്ട് തങ്കപ്പന്സാര്‍ കണ്ണുകള്‍ മെല്ലെ തുറന്നു. മുന്നില്‍ ഒരവ്യക്തരൂപം!?

എങ്കിലും പറഞ്ഞു: “..പോകാം..ഞാന്‍.. തയ്യാറാ…”

“എങ്കീ.. പോകാം..”

അങ്ങനെ അവസാനം ആ മൂന്നു പേരില്‍ “മൂന്നാമനും” യാത്രയായി.